മഞ്ഞിൻ തട്ടമിടുന്ന പച്ചപ്പിൻ താഴ്വരകളുടെ ഈണമല്ലേ നാം കേട്ടിട്ടുള്ളു, ഉന്നതികളിൽ നിന്നും സമൃദ്ധിയിലേക്കൊഴുകുന്ന നീർച്ചാലുകളുടെ ആലിംഗനം, കണ്ണഞ്ചിപ്പിക്കുന്ന മലനിരകളുടെ സംഗീതവും; അത് ശ്രുതിമധുരമാണ്. ഇളംകാറ്റിന്റെ താളത്തിൽ മതിമറന്നാടിക്കളിക്കുന്ന കുഞ്ഞരിപ്പുവുകളുടെ കുണുങ്ങിച്ചിരികൾ മാത്രം കാല്പനീക കവികൾ തേടി നടക്കുന്നു. വേദനകളുടെ യഥാര്‍ത്ഥ്യങ്ങൾ വീർപ്പുമുട്ടുന്ന ഇരുൾ മുറികളിലേയ്ക്കുള്ള ഇടനാഴികള്‍ മറയ്ക്കാൻ അവരിട്ട - കണ്ണഞ്ചിപ്പിക്കുന്ന ചിത്രയവനിക മെല്ലെയൊന്നു വകഞ്ഞുനോക്കൂ, അവിടെ കാണാം: പുൽകൊടികൾ തളിരിടാൻ മടിക്കുന്ന വൈധവ്യത്തിന്റെ ശാപം പേറുന്ന ലഘുഗിരികളുടെ ജീവിത വിലാപം, കഠിന താപത്തിൽ ഉരുകിയമരുന്ന പാറകെട്ടുകളുടെ പതിഞ്ഞ ഉഷ്ണഗാനം, ആരും സ്നേഹിച്ചിട്ടില്ലാത്ത ശവംനാറി പൂക്കളുടെ ത്രസിപ്പിക്കുന്ന ഗന്ധം, വേരറ്റുപോയ പടുവൃക്ഷങ്ങളുടെ വിറയാർന്ന മർമ്മരം, വരണ്ട മണൽക്കാടിൽ നിന്നുള്ള വിയർപ്പിന്റെ സുഗന്ധം. ഇന്നിനെ ഇവിടംവരെ ഉരുട്ടിയെത്തിച്ച തഴമ്പിച്ച കൈകളുടെ വിറയൽ തീരുന്നില്ല.........