താലന്തുകൾ

മനശാസ്ത്രപരമായ ഒരു സമീപനത്തിലൂടെ ഞാൻ  ക്രിസ്തുവിന്റെ പഞ്ച‐ദ്വയ‐ഏക താലന്തുകളുടെ കഥാരൂപോപദേശത്തേ പഠിച്ചപ്പോൾ. ആ മൂന്നു വ്യക്തികളിൽ എനിക്ക്  കൂടുതൽ ഇഷ്ടപെട്ടത്‌ രണ്ടു താലന്തു ലഭിച്ചയാളെയാണ്. അതിനു എനിക്ക്        എന്റെതായ  വാദഗതികൾ ഉണ്ട്. യജമാൻറ പക്കൽ നിന്നും ഒന്നാർജിച്ചിട്ടതിൽ നിന്ന് സമാർജിക്കുവാൻ കഴിയാതെ പോയ ദാസനോട് ഏതോ ചില ആദർശ്ശങ്ങളുടെ പേരിൽ പ്രതിപത്തിയുള്ളവരുണ്ടെന്ന വസ്തുത മനസ്സിൽ ഇരിക്കെ തന്നെ, ഞാൻ കൂടുതൽ ഊന്നൽ കൊടുത്ത് വായിച്ചത് യജമാൻറ പക്കൽ നിന്നും രണ്ടു  താലന്തു കടപ്പെട്ട ആ ദാസന്റെ മനസ്സിലെ ചിന്തകളാണ്. കാരണം പറയാം. അതിനു മുമ്പായി പറയേണ്ടത്; സാധാരണ മനുഷ്യന്റെ കഴിവുകളെ കൃത്യമായി ഉപയോഗപെടുത്തുവാൻ കഴിയാതവണ്ണം തടസ്സമായി വരുവാൻ സാധ്യത ഉള്ള രണ്ടു കാര്യങ്ങളിൽ ഒന്ന് അപകർക്ഷതാബോധം( inferiority complex) മറ്റേതു  ഉപരിഭാവഭ്രമം( superiority complex) ആണ് . ഇത് രണ്ടും ലക്ഷ്യബോധത്തിൽ നിന്നും മനുഷ്യരെ അകറ്റുന്നു. ഇവിടെ ഒരു  താലന്തു  കിട്ടിയവന് ഉന്നതഭാവo ഉണ്ടാകേണ്ട കാര്യം ഇല്ല, കാരണം അവനാണ്  ഏറ്റവും കുറച്ചു കിട്ടിയത്, ഏതുകാരണം കൊണ്ടായിരുന്നാലും താൻ പരാജിതനാണ്, അദ്ദേഹത്തോട് യജമാനന് ഇല്ലാതായ ഇഷ്ടം എനിക്കും തൽക്കാലം വേണ്ട. എന്നാൽ അഞ്ചു താലന്തു കിട്ടിയവനെ നിയന്ത്രിക്കാൻ സാധ്യത ഉള്ളത് ഉന്നതഭാവം മാത്രമാണ് കാരണം. അവനാണ് ഇവിടെ ഏറ്റവും കൂടുതൽ കിട്ടിയത് .അവനെ അപകർക്ഷതാബോധം ഭരിക്കേണ്ട കാര്യവും ഇല്ല. അവനെ ഇഷ്ടപ്പെടുന്നതിൽ എല്ലാവരും മത്സരിക്കുന്നു. എന്നാൽ രണ്ടു കിട്ടിയവനെ ഇൗ രണ്ടു ചിന്തകളും ഭരിക്കാം, കാരണം അവനെക്കാൾ കുറവുള്ളവനെ നോക്കി, എനിക്ക് അവനേക്കാൽ കൂടുതൽ കിട്ടി എന്ന ഉന്നത ചിന്തയും, കൂടുതൽ കിട്ടിയവനെ നോക്കി അത്രയും എനിക്ക് കിട്ടിയില്ലല്ലോ എന്ന അപകർക്ഷതാബോധവും വരാം, എന്നാൽ ഈ രണ്ടു മാനസിക അവസ്ഥയ്ക്കും കീഴ്പ്പെടാതെ,  എനിക്ക് കിട്ടിയത് മതി എന്നാ സംതൃപ്തകരമായ അവസ്ഥയിൽ തന്നെത്തന്നെ നിയന്ത്രിച്ചു നിർത്തി വിജയാളിയായ ആ രണ്ടാമനെ ഞാൻ കൂടുതൽ ഇഷ്ടപെടുന്നതിൽ എന്താണപാകത. ഓരോരുത്തരും ഇതിനെ വ്യത്യസ്ത തലങ്ങളിൽ നിന്നുകൊണ്ട് വീക്ഷിക്കുന്നവരാണ്, അതാണ് "എനിക്കിഷ്ടം" എന്ന് ഞാൻ എടുത്തു പറഞ്ഞത്.