അവൻ

                        അവൾ അടുത്തപ്പോളൊക്കെ അവൻ ഒഴിഞ്ഞുമാറി നടന്ന കാലമുണ്ടായിരുന്നു. അവന്റെ ആ ശ്രമങ്ങളൊന്നും അവരെത്തമ്മിൽ അകറ്റാൻ ശക്തിയുള്ളതായിരുന്നില്ല. ഇടയിൽ വില്ലനായി നിന്ന സ്നേഹത്തിന്റെ ഘർക്ഷണം അത്രക്കുണ്ടായിരുന്നു. ബാല്യം മുതൽ അവൻ കൊണ്ടു നടന്ന സ്വപ്നങ്ങളും മോഹങ്ങളും നിറങ്ങളായി അവളിൽ ചേർത്തിണക്കി ഹൃദയത്തിന്റെ ചിത്രത്തുണിയിൽ അവനൊരു പുതിയ ചിത്രം വരയ്ക്കാനാരംഭിച്ചു, ആരും കാണാത്ത ഒരു പ്രണയവർണ്ണചിത്രം. ഇന്നവൻ അവൾ ചാലിച്ചു നല്കിയ നിറക്കൂട്ടിൽ രമിച്ചിരിക്കുകയാണ്. ഉണരുന്നതും ഉറങ്ങുന്നതും അവളുടെ കണ്ണിമ നല്കിയ ചലനങ്ങളുടെ താളലയത്തിൽ മതിമറന്ന്. കാതുകളിൽ ഇടവിടാതെ പാഞ്ഞെത്തുന്ന മൃദുമൊഴികൾ. മുമ്പൊക്കെ വലിഞ്ഞിഴഞ്ഞു നീങ്ങിയിരുന്ന സമയത്തിന്റെ കാലുകൾ ഇപ്പോൾ ദൃതഗതിയിൽ മിണ്ടാതെ ഓടിമറയുന്നു. അവനൊരാൾക്ക് മാത്രം ദിനരാത്രങ്ങൾ ഹൃസ്വമാകുന്നു. സ്വന്തമായതൊന്നും - ആരും - ഇന്നാ കണ്ണിൻ മുമ്പിലില്ല, അവൻ പൂർണ്ണമായും ഒരു സ്നേഹവാത്മീകത്തിലായി.

              അല്ല! എവിടോ ഇടക്കിടെ ചില നൂലിഴയകലം വരുന്നുണ്ടോ? അവളുടേ ആവേശത്തിനൊരേറ്റക്കുറച്ചിൽ പോലേ ഒന്ന്? ഇല്ലെന്ന് സ്വയം പറയാനവൻ പഠിച്ചു. കാത്തിരിക്കാൻ അവരൊരുമിച്ചു പടുത്തുയർത്തിയ രസപന്തലിൽ അവളേ കാണാതിരുന്നപ്പോൾ നിരാശയുടെ കരിന്തേളുകൾ വാലുയർത്താതവൻ കണ്ണിമചിമ്മാതെ കാവലിരുന്നു. ചോർന്നിരിക്കാനവരൊരുമിച്ചു നാട്ടിയ അത്താണിയിൽ തനിച്ചിരുന്നപ്പോൾ കരയാതിരിക്കാൻ അവൾ നല്കിയ രസങ്ങളേ കൂട്ടിനിരുത്തി അവൻ ചിരിച്ചു കാണിച്ചു. ആ മൗനതടാകത്തിന്റെ  മറുകരയിൽ കൂട്ടുകൂടി പൊട്ടിച്ചിരിക്കുന്നത് അവൾ ആകരുതേ എന്ന് വെറുതേയിന്നാശിക്കുന്നു. ഇടക്കിടേ പാഞ്ഞെത്തുമ്പോൾ പരാതി പറയാൻ പോലും ഇന്നവൻ ഭയക്കുന്നു. ഇല്ല, ഇനി നഷ്ടപ്പെടാൻ വയ്യ. സമ്പാദ്യം മുഴുവൻ നിക്ഷേപിച്ച് അതിൽ കാത്തിരിക്കുന്ന കച്ചവടക്കാരനേപ്പോലേ, സ്നേഹം മുഴുവൻ പകർന്നു നല്കി ആയുസ്സു മുഴുവനും അത് തിരികേ ലഭിക്കാൻ അവനാശിച്ചു. കാലം നടന്നകന്നു പോകുമ്പോൾ കൂടേ അവൾ കുടി പോകാതിരിക്കാൻ അവനാവോളം ശ്രമിക്കുന്നു.


             സ്നേഹമാണ് ഏറ്റവും ശക്തമായ വികാരം. അതിന്റെ ശക്തി അവർക്കിരുവർക്കുമറിയാം,  കാത്തിരിപ്പിന്റെ വേദനയേപ്പറ്റി അവനെ പറഞ്ഞു പഠിപ്പിച്ചതും അവളാണ്. എന്നിട്ടും എന്താണെന്നറിയില്ല അവനെ കാത്തിരിക്കാൻ വിട്ടിട്ട് അവൾ പൂമ്പാറ്റയേപ്പോലേ പാറിപ്പറന്നു നടക്കുന്നു. പണ്ടകലാൻ ശ്രമിച്ചതിനുള്ള പ്രതികാരമോ അതോ അവനോടുള്ള വിരക്തിയോ? ഏതായാലും നനവണിയുന്ന ആ രണ്ടു കണ്ണുകൾ സ്നേഹത്തിന് തെളിവായി ദൂരെയെന്നുമുണ്ടാകും.