അറിഞ്ഞിരുന്നില്ല

പല നാളുകൾക്ക് ശേഷം തിരിച്ചുവന്ന അവനാണു ആദ്യം പറഞ്ഞു തുടങ്ങിയത്:  "ഇനിയിപ്പോൾ തുറന്ന് പറയാം, കാരണം ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു, തുടക്കം മുതലേ ഈയൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചതായിരുന്നു. വേണമെന്ന് അവിടുന്ന് ഓരോ തവണ പറയുമ്പോളും വേണ്ടാ എന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇടക്ക് ഓടി മറഞ്ഞത്, പിന്നീട് തേടിപ്പിടിച്ച് വന്നപ്പോൾ ആ സംശയം അസ്ഥാനത്താണെന്ന് തോന്നിപ്പിച്ചു. പിന്നീടങ്ങോട്ട് ആവേശമായിരുന്നു. അസാധ്യതകൾ മറന്ന് അതിർത്തികൾ ചാടിക്കടന്നു. പക്ഷേ ,അപ്പുറത്ത് ഇതായിരുന്നില്ല സ്ഥിതി, വെറുതേ ഒരു ബന്ധം, ആർക്കോ വേണ്ടി, അല്ല എന്തിനോ വേണ്ടി ഒരു സൗഹൃദം, പലരും വന്നു പോകുന്ന വഴിയിലെ ഒരു വലഞ്ഞ വഴിപോക്കൻ. ജീവിതം തിരിച്ചു പിടിക്കാൻ ഓടി നടക്കുന്നവനെ അല്ലെങ്കിൽ തന്നെ ആരാ സ്നേഹിക്കുന്നത്? ജീവിതവെയിലിൽ വാടിത്തളർന്നവനെ അവഹേളിച്ചെന്ന് പറഞ്ഞാൽ അതിൽ എന്താലേ ഒരു പുതുമ?  ആശിച്ച് അടുത്തു ചെന്നപ്പോൾ ആവോളം അപമാനിച്ചു, പിന്നെ നന്നായിത്തന്നെ അഭിപ്രായവും പറഞ്ഞു, കണ്ടപ്പോൾ "സെയിം കൈന്റ്" അല്ലാ പോലും!!! ശീലമില്ലാഞ്ഞിട്ടും ഒരു "പെഗ്ഗ് വോട്ക" ചോദിച്ചു വാങ്ങിക്കഴിച്ചത് എന്തിനാണെന്ന് ഒരിക്കലെങ്കിലും ചോദിക്കുമെന്ന് പല തവണ ആഗ്രഹിച്ചു. എന്നാൽ പറയാം: അളിഞ്ഞ് ചെന്ന് കേറിയതിന്റെ ചളിപ്പ് മാറ്റാനായിരുന്നു, പക്ഷേ അവഗണനയുടെ ലഹരി അതിലും മികച്ചു നിന്നു. പിന്നെ എല്ലാം യാന്ത്രികത തന്നെ ആയിരുന്നു......കണ്ടില്ലെന്ന് നടിച്ചു, അവസാനം അവിടെ നിന്നും പൂർണവിരാമം ഇടുന്നത് വരെ.  അന്ന് കണ്ണിരിൽ നനഞ്ഞ് മടങ്ങിയത് മറക്കാനാവില്ലൊരിക്കലും. മുഷിഞ്ഞ ബന്ധത്തിന്റെ ചൂര് അസഹ്യമായാൽ അടിക്കാനൊരു "ബ്രൂട്ടും" തന്നാണ് വിട്ടത് എന്നത് വിസ്മരിക്കുന്നില്ല..... അല്പം വ്യത്യസ്ഥത ഉണ്ടാകുമെന്ന കരുതലു പോലും തെറ്റിച്ചിരിക്കുന്നു. പിന്നെ അങ്ങോട്ട് ഒഴിവാക്കാനുള്ള പ്രയത്നമായിരുന്നു. നാല് ചക്രം കൈയ്യിൽ വന്നാലുണ്ടാകുന്ന കൊച്ചമ്മ- സംസ്കാരത്തെ സ്റ്റാന്ഡേടായിട്ടൊന്നും കാണാനാവില്ല. ഇനി നിന്നിട്ട് കാര്യമില്ല. കാത്തിരുന്ന് നശിക്കുന്നതിലും നല്ലതാണല്ലോ സ്വയത്തിലേയ്ക്ക് മടങ്ങുന്നത്. മതിയായി"
ഇത്രയും പറഞ്ഞിട്ട് അവൻ വിതുമ്പിക്കരയാൻ തുടങ്ങി. ആ തേങ്ങലിലുണ്ട് എല്ലാം. എവിടോ കൈവിട്ടുപോയ ആത്മവിശ്വാസത്തിന്റെ അലകൾ തീരത്തേക്കടുത്തു, മണലിലെഴുതിയ ആ ബന്ധത്തിന്റെ നേർത്ത ശേഷിപ്പുകളേ വാരിപുണർന്ന് തിരികേ പോകുന്നു, അവന്റെ മനസ്സ് ഇങ്ങനെ പറയുന്നുവെന്ന് തോന്നിപ്പിച്ചു, മറുകരയിൽ മറ്റൊരു കുടിൽ കെട്ടാൻ കാറ്റിന്റെ മറപറ്റി മനസും പോകയാണ്. തിരികെ വരാത്തതിനെ മറന്ന് ഉള്ളതിനെ കൊത്തിയൊതുക്കി. "ജനറൽ റ്റു പർട്ടിക്കുലർ" അതാണ് ഇതിലേ ഏക സകരാത്മക കണ്ടുപിടുത്തം, ആശ്വാസം. എന്നിട്ടും അവനെന്താണ് ഒരു വാക്ക് പോലും തള്ളിപ്പറയാത്തത്? എത്ര ചിന്തിച്ചിട്ടും അത് മനസ്സിലാകുന്നില്ല! കണ്ടിട്ടും കാണാതെ കേട്ടിട്ടും കേൾക്കാതെ ആ ഓർമ്മകളെ ഇങ്ങനെ ചേർത്ത് പിടിക്കുന്നത്.....വിട്ടു കളഞ്ഞൂടെ?