മഴപൊയ്തൊഴിഞ്ഞ മാനത്ത് വെള്ളിമേഘങ്ങൾ ആലസ്യത്തോടെ ചാഞ്ഞുറങ്ങുമ്പോൾ, മഴത്തുള്ളികളുടെ ആദ്യസ്പർശ്ശനത്തിൽ ഇക്കിളിപ്പെട്ടുപോയ മണ്ണിന്റെ കുളിരുനു കൂട്ടായി, ഇരുളലകളെ വകഞ്ഞുമാറ്റി ഭൂമിയുടെ നഗ്നമേനിയിൽ ആദ്യം പതിച്ച സൂര്യരശ്മികളുടെ നാണം പോലെ സുന്ദരമായിരുന്നു ആ പ്രണയം, അതിന്റെ താളം....... എന്നാൽ ഇന്നാ ഓർമ്മകൾ, വരണ്ടുകീറിയ ഹൃദയഭിത്തിയിൻ ഇറ്റിറ്റുവീഴുന്ന, നീറുന്ന അമ്ളരസത്തുള്ളി പോലേ കഠിനമായിരിക്കുന്നു. കാറ്റിൽ തട്ടിത്തകർന്ന് വേറിട്ടുപോയ കൂടിനെ തുന്നൽ പക്ഷികൾ തുന്നിക്കൂട്ടുന്ന വേഗത്തിൽ എന്റെ മുറിഞ്ഞകന്ന മനസിനെ കൂട്ടിതയ്യ്ക്കുവാൻ, ആ മുറിപ്പാടിൽ മുഖം ചേര്‍ത്തു വയ്ക്കുവാൻ, നഷ്ടവസന്തത്തിൻ പൂക്കൂടയുമായ് അവൾ വരാതിരിക്കില്ല, സ്വപ്നത്തിലെങ്കിലും.