മറവിയ്ക്കായൊരു തയ്യാറെടുപ്പ്

ഇനി വരില്ലെന്നറിയാം, പിന്നെ വെറുതെ എന്തിനാണീ തിടുക്കം?
വെറുതെയെങ്കിലും ഒന്ന് തയ്യാറെടുത്തിരിക്കാം,
ഇനി ഈ വഴി വരാൻ നിനക്കു തോന്നിയാലോ?
അന്നാ ഇരുട്ടിന്റെ ആഴങ്ങളിൽ കൂടെയിറങ്ങി വരാൻ
ഭയം ലേശം തോന്നിയില്ലെന്നോ,
അതോ ആ കൈകളിൽ മുറുകെ പിടിച്ചതിൻ ധൈര്യമെന്നോ?

ഇനി വരാതിരിക്കുക, നിന്നിലേക്ക്‌ വലിച്ചടുപ്പിക്കാതിരിക്കുക.
ബുദ്ധിക്ക് വേണ്ടെങ്കിലും അനുസരിക്കാത്ത ഒന്നുണ്ട്:
മടുപ്പു തോന്നി  നീ വലിച്ചെറിഞ്ഞ എന്റെ മനസ്സ്.
അത് വലിഞ്ഞുകേറി നിന്നിലേയ്ക്ക് വന്നെങ്കിലോ?

അല്പമെങ്കിലും ജീവന്റെ തുടിപ്പ് ബാക്കി വക്കുക.
ജീവിച്ചിരിപ്പുണ്ടെന്നറിയിക്കണം ഇടയ്ക്ക്.
ജീവനോളം സ്നേഹിച്ചവർക്കായ്....
ഇനിയുമെങ്കിലുമവർക്കുവേണ്ടിയൊരിത്തിരി നാൾ.

നിന്റെ കണ്ണ് നിറക്കാൻ ശക്തിയുള്ളതൊന്നും
ഈ അക്ഷരങ്ങളിലുണ്ടാകരുതേയെന്നൊരു പ്രാർത്ഥന ഉയരുന്നുണ്ട്
മന്ത്രമായെന്നുള്ളിൽ.

കഴിയുമെങ്കിൽ ഇനിയുമിങ്ങനെ വലിച്ചിഴക്കാതിരിക്കുക.
ഉരഞ്ഞുപൊട്ടി വൃണമായിടുവാൻ
മറവിയനുഗ്രഹിച്ചൊരുപാടോർമകൾ
നീറുമിടനെഞ്ചു തേങ്ങുന്നു നിന്നിലേയ്ക്കായ്.