ഏത് ശില്പിയുടെ ആയുധമാണന്നറിയില്ല ചിത്രങ്ങളും കൊത്തുപ്പണികളും കൊണ്ട് ഈ ചുവരുകൾക്കെല്ലാം ഇത്രയും ഭംഗിയേകിയത്. മുറികൾക്കെല്ലാം ഒരേ വലിപ്പം, ഒരേ നിറം, ഒരേ ഗന്ധം. ആണികൾ തുളഞ്ഞു കയറിയ ഈ ഭിത്തികൾക്കാവും ഇനി പറയാനുണ്ടാവുക! ചങ്ങലകളുടേയും അതിൽ ബന്ധിക്കപ്പെട്ടുപോയ ഓരോ ജീവന്റെയും കഥ. ചിരിയും കരച്ചിലും രണ്ടാണെന്ന് തിരിച്ചറിയാത്തവരും; അതറിഞ്ഞിട്ടും മനപ്പൂർവം അറിയില്ലെന്ന് നടിച്ച് മറ്റുള്ളവർക്ക് മുന്നിൽ ചിരിച്ചും കരഞ്ഞും കോമാളികളാകുന്നതുമായ ജീവിതങ്ങൾ. സ്വന്തമായൊരു ലോകമുണ്ടാക്കി അതിൽ ജീവിച്ചുതീർക്കുന്ന നിസ്സഹായരായ ജന്മങ്ങൾ. ഇവരൊക്കെ ഈ മുറിക്കുള്ളിൽ ബന്ദിക്കപ്പെട്ട് ഭ്രാന്തരായവരോ അതോ ഭ്രാന്തുള്ളതിനാൽ ബന്ധിക്കപ്പെട്ടവരോ?
ജീവിതതാളം തെറ്റിത്തുടങ്ങി എന്ന തോന്നലിനെ അവഗണിച്ചവരും, ഇവിടെ എത്തപ്പെട്ട് താളം തെറ്റിയവരും, ഒരിക്കലെങ്കിലും സ്വയമൊന്നു സ്വതന്ത്രരായിരുന്നെങ്കിൽ ഇന്നീ അവസ്ഥ വരില്ലായിരുന്നെന്നും, ഇവിടെ നിന്നും പോയാൽ ഇനി സ്വതന്ത്രരാകും എന്നറിഞ്ഞിട്ടും ജീവിതം ഇവിടെതന്നെ സ്വയം ബന്ധിച്ചിട്ടവരും ചേർന്നാ വർണ്ണമുറികൾ ശബ്ദമുഖരിതമാക്കുന്നു: "എനിക്ക് ഭ്രാന്താണ് എന്ന മുദ്രാവാക്യം മാത്രം ആർത്തലച്ചു കേൾക്കുന്നുയെൻ കർണ്ണപടങ്ങളിൽ"നിസ്സഹായവും ദയനീയവുമായ അവസ്ഥ....! അതെ എനിക്കും ഭ്രാന്താണ്!
അതെ എനിക്കും ഭ്രാന്താണ് !
Subscribe to:
Comments (Atom)