പ്രണയം! തേങ്ങാക്കൊല!!! കാലം കുറേയായി കേൾക്കാൻ തുടങ്ങിയിട്ട്: മണ്ണിനെ പ്രണയിക്കുന്നു, പ്രകൃതിയേ പ്രേമിക്കുന്നു, പിന്നെ കടല്, കാറ്റ്, കടലപിണ്ണാക്ക് ഇങ്ങനെ കുറേ ആവർത്തനവിരസമായ ചളിപ്പൻ ക്ളീഷേസ്..... ഈ കവികൾ എന്താണോ ഉദ്ദേശിക്കുന്നതെന്ന് അവർക്ക് തന്നെ അറിയുമോ ആവോ? ഇഷ്ടവും സ്നേഹവും കാമവും പ്രേമവും ആരാധനയും പിന്നെ ആകർക്ഷണവും എല്ലാം കൂടി "സോ കോൾഡ് സാഹിത്യത്തിന്റെ" ആട്ടുകല്ലിലിട്ട് ചവിട്ടികൂട്ടിക്കുഴച്ച് വിജൃംഭിച്ച പ്രണയകാവ്യമെഴുതാൻ എന്തായാലും ഞാനില്ല. വേറിട്ട് ചിന്തിക്കുന്നവർ അങ്ങനെ ചെയ്തോട്ടേ.....ഞാൻ മനസ്സിലാക്കിയിടത്തോളം പ്രണയമുണരുന്നത് സ്നേഹിക്കുന്ന മനസുകൾ തമ്മിലാണ്... എന്റെ അനുഭവങ്ങൾ കൊണ്ട് മാത്രമായി അതിനതിരുകൾ നിശ്ചിക്കാൻ കഴിയുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. എങ്കിലുമൊന്നറിയാം- കേവല ഇഷ്ടങ്ങൾക്കും മുകളിലാണ് പ്രണയത്തിന്റെ അതിരുകൾ. അതിന് സഞ്ചരിക്കാൻ വാക്കുകളുടേയോ സ്പർശ്ശനത്തിന്റെയോ ചാലകങ്ങൾ നിർബന്ധമില്ല; കല്ല്യാണകടുംകെട്ടും ബാധകമല്ല. പ്രണയത്തിന്റെ "സ്പാർക്ക്" കത്തിപ്പടർന്നാൽ എന്തും എരിഞ്ഞുതീരാം!
ജാതിമതവർഗ്ഗവർണ്ണവെറികൾ തോറ്റുപോയത് ,ഒരുപക്ഷേ, ഈ പ്രണയത്തിന്റ്റെ ഗതിവേഗതക്ക് മുന്നിൽ മാത്രമായിരിക്കാം! അല്പം അതിശയോക്തിയലങ്കാരത്തിന്റെ പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞാൽ മരണത്തിനും മുകളിലാണ് ആത്മാർത്ഥപ്രണയത്തിന്റെ ആ ഒരു ഓൾറ്റിറ്റൂഡ്. അതിനപ്പുറം പൊങ്ങിപ്പറക്കാൻ മറ്റ് വികാരങ്ങൾക്ക് ആവുമോ ആവോ? കാലത്തിന്റെ കവച്ചിലിൽ പ്രണയത്തിന്റെ ഉദാഹരണങ്ങളും, നിർവചനങ്ങളും ഒക്കെ മാറിമറിയാം; എന്നാലും പ്രണയത്തിന്റെ അർത്ഥങ്ങളും അസ്ഥിത്വവും( അങ്ങനെ ഒന്നുണ്ടെങ്കിൽ) മാറുന്നില്ല.
നിലാവ് രാത്രിയെ പ്രണയിക്കുന്നുണ്ടോ എന്നറിയില്ല പക്ഷേ ചിലപ്പോളൊക്കെ ആ രാത്രിയിൽ എനിക്ക് പ്രണയിക്കാൻ തോന്നിയിട്ടുണ്ട്....ആരോടും പറയാതെ ആ തോന്നുകൾ വാരിപ്പുണർന്നുറങ്ങിയിട്ടുമുണ്ട്. ആ തോന്നലുകൾ പോലും സുന്ദരമായിരുന്നു....അപ്പോൾ പ്രണയം യാഥാർത്ഥ്യമായാൽ അതിന്റെ തീവ്രത അതിലും എത്രയോ മുകളിലായിരിക്കും അല്ലേ? കൊക്കുരുമ്മിയിരിക്കുന്ന ഇണക്കിളികളും, കാറ്റിൽ രമിച്ചാടുന്ന ഇലച്ചാർത്തും, കരയേ പുണരുന്ന കടലും.........മണിയറപൂകുന്ന അസ്തമയസൂര്യനും......ഈ സുന്ദരപ്രപഞ്ചം കാണുമ്പോൾ ആർക്കാ പ്രണയം ഓർമ്മ വരാതിരിക്കുക. പ്രകൃതി പ്രണയത്തിന്റെ പക്ഷത്താണ്....ഈശ്വരനും. ഇനിയെങ്കിലും നമുക്കൊന്നു പ്രണയിച്ചു തുടങ്ങിയാലോ?
