ചെറിയ തിരിച്ചറിവുകൾ

ഞാനാദ്യമായി ഹൃദയത്തിന്റെ ചിഹ്നം സ്നേഹത്തിനുപയോഗിക്കാമെന്ന് അറിഞ്ഞത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. പച്ചില കൊണ്ട് സ്കൂൾ ഭിത്തിയിൽആവർത്തിച്ച് വരച്ച് അത് മനഃപാഠമാക്കി. ആ വർഷം തന്നെ മനസിലും വരക്കാൻ തുടങ്ങി. ഈ ചിഹ്നത്തോട് അന്ന് ഉണ്ടായ ആവേശം പിന്നീടൊരിക്കലും ജീവിതത്തിൽ ഉണ്ടായിട്ടില്ല. അനാട്ടമികളുടെ വ്യത്യസ്തതകൾ ശ്രദ്ധിച്ചു തുടങ്ങി. സ്കൂളിലേയ്ക്കുള്ള ദൂരം കൂടാൻ തുടങ്ങി. കണ്ണുകളുടെ കാന്തീകത ശക്തിപ്പെട്ടു. പിന്നെ എല്ലാം എല്ലാരും പറയാറുള്ള പോലെ തന്നെ.... അന്ന് സ്ഥാപിച്ച അവകാശവാദങ്ങൾ.പിന്നെ ചെമ്പകപ്പൂ. മഞ്ചാടിക്കുരു, മയിൽപ്പീലി, കാക്കപ്പൊന്ന്, സ്നേഹം പ്രകടിപ്പിക്കാനുള്ള നെട്ടോട്ടം. ഒൻപത് വയസ്സുകാരന്റെ പുതിയ തിരിച്ചറിവുകൾ പുതിയ ഭാവങ്ങൾ....... വീണ്ടും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആ കാലം മടങ്ങി വന്നിരുന്നെങ്കിൽ.

അമ്മ

അമ്മ എന്ന പദവി ഏറ്റെടുക്കുമ്പോൾ  പുരുഷനെ പ്രാപിച്ചു ഉദരത്തിൽ ഗർഭം ധരിച്ചു പ്രസവിക്കുന്നതിൽ മാത്രമല്ല.
മറിച്ചു സ്വന്തം കുഞ്ഞിനെ ജീവന്റെ ഭാഗമായി ഏറ്റെടുത്തു ഏതു പ്രതിസന്ധിയും തരണം ചെയ്തു സമൂഹത്തിനും,കുടുബത്തിനും,
സ്വന്തം മനഃസാക്ഷിക്കും നല്ല ഒരു വ്യക്തി ആക്കി വളർത്തുക എന്ന ഉത്തരവാദിത്തം കൂടി ഭംഗിയായി നിർവഹിക്കുമ്പോളാണ്
അവൾ 'അമ്മ ' ആവുക .
"ജനിപ്പിച്ചത് കൊണ്ട് മാത്രം ഒരു പെണ്ണും അമ്മയാവുന്നില്ല".

പാഴ്ജന്മം


എനിക്ക് എന്നെയൊന്നുകാണണം! ആ കണ്ണാടിക്കു മുന്നിൽ എന്നെയോർത്തു ഉറങ്ങിയ നാളുകൾ.
ഇവിടെ എങ്ങുമില്ലെന്റെ കുട്ടീ ആ സ്ഫടിക ഫലകം. അടുത്ത തെയ്യത്തിനാവട്ടെ എന്നുപറഞ്ഞു അമ്മൂമ്മ ആശ്വസിപ്പിച്ച കഴിഞ്ഞ പത്തു വർഷങ്ങൾ. എനിക്കൊപ്പം വളർന്നൊരാ ആഗ്രഹത്തിനിന്നൊടുക്കം കല്പിച്ചു ആ നാളെത്തി.
പേടിച്ചെങ്കിലുമാ തെയ്യചമയമുറിയിൽ കടക്കവേ കാലോ കയ്യോ അതോ മൊത്തത്തിലെന്റെ ശരീരമോ കിടുകിടാ വിറക്കുമ്പോൾ,
നിന്നു ഞാൻ മുന്നിലാ തുണി തട്ടി മറച്ചൊരാ രസം പൂശിയ സ്ഫടിക ഫലകത്തിൻ.
നീണ്ട കാത്തിരിപ്പിനൊടുവിൽ ആഗ്രഹത്തിനു നിയന്ത്രണമിടാൻ കഴിയാതെ നോക്കി നിന്നു.
വിരൂപമായ എന്റെ രൂപത്തിൻ പ്രതിബിംബം കണ്ടു ഞാൻ ഞെട്ടിത്തരിക്കവേ,
കെട്ടിപ്പിടിച്ചെന്നെ മാറോടു ചേർത്തൊന്നു പൊട്ടി കരഞ്ഞതോർമയുണ്ടിന്നുമെന്റമ്മമ്മ.
പിന്നീടിങ്ങോട്ട്  നീണ്ട ഇരുപത്തഞ്ചു വർഷങ്ങളിൽ ഒരിക്കൽപോലും കാണരുതെന്നാഗ്രഹിച്ച എന്റെ വിരൂപത മനസികമായെന്നെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു.
അവുടുന്നിങ്ങോട്ടു സ്വയം വെറുത്തും മറ്റുള്ളവരിൽ നിന്ന് കഴിവതും മാറി നടന്നും ഞാനെന്നെ ഒതുക്കി എന്റെ ചെറിയ ലോകത്തിൽ.
പാരമ്പര്യമായി കിട്ടിയ വൈദ്യ മുറകൾ ആണെന്ന് പറഞ്ഞു അമ്മമ്മപഠിപ്പിച്ചതൊക്കെ ഞാൻ പഠിച്ചു. പല ജീവനൊരാശ്വാസവും എന്നാൽ മറ്റു പലതിന്റെ ജീവനെടുക്കേണ്ടിയും വന്നപ്പോൾ ജീവിതം വെറുത്തു തുടങ്ങി.
ഇടയ്ക്കിടെ മരുന്ന് വാങ്ങാൻ വരാറുള്ള ചേച്ചിയോട്
അറപ്പായിരുന്നു അമ്മാമ്മക്ക് പോലും.
എന്നാലവരോട് പറ്റില്ലെന്ന് പറയാൻ കഴിയാത്തൊരു ബന്ധം എനിക്കും അമ്മമ്മക്കും  ഉണ്ടെന്നു തോന്നിയിട്ടുണ്ട് പലപ്പോളും.
അവരുടെ അവസാന ശ്വസം  സർക്കാരാശുപത്രിയിൽ അവസാനിച്ചതിനു ശേഷമാണറിഞ്ഞത് അവരാണെനിക് ജന്മം തന്നതെന്നു.
ആ ചിതക്ക് തീകൊടുത്തു പറഞ്ഞയക്കുക എന്നല്ലാതെ വേറെന്തു പകരം നൽകും എന്നോർത്തു വിതുമ്പി കരയവേ,
മാനസിന്റെ സന്തുലനാവസ്ഥ നഷ്ടപെടുന്നതറിയുന്നുണ്ടായിരുന്നു ഞാൻ.
മൊത്തത്തിലെന്നെ എനിക്ക് നഷ്ടമാവും മുൻപ് എത്തണം അമ്മുമ്മക്കരികിൽ ഒന്നു നന്ദി ചൊല്ലുവാൻ,
ആർക്കും വേണ്ടാത്ത കണ്ടാലറക്കുന്ന ഈ ജന്മത്തെ ഇതുവരെ തള്ളിപ്പറയാതെ സ്നേഹിച്ചതിനു.
കരഞ്ഞു തളർന്നുറങ്ങുന്ന രാത്രികളിൽ ആ മുഷിഞ്ഞ കുപ്പായമിട്ട മടിമേൽ തലവച്ചുറങ്ങാൻ അനുവദിച്ചതിനു....
കഴിയുമോ എന്നറിയില്ല, ആ വഴി പോലും അപരിചിതമായിരിക്കണു ഈ പാഴ്ജന്മത്തിനു...