ചുട്ടെരിഞ്ഞുനിന്ന നീണ്ടപകൽ ദൂരേ ചക്രവാളത്തിലേയ്ക്ക് ഒതുങ്ങിനിന്ന് കരിന്തിരി കത്തിത്തുടങ്ങി. പടിഞ്ഞാറൻ ചരിവിലൂടെ ചുവന്നു തുടുത്ത സൂര്യബിംബം ഊർന്നിറങ്ങുന്നു. മുകളിൽ അന്തരീക്ഷവും താഴെ മണൽത്തരികളും ഘനീഭവിച്ചു തുടങ്ങി. പ്രകൃതി ഒരിക്കൽക്കൂടി കാഴ്ച്ചകൾ വാരിക്കൂട്ടി ഇരുളിന്റെ ഭാണ്ഡത്തിലൊളിപ്പിക്കാൻ തിരക്കുകൂട്ടുന്നു. ഒരിക്കലും വിശ്രമിക്കാൻ ഇഷ്ടപ്പെടാത്ത സമയം മാത്രം അതിന്റെ യാത്ര തുടരുന്നു.
മനസ്സ് ശാന്തമല്ല; എന്തൊക്കെയോ ഓർത്തെടുക്കാനുളള ശ്രമം ഉള്ളിലെവിടെയോ നടന്നുകൊണ്ടിരിക്കുന്നു. ആരും വിളിക്കാതെ വരുന്ന അതിഥിയാണ് ചിന്തകൾ, അവയ്ക്ക് ഔപചാരികതകൾ തെല്ലുമുണ്ടാകാറില്ല. രാപ്പകലില്ലാതെ മാറിമാറി മനസിനെ മടുപ്പിക്കുന്നു എന്നുള്ള കുറ്റബോധവും ഇല്ല. വരുമ്പോൾ വഴിയിലെവിടെയൊക്കയോ വലിച്ചെറിഞ്ഞ മുറിവുകളും ഉണ്ടാകും കൂട്ടിന്. വഴിയമ്പലത്തിൽ വലിഞ്ഞുകേറി വന്ന് രാത്രി മുഴുവൻ പൊട്ടിച്ചിരിച്ച് യാത്ര പോലും പറയാതെ രാവിലെ നടന്നകലുന്ന ഭ്രാന്തനേപ്പോലെ, ഉറക്കം കെടുത്തുന്ന ത്രികാല ചിന്തകൾ.
ഭാരമാകാതിരിക്കാൻ ഇന്നലകളിൽ വലിച്ചെറിഞ്ഞവ ഇന്ന് അതിനേക്കാൾ ഭാരമാകുന്നു. ഈ രാത്രിയിലെങ്കിലും ചിന്തകളെ അതിജീവിക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു.
കൺപോളകൾ ചാഞ്ഞിറങ്ങുന്നു.
ഈ രാത്രിയിൽ മനസ്സ് സ്വപ്നങ്ങൾക്ക് മാത്രമുള്ളതാണ്.
