അവൾക്കൊപ്പം




മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടൊരു യാത്ര...
അതെ ഈ സ്ഥലത്തോട് പ്രണയം തോന്നിത്തുടങ്ങിയിരിക്കുന്നു.
കൊടും തണുപ്പിന്റെ മൂർധന്യ അവസ്ഥയിൽ, രണ്ടു കണ്ണുകൾ ഒഴികെ മറ്റുള്ളതൊക്കെ മൂടിക്കെട്ടി, പല്ലും താടിയും കൂട്ടിയിടിക്കുന്ന നേരത്തു പതിയെ കൂടാരത്തിനുള്ളിൽ നിന്നിറങ്ങി ഒരു പാറപ്പുറത്തിരുന്നു, മണൽ വാരിയെറിഞ്ഞ പോലെ നക്ഷത്രങ്ങളുള്ള ആകാശത്തേക്ക് നോക്കി ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഒരു പുതപ്പിനുള്ളിൽ ചേർത്തുപിടിച്ചു കൂടെ ഇരുന്നു വാൽ നക്ഷത്രത്തെ കണ്ടുപിടിക്കാനും, ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീങ്ങുന്ന നക്ഷത്രത്തെ നോക്കി കണ്ണടച്ച് ഇഷ്ടമുള്ളത് ചോദിക്കാൻ നിർബന്ധിക്കാനും, നേരം വെളുക്കുവോളം പറഞ്ഞാലും തീരാത്ത കഥകൾ പറഞ്ഞു കൂടിരിക്കാനും ഒരാൾ! എന്തോ എവിടെയൊ ഒരു പന്തികേട് ഉണ്ടോ?
കുറച്ചു ദിവസങ്ങൾക്കു മുൻപുവരെ ഒരു മുൻപരിചയവുമില്ലാത്ത ഒരുവൾക്കൊപ്പം ഇത്രയേറെ സുരക്ഷിതത്വം അനുഭവിക്കാൻ എങ്ങനെയാണ് കഴിയുക?
ഒരു നോട്ടത്തിലൂടെ ബഹുമാനവും ഇഷ്ടവും പറയാതെ പറയാൻ ഒരാൾക്ക് കഴിയും എന്നവൾ മനസിലാക്കിയ ദിവസങ്ങളിൽ അവൾക്ക് അവളോട് തോന്നിയ പ്രണയം. കണ്ണെത്തുന്ന അകലത്തിൽ നിൽക്കാൻ, കാതെത്തുന്ന ദൂരത്തിൽ സംസാരിക്കാൻ, വീഴാതിരിക്കാൻ കൈ താങ്ങുന്ന കരുതലിൽ തൊട്ടു മുന്നിലോ പിന്നിലോ ആകാൻ; നട്ടപാതി രാത്രിക്കു മലമുകലിൽ വരെ പോയി ആകാശം കാണാൻ ധൈര്യം കുറവായിട്ടും നടന്നു തുടങ്ങിയ അവളെ പിന്തിരിപ്പിക്കാതെ മലമുകളിൽ വരെ ഒപ്പം നടന്നു, കൂടെ ഇരുന്നു; ജീവിതത്തിൽ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ചില കഥകൾ പറഞ്ഞു അന്ന് നേരം പോയതറിഞ്ഞില്ല.
അരായിരുന്നു അവൾ ആ ദിവസങ്ങളിൽ? ജീവിതത്തിൽ ഇന്നുവരെ നിങ്ങൾ ആരോടും ഇതൊന്നും പറഞ്ഞിട്ടില്ലേ? ഇടയ്ക്കിടെ ഇടറുന്ന ശബ്ദം കഷ്ടപ്പെട്ട് ശെരിയാക്കുന്നുണ്ടായിരുന്നല്ലോ! ഒക്കെയും മൂളികേട്ടിരുന്നു. പറഞ്ഞു തീർക്കട്ടെ സങ്കടങ്ങൾ എന്ന് തോന്നി. കാരണം അവൾക്കു ആ ദിവസങ്ങളിൽ കിട്ടിയ കരുതൽ അത്രമാത്രം വിലപ്പെട്ടതായിരുന്നു.
ദിവസങ്ങൾ പോയതറിഞ്ഞില്ല. ഒടുവിലാ ദിവസവും വന്നെത്തി. പരസ്പരം യാത്ര പറഞ്ഞു പിരിയാം. ഇനി കാണുമോ എന്നറിയാത്തതുകൊണ്ടാണോ എന്നറിയില്ല ആലിംഗത്തിന്റെ എണ്ണം കൂടിയത്. നീ എനിക്ക് പ്രിയപ്പെട്ടവരിൽ ഒരുവൾ ആയതു എങ്ങനെ എന്നറിയില്ല ഇന്നും. ഒരിക്കലും മറക്കില്ല എന്ന് അവസാന ആലിംഗനത്തിനൊപ്പം കാതിൽ പറഞ്ഞത് ഇന്നും മുഴങ്ങി കേൾക്കുന്നുണ്ടാവും ആ കാതുകളിൽ!