ഖൽബിൽ ഇഷ്കിന്റെ ഇശലും മുഖത്ത് മൊഞ്ചിന്റെ നിലാവും ഒരുമിച്ച് പെയ്തിറങ്ങിയ നാളുകൾ, തട്ടമിട്ട് മറയ്ക്കാൻ ഇഷ്ടമില്ലാതിരുന്ന സ്വപ്നങ്ങൾ; വിരിയുന്നതിന് മുൻപേ പറിച്ചെടുത്ത പനിനീർപൂവ് പോലെ അവയെല്ലാം ആരും കാണാതെ ചുമരുകൾക്കത്ത് അടച്ചു വയ്ക്കപ്പെട്ടു. വളരെ പെട്ടന്നാണ് എല്ലാറ്റിൽ നിന്നും മുറിച്ചുമാറ്റിയത്. നിക്കാകിന്റെ വളക്കിലുക്കവും കല്യാണരാവിലെ ഒപ്പനപാട്ടും മനംകുളിർക്കേ കണ്ടുനിന്നിട്ടുണ്ട്. എന്നാൽ അതിന്റെയെല്ലാം നടുവിലായി ഇരിക്കേണ്ടി വരിക, മറ്റൊരു ലോകത്തിലേയ്ക്ക് പറിച്ചു നടുക! എല്ലാം വളരെ പെട്ടന്നായിരുന്നു. മനസിന്റെ യന്ത്രപുരയിൽ കിനാവ് മെനയാൻ വേണ്ടി മാത്രമായിട്ട് സൃഷ്ടിച്ചവൻ പടച്ചുവെച്ചൊരു മുറിയുണ്ട്. അതിന്ന് പൂട്ടികിടക്കുന്നു. ഏകാന്തമാണ് അവിടം; നിരാശയുടെ മറാലയിൽ പതിഞ്ഞ നനുത്ത ദുഃഖങ്ങൾ ആ മുറിയുടെ ഓരോ കോണിലും കാണാം. ചിന്തകൾ പലപ്പോഴും പഴയ കാലത്തിലേയ്ക്ക് വലിച്ചു കൊണ്ടു പോകാറുണ്ട്. ഇഷ്ടമുള്ള വരികൾ വീണ്ടും വീണ്ടും കേട്ട് മയങ്ങുന്നതു പോലെ കുട്ടിക്കാലവും ആവർത്തിച്ചിരുന്നെങ്കിൽ! കൂട്ടുകൂടി നടന്നുപോയ വഴികൾ മടക്കിക്കിട്ടിയിരുന്നെങ്കിൽ! മാറിൽ മയങ്ങിക്കിടക്കുന്ന മഞ്ഞുതുള്ളിയെ സൂര്യതാപം വകഞ്ഞുമാറ്റുമ്പോൾ കുഞ്ഞണിപ്പൂക്കൾ ഇക്കിളിപ്പെട്ട് കുണുങ്ങിച്ചിരിക്കുന്നപോലെയുള്ള; കള്ളനോട്ടം കാണുമ്പോൾ ഏറ്റവും നാണിച്ചിരുന്ന യൗവനം മടങ്ങി വന്നെങ്കിൽ! ഇന്നീ ചുവരുകൾക്കപ്പുറം എന്റെ യവ്വനം പറന്നിറങ്ങാൻ വെമ്പുന്നു. നഷ്ടകലകൾ, എഴുതാൻ മറന്ന വരികൾ, കയറാൻ കൊതിച്ച പടികൾ എല്ലാം എനിക്കായ് കാത്തു നില്കുന്ന പോലെ. ആരോടും പറയാതെ ഹൃദയത്തിൽ തുടികൊട്ടുന്നൊരു താളമുണ്ട് ഒരു കിനാവുണ്ട്. തുറന്നിട്ട ജനൽപ്പാളികൾക്കിടയിലൂടെ അനുവാദം പോലും വാങ്ങാതെ വന്ന കാറ്റ് ആലിംഗനം ചെയ്ത് കാതിൽ പറഞ്ഞതു പോലെ. ഇനിയും മിണ്ടാതിരുന്നവർ അവയെല്ലാം അകന്നുപോകും. ഒരിക്കലും കൈനീട്ടിപിടിക്കാനാകാത്ത അകലത്തിലേയ്ക്ക്
x