ഒരിക്കൽ താൻ സ്നേഹിച്ചതോ തന്നെ സ്നേഹിച്ചിരുന്നതോ ആയ ഒരാളിൽ നിന്ന് അല്ലെങ്കിൽ ആ ബന്ധത്തിൽ നിന്ന് അകന്നു പോകാൻ തീരുമാനിക്കുന്നത് അത്ര എളുപ്പമല്ല. ഇനി വയ്യ; ജീവൻ അവസാനിപ്പിക്കുക അല്ലാതെ ഇനി വേറെ വഴിയില്ല എന്ന തീരുമാനത്തിലേക്ക് എത്തുന്നത് ഒരുപക്ഷേ പെട്ടന്നായിരിക്കില്ല: ഒരുപാട് ചിന്തിച്ചു കൂട്ടി, സ്വയം ഒറ്റപ്പെടുത്തി, മനസ്സ് മരവിച്ച്, ജീവിക്കാം എന്ന ആത്മവിശ്വാസം പൂർണമായും അവളിൽ നിന്ന് ദൂരെ പോകുമ്പോൾ ആയിരിക്കാം.
മാതാപിതക്കൾ ഒരു പെൺകുട്ടിയെ സ്നേഹത്തോടെ വളർത്തി, പഠിപ്പിച്ച്, പിന്നീട് മറ്റൊരു വീട്ടിലേക്ക്– മറ്റൊരു പുരുഷനെ ഏല്പിക്കുമ്പോൾ വീട്ടുകാരുടെ ഒരു “ബാധ്യത വിട്ടുമാറിയെന്നോ, ഒരു “ചുമതല തീർത്തു” എന്നോ ചിന്തിക്കുന്നവരുണ്ട്. പുതിയ ജീവിതത്തിൽ അനുഭവിക്കുന്ന വിഷമങ്ങൾ പങ്കുവെക്കാൻ അവൾ ശ്രമിക്കുമ്പോൾ പലപ്പോഴും കിട്ടുന്ന മറുപടികൾ ഇങ്ങനെയൊക്കെ ആവാം: "ജീവിതം അങ്ങനെയൊക്കെ തന്നെയാണ്, പലപ്പോഴും പലതും കേട്ടില്ല കണ്ടില്ലെന്ന് നടിച്ച് സഹിച്ചും ക്ഷമിച്ചും ഒക്കെ ജീവിച്ചാലെ ഒന്നിച്ചു പോവാൻ പറ്റുള്ളൂ, എല്ലാവരും അങ്ങനെയൊക്കെ തന്നെ...."
കേൾക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ? ഒരിക്കൽ എങ്കിലും ഇങ്ങനെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ: “മോളെ, നിനക്ക് അവിടെ പറ്റുന്നില്ലെങ്കിൽ തിരിച്ചിവിടെ വരാമല്ലോ? ഇതും നിന്റെയും കൂടെ വീടല്ലേ?” “നിനക്ക് ജീവിക്കാൻ ഞങ്ങൾ കൂടെയൂണ്ട്…..നിന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഞങ്ങൾ ഒപ്പം ഉണ്ട്.”
വെറുതെ എങ്കിലും അങ്ങനെ ഒന്നു പറഞ്ഞിരുന്നെങ്കിൽ അവൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചേനെ! ആത്മഹത്യയുടെ വക്കിൽ അവളെ എത്തിക്കുന്നത്- അവളെ കേൾക്കാൻ തയ്യാറാകാത്ത അച്ഛനും അമ്മയും, പിന്തുണക്കാതെ പിന്മാറുന്ന സഹോദരങ്ങളും, മനസ്സിലാക്കാൻ താല്പര്യമില്ലാത്ത സുഹൃത്തുക്കളും സമൂഹവും കൂടിയാണ്.
പലർക്കും പരിഹാരമായിരിക്കില്ല വേണ്ടത്, അവർക്കു വേണ്ടത് ഒരുപക്ഷേ ആ സമയത്ത് അവരുടെ വേദന കേൾക്കാൻ ഒരാൾ മാത്രം ആയിരിക്കം!
ഒരു പെൺകുട്ടി ആത്മഹത്യക്ക് മുൻപ് ഒരു നിമിഷം ഇങ്ങനെയൊന്ന് ചിന്തിച്ചിരുന്നെങ്കിൽ: എനിക്ക് വിദ്യാഭ്യാസമുണ്ട്, ആരോഗ്യമുണ്ട്, വൈകിപ്പോയിട്ടില്ല, എനിക്ക് ചെയ്യാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്, എന്നെ ഒറ്റപ്പെടുത്തിയവർക്കുമുന്നിൽ ഞാൻ ജീവിച്ച് കാണിക്കും, എന്നെ പോലെ വിഷമിക്കുന്നവർക്കു ഞാൻ ഒരു മാതൃകയാകാൻ ഞാൻ ഇനിയും ജീവിക്കും.... എങ്കിൽ അവൾ ആത്മഹത്യ ചെയ്യുമായിരുന്നില്ല.
പുതിയ തലമുറയ്ക്ക് അവരെ കേൾക്കാൻ കഴിയുന്നവരെ ആവശ്യമുണ്ട്. പ്രശ്നപരിഹാരങ്ങളേക്കാൾ, സഹാനുഭൂതിയുള്ള സമീപനങ്ങൾ ആവശ്യമുണ്ട്.
ഒരു പെൺകുട്ടിയുടെ ജീവിതം തളരാതെ നിലനിർത്താൻ നമ്മളുടെ വാക്കുകൾക്കും ചിന്തകൾക്കും പ്രവർത്തികൾക്കും കഴിയുമെങ്കിൽ ,അതാവാം അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ കരുതലും സ്നേഹവും പരിഗണനയും.
