തനിച്ചൊരു യാത്ര

ഇമകൾ ചിമ്മാത്ത മിഴികളുറപ്പിച്ചു നീ പകർന്ന ഓരോ നിമിഷവും നിന്നിലലിഞ്ഞ് ചേരുകയായിരുന്നു ഞാൻ. നിന്നോട് ചേർന്നിരുന്നോരോ നിമിഷവും പ്രിയപ്പെട്ടതവാൻ നിനച്ചിരുന്നു. ഒടുവിൽ ഒരു യാത്ര പോലും പറയാതെ നിന്നെ ഒറ്റക്കാക്കി നടന്നകന്നപ്പോൾ ബാക്കിയായത്,  ആരും കാണാതെ കേൾക്കാതെ നിന്നെയോർത്തു തേങ്ങിക്കരഞ്ഞുറക്കത്തിലേക്കെന്നെ നയിച്ച പല രാത്രികളത്രേ. അവിടെയെനിക്ക് നഷ്ടപ്പെട്ടതെന്നൊർമ്മകൾ. പ്രതീക്ഷകളില്ലാത്ത, എനിക്ക് മാത്രം സ്വന്തമായ, ഇനി നിനക്കൊരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത ഓർമ്മകൾ..
ഒരുപിടി ഓർമ്മകൾ നിന്റെ മാറിൽ തന്ന് ഞാൻ നടന്നകന്നത് വേദനയുടെ ഏകന്തതയിലേയ്ക്കായിരുന്നു. അവിടെയും നിന്നെ കൂടെയണക്കാൻ ആഗ്രഹിക്കാഞ്ഞിട്ടല്ല, നടക്കാൻ പറ്റാത്ത വേദനയുടെ കൂർത്ത കൽപാതയിലൂടെ എന്റെ കൂടെ നടന്ന് നിന്റെ കാൽ വേദനിക്കുന്നത് ഞാൻ ആഗ്രഹിച്ചിരുന്നില്ല. അത്രമേൽ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു. നിന്റെ ഇളംചൂട് എന്നിൽ പടർത്തുന്ന രതിസുഖത്തേക്കാൾ......ഹൃദയത്തിൽ പടരുന്ന നിന്റെ സ്നേഹത്തിന്റെ കുളിരിനെ ഞാൻ ആഗ്രഹിച്ചു ..എന്നും നിന്റെ ഓർമ്മകളിൽ പറ്റിപ്പിടിച്ചിരിക്കാൻ മാത്രം ഇന്നും കൊതിക്കുന്നു.