വേറിട്ടൊരു കൂട്

തണലിഴപാകിയ ആ നിലത്തിൽ, അധികമാരും ശ്രദ്ധിക്കാത്ത  ഒരു കോണിൽ, തിരക്കുകളിൽ നിന്നും മാറി, പേരറിയാത്ത ഏതോ ഒരു മരത്തിന്റെ താണ ശിഖരത്തിൽ ഒരിക്കൽ ആ തൂക്കണാം കുരുവി ഒരു കൂട് കൂട്ടി. അർഹതയില്ലാഞ്ഞിട്ടും അലഞ്ഞു  കിട്ടിയ കുറേ പുൽനാമ്പുകൾ കൊത്തിപ്പെറുക്കി ചകിരിനാരു കോർത്തുവലിച്ച് ആ കൂടിഴപാകിയപ്പോൾ മനസിൽ ഒരുപാട്  സ്വപ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വലിയ ചിറകിട്ടടിച്ച് മൂളിപറന്ന് പാഞ്ഞു പോകുന്നവരുടെ ജീവിത വേഗതയില്ലയിരുന്നു. ദേശാടനം കഴിഞ്ഞ് വരുന്നവരുടെ താല്കാലിക 'സെറ്റിൽമെന്റ്  പോളിസി'കളും അല്ലായിരുന്നു. മധുരസംഗീതം പാടുന്ന വാനംപാടികളുടെ ആകർക്ഷണവും കൈമുതലായിരുന്നില്ല, ഉന്നതികളിൽ മാത്രം കൂട് കൂട്ടുന്നവരുടെ മനോധൈര്യവും, എന്തിലുമേതിലും കൂട് കൊത്തി കടയുന്ന ചങ്കുറപ്പും, എന്തിന് നല്ല ഒരു പൈതൃകം പോലും അവനവകാശപ്പെടാൻ ഇല്ലായിരുന്നു. എന്നിട്ടും അവൻ ഒരു കൂട് കൂട്ടി. വലിയ കാറ്റിലതാടിയുലഞ്ഞപ്പോൾ സാഹസികതയായി സമൂഹം വിധിച്ചു. ഇളം തെന്നലിൽ തെന്നിക്കളിച്ചപ്പോൾ 'അമ്യൂസ്മെന്റ്' ആണോ എന്ന പരിഹാസവും. ഗോത്തിക്ക് ചാരുതയോ, മെറ്റാലിക് ഫിനിഷിങ്ങോ, പൗരാണിക വാസ്തു ശാസ്ത്രമോ ഇല്ലെന്നറിഞ്ഞിട്ടും  അവനതിനെ സ്നേഹിച്ചു. കാരണം: ഇടമുറിയാത്ത ഇടവപാതികളിൽ അമ്മക്കിളിയോട് ചേർന്നിരുന്ന് നനഞ്ഞൊലിച്ച രാത്രികളുടെ നടുക്കവും, കറുത്തിരുണ്ട കർക്കിടകക്കോളിൽ നനഞ്ഞ കവിളിൽ വേറിട്ടൊഴുകിയ നീർച്ചാലിന്റെ ലവണരുചിയും, മീനച്ചൂടിനെ അവഗണിക്കാനാവാതെ വാടിത്തളർന്നുറങ്ങിയ ബാല്യത്തിന്റെ താപക്ഷതങ്ങളും......എല്ലാം മറക്കാൻ അവന് കൂട്ടായത് ആ കൂടിന്റെ പതിഞ്ഞ മറവും അതിലേ ചേക്കേറലുമായിരുന്നു ..... ഇന്നും അതിലണയുമ്പോൾ ലഭിക്കുന്ന ശാന്തത മറ്റെവിടെയും അവന് ലഭിക്കാറില്ല.