എന്റെ പരാജയം ഇതായിരുന്നു, ഇന്നും അങ്ങനെ ആണോ എന്നറിയില്ല.... കൺമുമ്പിൽ പാറി നടക്കുന്ന മിന്നാമിനിങ്ങിനെ കാണാൻ ശ്രമിക്കാതെ ആകാശത്തിലെ നക്ഷത്രങ്ങളെ പിടിക്കാൻ നോക്കും. അതുകൊണ്ട് ചെറിയ അവസരങ്ങൾ പലതും അവഗണിച്ചു. പലരേയും കാണാതെ നടന്നു നീങ്ങി. അവസാനം ആരും ഇല്ലാതായി.ആശിച്ചതൊന്നും നേടാനും കഴിഞ്ഞില്ല. കെട്ടിപ്പൊക്കിയ സങ്കൽപ്പങ്ങളിൽ നിന്നും താഴോട്ടിറങ്ങാനും പറ്റാതായി. അഭിമാനം........ഹോ! അല്ല......എന്റെ ദുരഭിമാനം സമ്മതിക്കുന്നില്ല. എന്നാൽ സ്വന്തമെന്ന് പറയാൻ കൈയ്യിൽ ഒന്നും ഇല്ലാ താനും. പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു അമ്പിളി എന്നേ സ്നേഹിച്ചത് ഓർക്കുന്നു. പക്ഷേ അന്ന് ഞാൻ ചന്തികൊണ്ട് പോലും അവളെ മൈന്റ് ചെയ്തില്ല. കാരണം അവൾ അല്പം കോങ്കണ്ണിയായിരുന്നു. ഇരുണ്ട രാത്രിയിൽ കാണാൻ പറ്റാത്ത താരകങ്ങളേക്കാൾ സുന്ദരമായത് മങ്ങിയ ചന്ദ്രക്കലയാണെന്ന് അറിയാൻ അല്പം വൈകിപ്പോയി. ഇന്നോർക്കുവാ....അന്ന് ഞാൻ അവളെ സ്നേഹിക്കണമായിരുന്നു. അപ്പോൾ അവൾ എന്നേയും കൂടുതൽ സ്നേഹിക്കുമായിരുന്നു. കാരണം അർഹതയില്ലാഞ്ഞിട്ടും കിട്ടുന്ന സ്നേഹത്തിന്റെ വില അത്രക്ക് വലുതാണ്. അവളുടെ ബലഹീനത കാരണം ആ കുട്ടിയെ എല്ലാരും കളിയാക്കിയപ്പോൾ ഒരു പക്ഷേ എന്റെ പരിഗണന ആഗ്രഹിച്ചു കാണും. ഞാനതറിയാൻ മാത്രം വിവേകിയും ആയിരുന്നില്ല. ഇതൊരു ഉദാഹരണം മാത്രം. ഇങ്ങനെ പലതും, പലരേയും കാണാൻ ശ്രമിച്ചില്ല; കാരണം എന്റെ സ്വപ്നങ്ങൾ അത്രക്ക് വലുതായിരുന്നു.... ദുരഭിമാനവും.