കാലം കാണാത്ത സ്വപ്നം

വൃത്തിയില്ലാത്ത ആ  തെരുവിന്റെ ഹൃദയഭാഗത്തെ ഒരു ഇടുങ്ങിയ വാടകമുറിയിൽ അന്ന് അവർ രണ്ടു പേരും കണ്ടുമുട്ടി. അത് മാത്രമായിരുന്നിരിക്കാം കാലത്തിന്റെ കണക്കുപുസ്തകത്തിൽ അവരുടെ കൂട്ടിക്കിഴിക്കലുകൾ തെറ്റാതിരുന്ന ഒരേ ഒരു ഏട്. സ്വപ്നം കാണാൻ തുടങ്ങിയപ്പോൾ മുതൽ എത്രയോ തവണ കാണാൻ ശ്രമിച്ചു. ഹൃദയസ്പന്ദനങ്ങൾ നിർമ്മിക്കാൻ ഈശ്വരൻ പടച്ചുവെച്ച യന്ത്രപ്പുരയുടെ ഒരു കോണിൽ സ്വപ്നങ്ങൾ മെനയുവാൻ മാത്രം ഒരു മുറിയുണ്ട്, അതിൽ മുഴുവനും അവർ നെയ്ത സ്വപ്നങ്ങളായിരുന്നു, ആദ്യസ്പർശ്ശനം മുതൽ അമ്പിളിമാമൻ വരെ ആ സ്പനകെട്ടുകളിലുണ്ട്. ഓരോന്നും നടക്കാതെ വന്നപ്പോൾ വാശിയോടെ വീണ്ടും വീണ്ടും പണിതുയർത്തിയ മനഃകോട്ടകൾ , അതിലെല്ലാം കിനാവിന്റെ താഴികക്കുടങ്ങളും. അന്നത്തെ ആ കൂടിക്കാഴ്ച്ച അവരുടെ വരണ്ടകാലങ്ങൾക്ക് പൂർണ്ണവിരാമം ഇട്ടു. ആ നിമിഷങ്ങൾ യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ കഴിയാതെ അവർ കുറേ നേരത്തേയക്ക് പരസ്പരം കണ്ണുകളിൽ നോക്കിയിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ആത്മനിർവൃതിയോടെ അവർ മൗനത്തിന്റെ ഭാഷയിൽ സംസാരിച്ചു തുടങ്ങി. ആദ്യം കരഞ്ഞു പിന്നെ പൊട്ടിച്ചിരിച്ചു, ആലിംഗനങ്ങൾ അവർക്കിടയിലെ അകലം കുറച്ചു, പറയാൻ കഴിയാതെ വന്ന വാക്കുകൾ ചുംബനം ഏറ്റെടുത്തു.  അവളുടെ ചന്ദനപ്പൊട്ട് വിയർപ്പു തുള്ളികളിൽ അലിഞ്ഞുതുടങ്ങിയിരുന്നു. മുറിയിൽ നിറഞ്ഞു നിന്ന തെരുവിന്റെ ദുഷിച്ച നാറ്റം അവളുടെ സുഗന്ധത്തിന്  വഴിമാറുന്നത് അവൻ അറിഞ്ഞു. മൗനവും നാണവും കാലം വരുത്തിയ അകലവും ഇതിനിടയിലെപ്പോഴോ  ഓടിമറഞ്ഞത് അവരറിഞ്ഞില്ല. ഒരു ഭാഗത്ത് അവരുടെ സ്നേഹവും ഇഷ്ടവും കൂടികലർന്നപ്പോൾ മറു ഭാഗത്ത് കൈകാലുകളിലേ ധാർമ്മികതയുടെ ചങ്ങലയും അഴിഞ്ഞു വീണു. അവർ കാലചക്രം പുറകോട്ട് തിരിക്കാനാരംഭിച്ചു കൂടെ മനുഷ്യന്റെ പരിണാമ സിദ്ധാന്തങ്ങൾ പറയുന്നതിൽ  ആകെയുള്ള ആ ഒരു യാഥാർത്ഥ്യവും അഴിഞ്ഞകന്നു. പച്ചയായ സ്നേഹത്തിന്റെ തിരത്തള്ളലിൽ വൈകാരികത ഒരു സമുദ്രമായ് മാറി. ഒരിക്കലും വിശ്രമിക്കാൻ അവകാശമില്ലാത്ത സമയത്തിന്റെ കാലുകൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു. കാലങ്ങളോളം ആരോ അർഹതയില്ലാതവകാശമാക്കിയ ദേഹാതിർത്തികൾ അതിന്റെ യഥാര്‍ത്ഥ അവകാശികളുമായി പുതിയ ഒരു ഉടമ്പടികൾ എഴുതി തീർത്തു.   പ്രകൃതി ആവശ്യപ്പെടുന്ന ഏതോ ഒരു  യാന്ത്രീകത ആത്മാർത്ഥതയുള്ള അതിന്റെ താളമേളങ്ങളോടെ എഴുന്നൊള്ളി വന്നപ്പോളും അതിലേ ഉന്നതിയും കൊട്ടിമുറുക്കവും അവരേ ഒന്നാക്കിത്തീർത്തപ്പോളും പരാജയപ്പെട്ടത് സമൂഹം തീർത്ത സദാചാരത്തിന്റെ പുറംപൂച്ചുകളായിരുന്നു. ഇനിയവർ ഒരുമിച്ചാണ്. കാലം കാണാതെ അവർ ഒളിച്ചുവെച്ച  സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയാണ് .....ഇനിയുള്ള നാളുകൾ .....ആരും കാണാത്ത ആ തെരുവിലേ ആ കൊച്ചു മുറിയിൽ.