ആശയ്ക്ക് വിരോധമായി ആശയോടെ
ഒരു വിശ്വാസയാത്ര. ചിന്തിക്കാൻ അത്ര എളുപ്പമൊന്നുമല്ലാത്ത ഒരു കാലഘട്ടവും ചുറ്റുപാടും. പിൻതുടർന്നു വന്നിരുന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും തികച്ചും വ്യത്യസ്തമായിരുന്നു; ജാതീയമായിരുന്നു. ചിന്തകളും പ്രവർത്തനങ്ങളും യാന്ത്രികമായ് മാറിയ ജീവിതസായാഹ്നം. ഹൃദയത്തിന്റെ നെരിപ്പോടിൽ തിളച്ചുമറിയുന്ന നിരാശയുണ്ട്. അവകാശങ്ങൾ പങ്കുവക്കാൻ ഒരു സന്തതിയില്ല. എങ്കിലും ദൈവഹൃദയത്തിൽ ഉരുവായ ആ യാത്ര ആരംഭിക്കുവാൻ തന്നിൽ ഊർജ്ജമായി ഭവിച്ചത് തന്റെ പേരെടുത്ത് വിളിച്ച് വ്യക്തിപരമായി സംസാരിച്ച ദൈവത്തിലുള്ള വലിയ വിശ്വാസമായിരുന്ന്. എല്ലാ തകർച്ചകൾക്കും പിന്നിൽ നിരാശപ്പെടുത്തുന്ന ചില വലിയചെറിയ കാരണങ്ങളുണ്ടാകാം. എന്നാൽ വിശാസത്താൽ അതിനെ മറികടക്കുമ്പോളാണ് ഉയർച്ച ആരംഭിക്കുന്നത്. പിതൃഭവനത്തേയും ചാർച്ചക്കാരേയും വിട്ട് കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോകുക എന്നതുകൊണ്ട് സകലരേയും മറന്ന് പുറകിൽ തള്ളുക എന്നതായിരുന്നില്ല നേരേ മറിച്ച് ആ യാത്രയിൽ തടസമായ് വരാൻ സാധ്യതയുള്ള സകലവും മറികടക്കുക എന്നതായിരുന്നു അരുളപ്പാടിന്റെ ഉദ്ദേശം. സത്യദൈവത്തിലുള്ള യഥാർത്ഥ വിശ്വാസത്തിന് വിരുദ്ധമായ അന്ധമായ ആചാരാനുഷ്ഠാനങ്ങളെ വേരോടെ പിഴുതെറിയുക എന്ന വിശുദ്ധിയുടെ പുതിയൊരു നിർവ്വചനവും അതിൽ ഇഴചേർന്നിരുന്നു. വിശ്വാസത്തിലും അനുസരണയിലും കൂടി ജീവിതത്തിൽ ഉളവായ് വന്ന സഹിഷ്ണുത കാത്തിരിപ്പിന്റ വിരസത കുറച്ചുകൊണ്ടുവന്നു. ഹൃദയത്തിൽ ക്ഷീണിച്ചപ്പോളെല്ലാം വാഗദത്തങ്ങൾ ഓർമ്മിപ്പിച്ചുറപ്പിച്ചു. പരാജയങ്ങൾ ഉണ്ടായിരുന്നില്ല എന്നല്ല ഉണ്ടായ പരാജയങ്ങളിൽ തുടർന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. ഒരു വിശുദ്ധതലമുറയ്ക്ക് തുടക്കമാകാൻ ഒരുവൻ; അതായിരുന്നു താൻ. തന്റെ അനുസരണത്തിലൂടെ ഒരു ജനതയായിരുന്നു അവിടെ ഉരുവാക്കപ്പെട്ടത്. ദൈവതേജസിൽ നിന്നും അകന്നുപോയ മനഷ്യനുവേണ്ടിയുള്ള ഒരു രക്ഷാപദ്ധതിയും അവിടെ പുനരാരംഭിക്കുകയായിരുന്നു.
എവിടേയ്ക്കെന്നറിയാതിരുന്നത് യാത്ര ആരംഭിച്ചവന് മാത്രമായിരുന്നു. കാണിപ്പാനിരിക്കുന്ന ഒരു ദേശം ഉണ്ട് എന്ന വിളിച്ച ദൈവത്തിന്റെ വാഗ്ദത്തം സകല മാനുഷീക അനിശ്ചിതത്വത്തേയും മറികടക്കാൻ പോന്നതായിരുന്നു. ചിലപ്പോഴൊക്കെ നമ്മേക്കുറിച്ചുള്ള ദൈവീകഉദ്ദേശങ്ങൾ പടിപടിയായിട്ടുള്ള വെളിപ്പാടുകളായിരിക്കാം. അതിൽ പരിതപിക്കാതെ ഈ വിശുദ്ധയാത്രയക്കായി നമ്മെ വിളിച്ച ദൈവത്തോട് അനുസരണമുള്ളവരായി നില്ക്കുമ്പോളാണ് അനുഗ്രഹത്തോടൊപ്പം ആ ലക്ഷ്യവും നമ്മിൽ പകരുവാൻ ദൈവത്തിന് പ്രസാധം തോന്നുക. അതുതന്നെയായിരുന്നു ആ മെസോപൊട്ടോമ്യക്കാരന്റെ ജീവിതവും.