ഒരു ജനതയുടെ വേദന മുഴുവൻ സ്വന്തം വേദനായി കാണാൻ കഴിയുക എന്നതായിരിക്കും ഒരു നേതാവിന്റെ ശ്രേഷ്ഠത. അതിനായി സ്വന്തസുഖങ്ങൾ കൂടി വേണ്ടെന്നു വെച്ചാലോ? ഇങ്ങനെയുള്ളവർ ചരിത്രത്തിൽ വളരെ വിരളമായിരിക്കും. അങ്ങനെ ഒരാൾ എബ്രായ ജനതയുടെ വിമോചകനും ചരിത്രനായകനുമായപ്പോൾ ലോകത്തിൽ ഏറ്റവും അതികം സന്തോഷിച്ചത് തന്റെ മാതാവായിരുന്നിരിക്കാം. ലോകം ഇന്നു വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ വംശീയ-രാഷ്ട്രീയ പീഢനമേറ്റ ഒരു ജനവിഭാഗത്തിന്റെ വിടുതലിൻ ചരിത്രത്തിലെ സംഭവബഹുലമായ ഒരു ഏട്.
കാത്തിരുന്ന് കിട്ടിയ സ്വന്തകുഞ്ഞുങ്ങളെ വളർത്തുവാൻ പോലും അനുവാദമില്ലാതിരുന്ന ഒരു നാട്ടിൽ അതീവസൗന്തര്യം ഉണ്ടായിരുന്ന തന്റെ ആൺകുഞ്ഞിനെ സ്വന്തമാറിൽ നിന്നും പറിച്ചുമാറ്റേണ്ടി വന്ന ഒരു മാതാവിന്റെ ഹൃദയതകർച്ച; അത് ഏത് ക്രൂരഭരണാധികാരിയേയും ശാപംപോലെ പിൻതുടർന്നു നശിപ്പിക്കാൻ പോന്നതായിരിക്കും. ചരിത്രം അതിനും സാക്ഷി. ഒരു കുഞ്ഞ് ഉദരത്തിൽ ഉരുവായെന്നറിഞ്ഞ നാൾമുതൽ കണ്ട സ്വപ്നങ്ങൾ വേദനയായ് തിരിഞ്ഞുകൊത്തുമെന്ന് ആ മാതാവ് അറിഞ്ഞിരുന്നില്ല. അവൻ ചൂടുപറ്റിക്കിടന്നുറങ്ങിയ നേർത്ത കമ്പിളിപുതപ്പോടുകൂടി കോരിയെടുത്ത് ഒരു ഞാങ്ങണപെട്ടിയിൽ കിടത്തുമ്പോൾ അവൾക്ക് വലിയ വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നു. ആരും കാണാതെ നീലനദിയിലൊഴുക്കണം; എബ്രായകൂടാരങ്ങളിൽ ഉയർന്നുകേട്ട വിലാപം സ്വന്തം വീട്ടിൽ ഉണ്ടാകരുതേ എന്ന ഒരു മാതാവിന്റെ കേവലസ്വപ്നം മാത്രം. തകര്‍ന്നഹൃദയവും ഇടറുന്ന ചുവടുകളുമായി നടന്നുനീങ്ങിയത് സ്വജനതയുടെ വിമോചകനാകാൻ പിതാക്കൻമാരുടെ ദൈവം കണ്ടിരുന്ന ഒരുവനുമായിട്ടാണെന്ന് അന്നാ മാതാവ് അറിഞ്ഞിരുന്നില്ല. അന്യനാട്ടിലേ കഠിനപ്രവാസത്തിലുടനീളം ചൂട്കാറ്റിലാടിയുലഞ്ഞ കറുത്ത കൂടാരത്തിൽ നിന്നും പിരമിഡെന്ന ലോകാത്ഭുതങ്ങിലൊന്ന പടച്ച ഭരണാധികാരിയുടെ കൊട്ടാരത്തിലേയ്ക്കാണ് പ്രിയമകന്റെ ആ യാത്രയെന്ന് ചിന്തിക്കത്തക്ക അപൂർവ്വകഴിവുകളൊന്നും സിദ്ധിക്കാത്ത ഒരു സാധാരണ സ്ത്രീ. എങ്കിലും അവസാന നിമിഷംവരെ പ്രതീക്ഷ കൈവിടാതെ തന്നാലാവോളം സുരക്ഷിതമായ് അവനെ ആ നദിയിൽ ഒഴുക്കി. പരിജ്ഞാനത്തിലും ദൈവാശ്രയത്തിലും രാജനിയമങ്ങളെ അവൾ അതിജീവിച്ചു. ആർക്കും മാതൃകയാക്കാവുന്ന ഒരു സ്തീരത്നം. പരിമിതമായ സാഹചര്യങ്ങളല്ല അതിനേക്കാൾ ഉന്നതമായ വിവേകമാണ് ആ സ്ത്രീയെ നയിച്ചത്. ഇന്ന് മനുഷ്യൻ സാഹചര്യങ്ങളേ ആശ്രയിച്ചാണ് ദൈവത്തിൽ വിശ്വസിക്കുന്നത്. ചെറിയ സ്വപ്നങ്ങളെ വലിയ പ്രവൃത്തികൾക്കായ് സമർപ്പിക്കുന്ന യോഖേബേദുമാരേ ഇന്നും ദൈവം തിരയുന്നു. അവിടവിടെ ഉയർന്നുകേൾക്കുന്ന നിലവിളികൾക്കൊപ്പം ചേരുകയല്ല അതിനുപകരം ഉള്ളിലേ തേങ്ങൽ കടിച്ചമർത്തി നൽകപെട്ട സാധ്യതകളെ ചേർത്തുപിടിച്ച് വിശ്വാസത്തിന്റെ ചില പണികൾ അവിടെ ആരംഭിക്കുകയായിരുന്നു. മോശ എന്ന ദൈവമനുഷ്യന്റെ നായകനിലേയ്ക്കുള്ള ആരംഭം ഇരുണ്ട ആ മുറികൾക്കുള്ളിൽ നിന്നായിരുന്നു എന്ന് നിസംശയം പറയാൻ ആർക്കും കഴിയും. വിശ്വാസത്തിന്റെ ചെറിയ പ്രവൃത്തികൾ വലിയ വിടുതലുകൾക്കായുള്ള നികഷേപങ്ങളാണ്. ഒരു ആൺകുഞ്ഞിനെ മാത്രമല്ല ഒരു പീഡിതവർഗ്ഗത്തിന്റെ വിലാപത്തിൽ കുതിർന്ന സ്വപ്നങ്ങൾ കൂടിയായിരുന്നു ഒരു ഞാങ്ങണപെട്ടകത്തിൽ അവൾ ഒഴുക്കിവിട്ടത്. എന്നാൽ അല്പദൂരം കഴിഞ്ഞപ്പോൾ അതൊരു അനുഗ്രഹവും വിടുതലിലേയ്ക്കുള്ള വഴിയുമാക്കി മാറ്റി രാജകീയകരങ്ങളിലേയ്ക് എത്തിക്കുവാൻ ദൈവം വിശസ്തനായിരുന്നു. നമ്മുടെ ചെറിയ സ്വപ്നങ്ങൾ പോലും യാഥാർത്ഥ്യമാക്കുവാൻ ദൈവം ഇന്നും ശക്തനാണ്.... വിശസ്തനുമാണ്.