കണ്ണും മനസ്സും നിറച്ചൊരു "900 കണ്ടി" യാത്ര

        ജീവിതം കൊതി തീരാത്ത ഒരു യാത്രയാണ്. ഈ യാത്രയിൽ എത്ര കണ്ടാലും മതിവരാത്ത ചില  വഴികളും  കാഴ്ചകളും ഉണ്ടാകാം! നിനച്ചിരിക്കാത്ത വേളകളിൽ ചില അറിയിപ്പുകൾ നമ്മിൽ ചെറിയ സംഘർഷങ്ങൾ സൃഷ്ടിക്കുകയും അത് മനോഹരമായ അനുഭവങ്ങളായി മാറുകയും ചെയ്യും. അങ്ങനെയൊരു അറിയിപ്പായിരുന്നു അന്ന് വന്നത്; അതും ഏറേ സ്നേഹിക്കുന്ന സഞ്ചാരി ഗ്രൂപ്പിൽ നിന്നും: "മൺസൂൺ ട്രിപ്പ് എങ്ങോട്ട് എന്നുള്ള തീരുമാനം രാത്രി 8 മണിക്ക് അറിയിക്കും". പകച്ചു പോയി ഈ വാർധക്യം!!!! കാരണം ഒരു വയനാട്-കല്യാണയാത്ര കഴിഞ്ഞ് വീട്ടിൽ വന്നുകേറിയത് അന്നായിരുന്നു. ആ യാത്ര മിക്കവാറും
കണ്ണൂരേയ്ക്കായിരിക്കും എന്നൊരു കിംവദന്തി ഉണ്ടായിരുന്നതിനാൽ ആദ്യമൊക്കെ ശരി രാത്രി ആകട്ടെ ചിന്തിക്കാം എന്നൊരു കുണ്ഠിതഭാവത്തോടെ പാട്ടും കേട്ട് അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ. ദാ! വരുന്നു അമ്മുവിന്റെ വിളി, സന്ധ്യേച്ചിയെ അറിയിപ്പ് വന്നു. "തൊള്ളായിരം കണ്ടിക്കാണ് ട്രിപ്പ്", വേഗം ലിസ്റ്റിൽ പേരിട്ടോ." ചപ്പാത്തി പരത്തുന്നത് ഒന്ന് നിർത്തി....വായനാട് പോയി ഇങ്ങോട്ട്  വന്നതേയുള്ളു. പിന്നെയും അങ്ങോട്ട് പോണം എന്ന് പറഞ്ഞാൽ കെട്ടിയോൻ എങ്ങനെ പ്രതികരിക്കുമോ ആവോ? "അമ്മുവേ, ഞാൻ വരുന്ന കാര്യം സംശയമാണ്. ആദ്യം ചോദിച്ചു നോക്കട്ടെ. എന്നിട്ടു പേരിടാം"  അയ്യോ! അത് പറ്റില്ല,  ഇപ്പോൾ തന്നെ ലിസ്റ് ഫുൾ ആവും, നിങ്ങൾ പേരിടു. എനിക്ക് നിങ്ങളെ മിസ്സാവും. കൂടൊരു സെന്റി ഡയലോഗും. രണ്ടും കല്പിച്ചു ടെലഗ്രാമിൽ ഞങ്ങടെ ഫാമിലി ഗ്രൂപ്പിൽ ഒന്ന് എത്തിനോക്കി. ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കണ്ടു കണ്ണ് തള്ളി. 45 പേര് ഓൺലൈനിൽ, അപ്പോളേക്കും ലിസ്റ്റിൽ മുക്കാൽ ഭാഗവും ഫുൾ. ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഗ്രൂപ്പിൽ കാവലിരുന്നു വരെ സ്വന്തം സീറ്റ് ഉറപ്പിച്ചവർ വേറെയും രണ്ടുംകല്പിച്ചു... "yes I am coming" സ്ഥാനം ഉറപ്പിച്ചു. ഈശ്വരാ കാത്തോളണേ, ഇനി എങ്ങനേലും കെട്ടിയോനെ ഒന്ന് സമ്മതിപ്പിക്കണം. വയനാട് എപ്പോളും പോകാൻ താല്പര്യമുള്ളതും, ഏകദേശം ഒരുമാസം സമയമുണ്ട് എന്നതിനാലും ആ കടമ്പയും കടന്നു. കാറിൽ രണ്ടു പേർക്ക് കൂടി സ്ഥലം കൊടുക്കാം എന്നും വാക്ക് കൊടുത്തു.
        പോകാനുള്ള ദിവസം ഇങ്ങു വന്നെത്തി. കൂടെയുള്ളവർ ചിലർ വെള്ളിയാഴ്ച രാത്രി പുറപ്പെട്ടു. ഗുണ്ടൽപേട്ടയിൽ എത്തി കാറിൽ കിടന്നു ഉറങ്ങാം എന്നുറപ്പിച്ചു ഞങ്ങൾ അഞ്ചുപേരും യാത്ര തിരിച്ചു. ഗുണ്ടൽപേട്ട കോഫിഡേക്കു മുന്നിൽ വണ്ടിനിർത്തി ചെറുതായൊന്നുറങ്ങി എല്ലാവരും ഒരുമിച്ച് യാത്ര തുടർന്നു. മറ്റുള്ള വാഹനങ്ങൾക്കൊപ്പം ഞങ്ങളുടെ കാറും പതിയെ നീങ്ങിത്തുടങ്ങി, "തൊള്ളായിരം കണ്ടി" ആണ് ലക്ഷ്യം. വേഗത കൂടുന്നതിനൊപ്പം കണ്ണുകളും അടയാൻ ആരംഭിച്ചു. ഇപ്പോൾ അല്പം ഉറങ്ങിയില്ലെങ്കിൽ പിന്നീട് അത് വലിയ ക്ഷിണമാകുമെന്നറിയാം. ഇടക്ക്  ഉണരുമ്പോളൊക്കെ എവിടെയെത്തിയെന്ന് ആകാംഷയോടെ നോക്കികൊണ്ടിരുന്നു.  അല്പനേരത്തേ യാത്രയ്ക്ക് ശേഷം പാതയോരത്ത് നിർത്തി പ്രഭാതഭക്ഷണം കഴിച്ചു. അവിടെ നിന്ന് യാത്ര പുനരാരംഭിക്കുന്നതിന് മുൻപ് ഒരു ഗ്രൂപ്പ്ഫോട്ടോ എടുക്കാനും മറന്നില്ല. ചില മണിക്കൂറുകൾ നീണ്ട യാത്ര ഞങ്ങൾ ലക്ഷ്യസ്ഥാനത്തു എത്തിച്ചേർന്നു.
        പതിനേഴു വണ്ടികളുടെ നീണ്ട റാലി കണ്ടിട്ടാവണം നാട്ടുകാരിൽ ചിലർ ഞങ്ങളുടെ വഴി തടഞ്ഞു. കാരണം അവർ പറയുന്നത് ഇവിടെ വരുന്നവർ കാടും പുഴയും മലിനമാക്കുന്നു എന്നതാണ്.   ഞങ്ങൾ അവരെ പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിച്ചു. ഞങ്ങൾ സഞ്ചാരി കുടുംബം ആണ് , ഞങ്ങൾ  കാടിനേയും പുഴയെയും സ്നേഹിക്കുന്നവരാണ്, ഒരിക്കലും നിങ്ങൾക്കു ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.  അവസാനം ഞങ്ങളുടെ റിസോർട് ഉടമസ്ഥൻ വന്നു സംസാരിച്ചപ്പോൾ മാത്രമാണ് അവർ സമ്മതിച്ചത് അങ്ങനെ ആ തടസവും മാറിക്കിട്ടി.
    എന്നാൽ അതിലും വലിയ വെല്ലുവിളിയായിരുന്നു മുമ്പോട്ടുള്ള യാത്ര. കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെ മുകളിലോട്ട് പോകുക എന്നത് അല്പം പ്രയാസമാണ്. ആരോഗ്യമുള്ള വണ്ടികൾ തന്നെയും അല്ലാത്തവ ആരോഗ്യമുള്ള ആൺ പിള്ളേരുടെ ശക്തി കൊണ്ടും  പെൺപിള്ളാരുടെ "തള്ളൽ" കൊണ്ടും  മുകളിലെത്തി. മുൻകൂട്ടി ഏർപ്പാടാക്കിയ താമസസ്ഥലത്ത് ചെന്നെത്തി ലിസ്റ്റു പ്രകാരം ഒരോരുത്തരും  അവരവരുടെ മുറികൾ കൈയടക്കി കെട്ടും പാണ്ടവും അവിടെ വച്ച് പെട്ടന്നുതന്നെ അടുത്തുള്ള  വെള്ളചാട്ടത്തിലേക്കു യാത്ര തിരിച്ചു. ഏകദേശം അഞ്ചു കിലോമീറ്ററോളം നടന്നു വേണം വെള്ള ചാട്ടത്തിലെത്താൻ. ആ യാത്ര വളരെ ആസ്വദിച്ചു, അട്ടയുടെ ശല്യം ഉണ്ടായിരുന്നെങ്കിലും അതും രസകരമായി തോന്നി. ഓരോരോ കഥകൾ പറഞ്ഞും വശ്യ മനോഹരമായ പ്രകൃതിയെ ക്യാമറക്കുള്ളിൽ ഒപ്പിയെടുത്തും കല്ലടി പുഴയുടെ ചെറു ഒഴുക്കുകൾ കണ്ടും ഒടുവിൽ ഞങ്ങൾ വെള്ളച്ചാട്ടത്തിൽ എത്തിച്ചേർന്നു. മനസിന് കുളിർമ പകരുന്ന സുന്ദരമായ പ്രകൃതി,  തണുത്തുറഞ്ഞുപതഞ്ഞു സുന്ദരിയായി മോഹിപ്പിച്ചും ആകർഷിപ്പിച്ചും ഒഴുകുന്ന പുഴ. എല്ലാവരും മനസുനിറയേ  കുളിച്ചു, വെള്ളത്തിൽ സ്വയം മറന്ന ഞങ്ങളെ വിശപ്പിന്റെ വിളി വിളിച്ചുണർത്തി. മനസില്ലാ മനസ്സോടെ അവിടെ നിന്ന് തിരികെ നടന്നു. അത് വരെ അനുസരണയോടെ നടന്ന കാലുകൾ അപ്പോൾ അനുസരണക്കേടു കാട്ടുന്നതുപോലെ തോന്നി. എങ്കിലും സ്വയം പ്രാത്സാഹിപ്പിച്ചു കാടിനെ ആസ്വദിച്ചും താമസ സ്ഥലത്തെത്തി. ജീവിതത്തിലാദ്യമായി ചോറ് കണ്ടതുപോലെ അത്യാവശ്യം  ആക്രാന്തത്തോടെ , മീൻ വറുത്തതും കൂട്ടി അത് വാരി കഴിക്കുമ്പോൾ കണ്ണ് നിറഞ്ഞു(ശ്വാസംകിട്ടാതെ) ഒപ്പം വയറും.
                 ഇത്തിരി നേരം വിശ്രമിച്ചശേഷം ഞങ്ങൾ  മറ്റൊരു വ്യൂ പോയിന്റ് കാണാൻ പുറപ്പെട്ടു. പച്ചപ്പട്ട് പുതച്ച മനോഹരിയായ മലനിര. വിശപ്പും ദാഹവും ഈ കൊടും തണുപ്പും ഇല്ലായിരുന്നെങ്കിൽ എല്ലാം മറന്നു അവിടങ്ങനെ ദിവസങ്ങളോളം വെറുതെയിരിക്കാൻ മനസ്സുകൊതിച്ചു. കാടിനുള്ളിൽ ധാരാളം വന്യ ജീവികൾ ഉണ്ട്.   ഇരുട്ടുമ്പോൾ അവ ഓരോന്നായി പുറത്തിറങ്ങും അതിനാൽ  ഇരുൾ വീഴും മുമ്പേ ഞങ്ങൾ  തിരികെ താമസ സ്ഥലത്തെത്തി. അപ്പോഴേക്കും കട്ടൻ ചായയും ഉള്ളിവടയും എത്തി. കുറച്ചു പേർ ടെലിവിഷനിൽ ഫുട്ബാൾ കണ്ടും കുറച്ചുപേർ അന്താക്ഷരി കളിയുമായി കുറച്ച് സമയം ചിലവിട്ടു.രാത്രി ഭക്ഷണം റെഡിയാണെന്ന അറിയിപ്പു വന്നു. അടുത്ത യുദ്ധം അവിടെയായിരുന്നു. കിടക്കുന്നതിന് മുന്പ് ഒരു ചോദ്യോത്തര മത്സരം നടത്തി. എല്ലാവരും അതിൽ പങ്കുചേർന്നു.
       ഇനി ഒന്നുറങ്ങിയാൽ മതി. കിടന്നതു മാത്രമേ ഓർമ്മയുള്ളു. രാവിലെ ഉണർന്നപ്പോഴേക്കും മിക്കവാറും എല്ലാവരും  യാത്ര തിരിക്കാൻ റെഡി ആയിരുന്നു. നല്ല തലവേദനയും ജലദോഷവും ഉണ്ടായിരുന്നതിനാൽ ഒന്ന് ആവി പിടിച്ചു,കഴിഞ്ഞു കിടുക്കാൻ പ്രഭാത ഭക്ഷണവും കഴിച്ചു. ഇനി തൊട്ടടുത്തുള്ള വ്യൂ പോയിന്റിലേയ്ക്ക്. അവിടെ കണ്ട കാഴ്ചയും ആ കസേരകളും സ്വയമൊന്ന് പ്രണയിക്കാൻ ഓർമിപ്പിച്ചു. ആ ഒരു ദിവസം ഞങ്ങളെ സഹിച്ചവരോടും ഭക്ഷണം ഉണ്ടാക്കി തന്നവരോടും നന്ദി പറഞ്ഞു ഇറങ്ങി. കയറിവന്നതുപോലേ കഷ്ടപ്പാടില്ലാതെ എല്ലാവണ്ടികളും താഴെ എത്തി. മുകളിലേക്ക് നോക്കുമ്പോൾ വഴിതടഞ്ഞ നാട്ടുകാരെ ഓർമ വന്നു. ഈ നാട് അവരുടെ സ്വകാര്യ അഹങ്കാരം ആണല്ലോ എന്നോർത്തപ്പോൾ അവരോട് അല്പം കുശുമ്പും തോന്നി. മാനന്തവാടിയിലെത്തി ഉച്ചയൂണും കഴിഞ്ഞു ഞങ്ങൾ രണ്ടു ഗ്രൂപ്പുകളായി പിരിഞ്ഞു .ഒരു ഗ്രൂപ്പ് കബനി വഴിയും, മറ്റുള്ളവർ നഗർഹൊളെ വഴിയും തിരിഞ്ഞു. ഇടയ്ക്കു എസ്‌.ഐ നയിക്കുന്ന വണ്ടി കുട്ടേട്ടന്റെ ഉണ്ണിയപ്പക്കട വരെ പോവാൻ ക്ഷമ കാണിച്ചതിലാൽ ചൂടുണ്ണിയപ്പം കഴിച്ചു. കബനിവഴി ആദ്യമായി പോകുന്നതിനാൽ ആണോ എന്നറിയില്ല  ആ വഴിയിലെ കാഴ്ചകൾ എന്നെ ചേർത്തുപിടിച്ചു. എന്താണെന്നറിയില്ല ആ യാത്രയോട് വല്ലാത്തൊരു പ്രണയം തോന്നി. വന്ന വഴിയെക്കാൾ മനോഹരമായിരുന്നു കബനി വഴിയുള്ള യാത്ര. മഴയിൽ നനഞ്ഞു കുറെ ഫോട്ടോ പിടിച്ചു. "വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം" കൂട്ടം വിട്ട്  ബാംഗ്ലുരിനെ ലക്ഷ്യമാക്കി തിരിച്ചു. തലശ്ശേരിയിൽ നിന്നൊരു ചായയും കുടിച്ചു. എത്രയും വേഗം ഇനി വീടെത്തണം. കൂടെ ഉണ്ടായിരുന്നവരെ തിരികെ എത്തിച്ച് അവസാനം ഞങ്ങളും വീട്ടിലെത്തിചേർന്നു.
      വീണ്ടും  ജീവിതത്തിന്റെ ആവർത്തനവിരസതകളിലേയ്ക്ക്. യാത്രയുടെ ആലസ്യത്തിൽ ഉറക്കത്തിലേയ്ക്ക്......  സ്വപ്നങ്ങളിൽ "തൊള്ളായിരം കണ്ടി" നിറഞ്ഞു നിന്നു.....

പോകാനുള്ള വഴി.
കോഴിക്കോട് നിന്ന് വയനാട് /താമരശ്ശേരി ചുരം വഴി വന്നാൽ

ചുണ്ടേൽ-മേപ്പാടി- സൂചിപ്പാറ വഴിയിൽ മകാം>പാലം> വലത്തോട്ട്‌...
Google map...
https://goo.gl/maps/7igBoYwXEvM2
From Bangalore
https://goo.gl/maps/UmBUxPiCMYo

നല്ല പ്ളാനിംഗ് ഉണ്ടെങ്കിൽ മാത്രമേ ഈ മനോഹരമായ സ്ഥലത്തേക്കുള്ള യാത്ര വിജയകരമാക്കാൻ കഴിയു. 900 കണ്ടി പോകാനും അവിടെ താമസിക്കാനും താത്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക.

http://greenmountainresorts.in/
https://www.facebook.com/GreenMountainResorts/
Sunny - 094470 43889
Charles - +91 97444 82007

Breakfast Buffet @
================
Hotel vazhiyoram, Kakkavayal.
#090610 50250

Sunday Meals @
============
Wynn Berry Family Restaurant, Mananthavady
#070343 18177