![]() |
പതിവിനു വിരോധമായെന്തോ നടക്കുന്നെന്നു തോന്നലുണ്ടായിട്ടു നാളേറെയായവൾക്കു. പ്രകടമാക്കുന്ന സ്നേഹത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലും എവിടെയാണ് എനിക്ക് തെറ്റിയത് എന്നാദ്യമാലോചിക്കുമവൾ. ഇതിപ്പോ നേരെ മറിച്ചാണല്ലോ എന്നോർക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ. കാരണം അന്വഷിക്കാൻ പലവട്ടം തോന്നിയെങ്കിലും "ഇങ്ങോട്ടു വന്നു പറയട്ടെ "എന്നൊരു സ്വാർത്ഥത. അറിഞ്ഞപ്പോൾ അറിയാതിരുന്നെങ്കിൽ എന്നാശിച്ചു. സംസാരത്തിലും ഭാവത്തിലും ഒക്കെ മറ്റൊരുവൾ നിറഞ്ഞു നിൽക്കുന്നതു കേട്ട ചെവികൾക്കു പോലും അരോചകത. ചോദിക്കാൻ വന്ന ചോദ്യങ്ങൾ ഒക്കെ ഹൃദയത്തിന്റെ വിങ്ങലായി ഒതുക്കാൻ അവൾ പഠിച്ചിരിക്കുന്നു. ഇനിയിപ്പോ ശീലമായിക്കോളും എന്ന് സ്വയം ആശ്വസിപ്പിക്കയല്ലാതെ വേറെന്ത്? ഓർമകളുടെ വർണ്ണ നൂലിനാൽ ബന്ധിച്ച പട്ടം എവിടെ വരെ പൊങ്ങി പറന്നാലും താഴേക്ക് തന്നെ പതിക്കും എന്ന സത്യം മറന്നുപോകാതിരിക്കട്ടെ .. "അതുവരെ പറക്കാൻ വിട്ട പട്ടം തിരികെ വരുന്നതും കാത്തിരിക്കുന്ന കുട്ടിയാവും അവൾ"
