മഴത്തുള്ളികളുടെ താപം

മഴ തിമിർത്തു പെയ്യുന്നു. ജാലകപ്പടിയിൽ മുഖം ചേർത്തപ്പോൾ,ഉള്ളിൽ എവിടെയോ ഒരു ഇരമ്പൽ. ആദ്യമായ് ഇരുട്ടിനോട് ഭയം തോന്നുന്നപോലെ. ചിതറിത്തെറിച്ചു എന്നിൽ പതിക്കുന്ന മഴത്തുള്ളികൾക്കു താപം അനുഭവപ്പെടുന്നുണ്ടോ? സ്വയം ഇരുട്ടിലാക്കിയ മുഖത്തേക്ക് മനപ്പൂർവ്വം പ്രകാശം പരത്തുന്ന മിന്നൽ. ഇടിമുഴക്കങ്ങൾ കൊണ്ട് പലതും വൃഥാ എന്നോർമിപ്പിക്കുന്ന ശാസനകൾ. നീ ആർത്തു പെയ്യുമ്പോൾ നിന്നടൊപ്പം നനയാൻ കരുതിയ നിമിഷങ്ങൾ. നമുക്കിടയിലെ നിശബ്ദത പ്രണയം പറയാതെ പറഞ്ഞപ്പോൾ, ഭയം തോന്നി തുടങ്ങിയിരിക്കുന്നു. "ഞാൻ എന്ന ഓർമപോലും നിനക്ക് നിയന്ത്രിക്കാനാവും എന്നറിഞ്ഞിട്ടും,വെറുതെ ഒരു കാത്തിരുപ്പു! "നിനക്ക് ഞാനും എനിക്ക് നീയും മാത്രം" എന്നൊരിക്കലും നടക്കാത്ത സ്വപ്നവുമായ്. താത്കാലിക മനസംതൃപ്തിക്ക് വേണ്ടി അല്ലെങ്കിൽ,അടുത്തുണ്ടാവുമ്പോൾ പരസ്പരം ആവേശം കൊള്ളിക്കുന്ന ഒരു ഉത്തേജന ഔഷധിയായ് മാത്രമൊരു ബന്ധം എന്തിന് മുന്നോട്ടു. സ്നേഹത്തിന്റെ പൊട്ടിയ നൂലിനെ കൂട്ടി യോജിപ്പിച്ചു മടുക്കുമ്പോൾ മാത്രം ആവും മനസ്സിലാവുക, സ്വന്തമല്ലാത്തതൊന്നും പ്രതീക്ഷിച്ചു മുൻപോട്ടു പോകുവാൻ പാടില്ലായിരുന്നു എന്ന്. നീ കൂടെ ഉണ്ടാവണം എന്ന എന്റെ ആശക്കു സ്വാർത്ഥത എന്ന് പേരിട്ടു നീ വിളിക്കുമ്പോൾ മറന്നുപോകൂന്ന ഒന്നുണ്ട് .നിന്റെ ഇഷ്ടങ്ങളിലും ,സമയ പരിധിയിലും ,നിയമങ്ങളിലും മാത്രം മുൻ‌തൂക്കം കൊടുക്കാൻ സ്വയം നിർബന്ധിച്ചു മടുത്തൊരു മറുപുറം ഉണ്ടിവിടെ. ഇടയിലെവിടെയോ തുടങ്ങിയതിനെ ഇടവേളയിൽ ഉപേക്ഷിച്ചതിന്റെ വിശദീകരണം അന്വേഷിക്കാൻ പോലും തോന്നാത്ത വിധം മാറിയിട്ടുണ്ടാകും . ഒരേ ദിശയിൽ ഒഴുകിയിരുന്ന ജീവിതചര്യകൾക്കിടയിൽ അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ അറിഞ്ഞുകൊണ്ട് അനുവദനീയമാക്കാൻ ശ്രമിച്ചു. കാരണങ്ങൾ ചോദിച്ചു ശ്വാസം മുട്ടിച്ചു വിഫലപ്പെടുന്ന ശ്രമങ്ങളെ കൂട്ടിവച്ചൊരു കൂമ്പാരമാക്കി സൂക്ഷിക്കുക എന്നൊരു ശീലമുണ്ടവൾക്കു. പലപ്പോഴും ആ കൂമ്പാരങ്ങൾക്കുള്ളിൽ ചികഞ്ഞു മറ്റു പല ചോദ്യത്തിനും ഉത്തരം കണ്ടെത്താറുണ്ടത്രെ. പരസ്പരം അവകാശ വാദം ഉന്നയിക്കാൻ കഴിയാതെ മൗനം പാലിക്കപ്പെട്ട ചില ഇഷ്ടാനിഷ്ടങ്ങൾ. ചില തീരുമാനങ്ങൾ ധ്രുതഗതിയിൽ എടുക്കുന്നതായതിനാൽ ആവും, നിമിഷനേരത്തേക്കുള്ള മനസുഖം മാത്രമെന്ന് തിരിച്ചറിയുമ്പോളേക്കും, സ്വയം കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്നവ. ഓർമകൾക്ക് പോലും നീ വിലക്ക് കല്പിച്ചൊരു ദിവസം കൂടി മധുരമുള്ളൊരു ഓർമയായി കുറിക്കട്ടെ. നമുക്ക് മാത്രമായ് എഴുതി ചേർത്തൊരു ദിനം. "ഇന്നിനെ ഓർമിപ്പിച്ചു പരസ്പരം ശ്വാസംമുട്ടിക്കാനായി ഇനി ഒരു നാളെ ഉണ്ടാകാതിരിക്കട്ടെ ". ഇനി എനിക്കൊന്നുറങ്ങണം, ആകാശത്തിനു താഴെ, മിന്നാമിന്നിവെട്ടം പോലും കടന്നുവരാൻ മടിക്കുന്നൊരു മൂലയിൽ ചുരുണ്ടുകൂടി ദിവസങ്ങളോളം; രാവും പകലുമറിയാതങ്ങനെ......