അതിഥികൾ.....


ചിലരെ ഇഷ്ടം കൊണ്ട് ക്ഷണിച്ചു വരുത്താറുണ്ട്. അതിഥിയായിട്ടല്ല പ്രിയപ്പെട്ടവർ എന്ന തിരിച്ചറിവിലാണ്. പക്ഷേ അവർക്ക് എന്നും അതിഥികൾ തന്നെ ആയിരിക്കാനാണ് ഇഷ്ടം എങ്കിലോ? ചില അനുഭവങ്ങൾ അങ്ങനെയാണ്.
അവർക്കത് സമയവും കാലവും ഒരുമിച്ചു ഒത്തുവരുന്ന ചില പ്രത്യേക അവസരങ്ങളിൽ ചുമ്മാതൊരു നേരം പോക്കിനും, പഴകി മടുത്ത ചുറ്റുപാടിൽ നിന്നുള്ള വ്യത്യസ്തയ്ക്കും, സ്വയതൃപ്തിക്കും വേണ്ടി മാത്രമുള്ള വിരുന്നുകളാകാം. ചിലപ്പോൾ നമ്മുടെ ചുറ്റുപാടുകളോട് വളരെ വേഗം മടുപ്പു തോന്നിയിട്ടായിരിക്കാം! കൂടെ ഉള്ളപ്പോൾ അവർക്കു നമ്മൾ ആരൊക്കെയോ ആണെന്നുള്ള തോന്നലുകൾ നല്കും. എങ്കിലും അവർക്കു പോകാൻ ഇതിലും നല്ലയിടങ്ങൾ വേറെ ഉണ്ടെന്ന് പറയാതെ പറയുന്ന പല അവസരങ്ങൾ. അതുമല്ലെങ്കിൽ മടുപ്പ് തോന്നിയിട്ടുണ്ടാവാം.
അവർ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നോർക്കുമ്പോൾ ഭ്രാന്ത് പിടിപ്പിക്കുന്ന ഓർമ്മകൾ! അത് ആപേക്ഷികമാണ്, സമ്മതിക്കുന്നു.
പോകട്ടെ എന്ന് യാത്ര പറഞ്ഞിറങ്ങി വാതിൽപ്പടി കടക്കുമ്പോൾ അപരിചിതരെപ്പോലെ തോന്നുന്നവർ; അങ്ങനെ ചിന്തിക്കാൻ ശ്രമിക്കാം. വീണ്ടും
ക്ഷണിക്കാതിരിക്കാം. അല്ലെങ്കിൽ തന്നെ ദൂരെ നിന്നെങ്കിലും നിനക്കു സുഖമല്ലേ എന്ന് ചോദിക്കാനുള്ള അവസരങ്ങളെ മനപ്പൂർവ്വം വേണ്ടെന്നു വയ്ക്കുന്ന ബന്ധങ്ങൾ എന്തിനാണ്? ഇനിയെങ്കിലും വന്നുകണ്ടു മുറിപ്പെടുത്താൻ അവസരം കൊടുക്കാതിരിക്കാം. മനപ്പൂർവ്വം മറന്നുകളയുക എന്നതല്ലാതെ വേറെന്തു ചെയ്യാൻ.
ചില അതിഥികൾ അങ്ങനെയാണ്