ഇടവേള

 




                ഇതിപ്പോൾ നീണ്ട ഒരിടവേള ആയിരിക്കുന്നു എന്തെങ്കിലും കുത്തി കുറിക്കാൻ തോന്നിയിട്ട്. ഇവിടിങ്ങനെ കുറേനേരം ഇരിക്കുമ്പോൾ ചിന്തകൾ ചിത്രശലഭങ്ങളെപോലെ പറക്കാൻ ആണ് ആഗ്രഹിക്കാറ്. അടുത്ത് പിടിച്ചിരുത്തി എനിക്കിഷ്ടമുള്ളതു ചെയ്യണമെന്ന് വാശിപിടിക്കാൻ തോന്നാറില്ല. ഇന്നിപ്പോൾ കുറച്ചു നക്ഷത്രങ്ങളെ കൂട്ടിനു കിട്ടിയിട്ടുണ്ട്; മനസ്സും ചിന്തകളും ഒരിടത്തുള്ളത് പോലെ. പുറത്തെ പ്രകാശം ഉള്ളിലും പ്രതീക്ഷ ഉളവാക്കും എന്നാണല്ലോ. ഇവിടെയിരുന്ന് ആരുമറിയാതെ വിവർത്തനം ചെയ്ത എത്രയോ ചിന്തകകളെ ചിറകു പിടിപ്പിച്ചു പറത്തിവിട്ടിരിക്കുന്നു. എഴുതി പൂർത്തിയാക്കാത്ത എത്രയോ കത്തുകൾ ചവറ്റു കുട്ടയിലുപേക്ഷിച്ചിരിക്കുന്നു. ഒരിക്കൽകൂടി  അതൊക്കെ തുറന്നു വായിക്കാൻ ശ്രമിച്ചാൽ ചിലപ്പോളെനിക്കുതന്നെ സങ്കടമായേക്കാം!... അതിലേറെയും എന്റെ മാത്രം തോന്നലുകളായിരുന്നു. ഇരുട്ടിലേക്ക് നോക്കി ഇരിക്കുമ്പോൾ ഓർമ്മകൾക്കും അരണ്ട വെളിച്ചത്തിലൂടെ സഞ്ചരിക്കാൻ ആഗ്രഹമുണ്ടെന്നു തോന്നാറുണ്ട്. വിജനമായ വഴിയിലൂടെ വിഫലമായ ചിന്തകളുടെ കൈകോർത്തു  നടക്കാൻ പഠിച്ചു തുടങ്ങി അവൾ. കൂടെ ഒരാളുണ്ടെങ്കിൽ നിശബ്ദത നഷ്ടപ്പെടുമെന്ന  ദുരാഗ്രഹത്താൽ കൂടെ കൂട്ടാത്ത എത്രയോ കൂട്ടുകൾ....