മടുത്തു ഈ മടുപ്പ്

 

ഏതാണ്ട് മടുത്ത മട്ടാണ്. മനസിന് ബലം ഇല്ല,  എഴുത്തിനൊന്നും പഴയ മൂർച്ചയില്ല, ചിന്തകൾ ബാലിശമായി മാറിയിരിക്കുന്നു, ശ്രമങ്ങളൊക്കെ തിരിഞ്ഞു നിന്നു പല്ലിളിക്കുന്ന പോലെ. ആകെ ഒരു ഇരുട്ട് മാത്രം. ജീവിതം യാന്ത്രികമായി മാറുക എന്നത് ഇപ്പോൾ നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ബന്ധങ്ങൾ കേവലം ഔപചാരികത മാത്രം, അല്ലെങ്കിൽ അവരവരുടെ കാര്യ സാദ്ധ്യത്തിന് വേണ്ടി. ചെയ്യുന്നത് പലതും ബുദ്ധിയിൽ നിന്നാണ് ഹൃദയത്തിൽ നിന്നല്ല എന്നറിയാം. ഇപ്പോൾ അങ്ങനയെ പറ്റൂ എന്ന് ജീവിതം പഠിപ്പിച്ചു. ആർക്കും ആരോടും ആത്മാർത്ഥത ഇല്ലാതായി. തുറന്നിട്ട പടിവാതിലുകൾ പലതും അടഞ്ഞു തുടങ്ങി. കാരണം ഇനി അതെല്ലാം  അവർക്കൊരു ബാദ്ധ്യതയായി മാറാൻ സാധ്യതയുണ്ട്. 

ചിരിക്കുന്നുണ്ട് പലരും പക്ഷെ മുഖത്ത് മാത്രം ഒതുങ്ങി നിൽക്കുന്നു ചിരികൾ. ഇനി വയ്യ! ആരോടും ഒന്നും പറയാൻ തോന്നാറില്ല. പറഞ്ഞാൽ തന്നെ ആവർത്തനവിരസമായ പതിവ് ഉപദേശങ്ങൾ മാത്രം. ഇന്നെലെ വീണു കിട്ടിയവരും അകലം വിട്ടു നടക്കാൻ പഠിച്ചു തുടങ്ങി. 

ദൂരെ എവിടെയോ എന്റെ വിടവ് നികത്താതെ കിടക്കുന്നു എന്ന ചിന്ത ആണ് ഇനി ബാക്കിയുള്ളത്. ചുറ്റിത്തിരിഞ്ഞ് പഴയ ഇടത്ത് തന്നെ വന്നപ്പോൾ ആകെ മനസ് മടുത്തു പോയി. ഇനി ഇവിടെ വിട്ട് ഓടാൻ ആകുമോ എന്നറിയില്ല. പതിവ് വഴികൾ, ആളുകൾ, ആജ്ഞകൾ എല്ലാം നന്നായി മടുപ്പിച്ചു തുടങ്ങി. ക്രിയാത്മകമായത് ഒന്നും ഇല്ല; എല്ലാം യാന്ത്രികം മാത്രം. ആകാശത്തിന്റെ അതിരുകൾ താണ്ടി ലോകം കാണാൻ ആഗ്രഹമുണ്ട്. കടലുകൾ കടന്നു കാലത്തിനു മുന്നേ സഞ്ചരിക്കാൻ കനവിന്റെ കടലാസു വഞ്ചികൾ ഇന്നലെയും ഉണ്ടാക്കി. എല്ലാം നടക്കും എന്നു ദിവ്യമായ ഒരു വാഗ്ദാനമുണ്ട്; അത് ഇപ്പോഴും പ്രതീക്ഷ ഉളവാക്കുന്നു. പകലെല്ലാം തെണ്ടി തിന്ന് രാവ് മുഴുവൻ   ഉറക്കമില്ലാതെ ഓരിയിടുന്ന ഒരു ഭ്രാന്തൻ നായയേ പേലെ ഉറക്കെ ഒന്ന് കരയാൻ കഴിഞ്ഞാൽ നന്നായിരുന്നു. ആരും കാണാതെ ഈ അടഞ്ഞ മുറിയിലിരുന്ന് വീർപ്പുമുട്ടുന്നതിലും എത്രയോ സുന്ദരമാണത്. ഏകാന്ത സുന്ദരിയായ കാമുകിയാണ് പക്ഷേ അവളുടെ മാദകഭംഗി എന്നെ പെട്ടെന്ന് മടുപ്പിക്കുന്നു. ഇവിടം വിട്ട് ഓടണം എങ്ങോട്ടെങ്കിലും, കിതച്ച് തളർന്ന് വിഴുന്നതു വരെ അത്രയും ദൂരത്തേക്ക്.......അങ്ങകലേയ്ക്ക്

കനവിലൊരു നാൾ















ഖൽബിൽ ഇഷ്കിന്റെ ഇശലും മുഖത്ത് മൊഞ്ചിന്റെ നിലാവും ഒരുമിച്ച് പെയ്തിറങ്ങിയ നാളുകൾ, തട്ടമിട്ട് മറയ്ക്കാൻ ഇഷ്ടമില്ലാതിരുന്ന സ്വപ്നങ്ങൾ; വിരിയുന്നതിന് മുൻപേ പറിച്ചെടുത്ത പനിനീർപൂവ് പോലെ  അവയെല്ലാം ആരും കാണാതെ ചുമരുകൾക്കത്ത് അടച്ചു വയ്ക്കപ്പെട്ടു. വളരെ പെട്ടന്നാണ് എല്ലാറ്റിൽ നിന്നും മുറിച്ചുമാറ്റിയത്. നിക്കാകിന്റെ വളക്കിലുക്കവും കല്യാണരാവിലെ ഒപ്പനപാട്ടും മനംകുളിർക്കേ കണ്ടുനിന്നിട്ടുണ്ട്.  എന്നാൽ അതിന്റെയെല്ലാം നടുവിലായി ഇരിക്കേണ്ടി വരിക, മറ്റൊരു ലോകത്തിലേയ്ക്ക് പറിച്ചു നടുക! എല്ലാം വളരെ പെട്ടന്നായിരുന്നു. മനസിന്റെ  യന്ത്രപുരയിൽ കിനാവ് മെനയാൻ വേണ്ടി  മാത്രമായിട്ട് സൃഷ്ടിച്ചവൻ പടച്ചുവെച്ചൊരു  മുറിയുണ്ട്. അതിന്ന് പൂട്ടികിടക്കുന്നു. ഏകാന്തമാണ് അവിടം;  നിരാശയുടെ മറാലയിൽ പതിഞ്ഞ നനുത്ത ദുഃഖങ്ങൾ ആ മുറിയുടെ ഓരോ കോണിലും കാണാം. ചിന്തകൾ പലപ്പോഴും പഴയ കാലത്തിലേയ്ക്ക് വലിച്ചു കൊണ്ടു പോകാറുണ്ട്. ഇഷ്ടമുള്ള വരികൾ വീണ്ടും വീണ്ടും കേട്ട് മയങ്ങുന്നതു പോലെ  കുട്ടിക്കാലവും ആവർത്തിച്ചിരുന്നെങ്കിൽ! കൂട്ടുകൂടി നടന്നുപോയ വഴികൾ മടക്കിക്കിട്ടിയിരുന്നെങ്കിൽ!   മാറിൽ മയങ്ങിക്കിടക്കുന്ന മഞ്ഞുതുള്ളിയെ സൂര്യതാപം   വകഞ്ഞുമാറ്റുമ്പോൾ  കുഞ്ഞണിപ്പൂക്കൾ   ഇക്കിളിപ്പെട്ട് കുണുങ്ങിച്ചിരിക്കുന്നപോലെയുള്ള; കള്ളനോട്ടം കാണുമ്പോൾ  ഏറ്റവും നാണിച്ചിരുന്ന യൗവനം മടങ്ങി വന്നെങ്കിൽ! ഇന്നീ ചുവരുകൾക്കപ്പുറം എന്റെ യവ്വനം പറന്നിറങ്ങാൻ വെമ്പുന്നു. നഷ്ടകലകൾ, എഴുതാൻ മറന്ന വരികൾ, കയറാൻ കൊതിച്ച പടികൾ എല്ലാം എനിക്കായ് കാത്തു നില്കുന്ന പോലെ. ആരോടും പറയാതെ ഹൃദയത്തിൽ തുടികൊട്ടുന്നൊരു താളമുണ്ട് ഒരു കിനാവുണ്ട്. തുറന്നിട്ട ജനൽപ്പാളികൾക്കിടയിലൂടെ  അനുവാദം പോലും വാങ്ങാതെ വന്ന കാറ്റ് ആലിംഗനം ചെയ്ത് കാതിൽ പറഞ്ഞതു പോലെ.  ഇനിയും മിണ്ടാതിരുന്നവർ അവയെല്ലാം അകന്നുപോകും. ഒരിക്കലും കൈനീട്ടിപിടിക്കാനാകാത്ത അകലത്തിലേയ്ക്ക്
x