അരുതെന്ന് പറയാൻ..........



ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യ ഒരു പരാജയം മാത്രമല്ല! നമുക്ക് മുന്നിൽ വലിച്ചെറിയുന്ന ഒരുപിടി ചോദ്യങ്ങൾ കൂടിയാണ്. ജീവിതം അവസാനിപ്പിക്കുക മാത്രമാണ് ഏക പോംവഴി എന്ന് തീരുമാനിക്കാൻ അവളെ പ്രേരിപ്പിക്കുന്നത് എന്താണ്? അതിനു ആരാണ് ഉത്തരവാദി? 

ഒരിക്കൽ താൻ സ്നേഹിച്ചതോ തന്നെ സ്നേഹിച്ചിരുന്നതോ ആയ ഒരാളിൽ നിന്ന് അല്ലെങ്കിൽ ആ ബന്ധത്തിൽ നിന്ന് അകന്നു പോകാൻ തീരുമാനിക്കുന്നത് അത്ര എളുപ്പമല്ല.   ഇനി വയ്യ; ജീവൻ അവസാനിപ്പിക്കുക അല്ലാതെ ഇനി വേറെ വഴിയില്ല എന്ന തീരുമാനത്തിലേക്ക് എത്തുന്നത് ഒരുപക്ഷേ പെട്ടന്നായിരിക്കില്ല: ഒരുപാട് ചിന്തിച്ചു കൂട്ടി, സ്വയം ഒറ്റപ്പെടുത്തി, മനസ്സ് മരവിച്ച്, ജീവിക്കാം എന്ന ആത്മവിശ്വാസം പൂർണമായും അവളിൽ നിന്ന് ദൂരെ പോകുമ്പോൾ ആയിരിക്കാം.

മാതാപിതക്കൾ ഒരു പെൺകുട്ടിയെ സ്നേഹത്തോടെ വളർത്തി, പഠിപ്പിച്ച്, പിന്നീട് മറ്റൊരു വീട്ടിലേക്ക്– മറ്റൊരു പുരുഷനെ ഏല്പിക്കുമ്പോൾ വീട്ടുകാരുടെ ഒരു “ബാധ്യത വിട്ടുമാറിയെന്നോ, ഒരു “ചുമതല തീർത്തു” എന്നോ ചിന്തിക്കുന്നവരുണ്ട്. പുതിയ ജീവിതത്തിൽ അനുഭവിക്കുന്ന വിഷമങ്ങൾ പങ്കുവെക്കാൻ അവൾ ശ്രമിക്കുമ്പോൾ പലപ്പോഴും കിട്ടുന്ന മറുപടികൾ ഇങ്ങനെയൊക്കെ ആവാം: "ജീവിതം അങ്ങനെയൊക്കെ തന്നെയാണ്, പലപ്പോഴും പലതും കേട്ടില്ല കണ്ടില്ലെന്ന് നടിച്ച് സഹിച്ചും ക്ഷമിച്ചും ഒക്കെ ജീവിച്ചാലെ ഒന്നിച്ചു പോവാൻ പറ്റുള്ളൂ, എല്ലാവരും അങ്ങനെയൊക്കെ തന്നെ...."

കേൾക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ? ഒരിക്കൽ എങ്കിലും ഇങ്ങനെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ: “മോളെ, നിനക്ക് അവിടെ പറ്റുന്നില്ലെങ്കിൽ തിരിച്ചിവിടെ വരാമല്ലോ? ഇതും നിന്റെയും കൂടെ വീടല്ലേ?” “നിനക്ക് ജീവിക്കാൻ ഞങ്ങൾ കൂടെയൂണ്ട്…..നിന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഞങ്ങൾ ഒപ്പം ഉണ്ട്.” 

വെറുതെ എങ്കിലും അങ്ങനെ ഒന്നു പറഞ്ഞിരുന്നെങ്കിൽ അവൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചേനെ! ആത്മഹത്യയുടെ വക്കിൽ അവളെ എത്തിക്കുന്നത്- അവളെ കേൾക്കാൻ തയ്യാറാകാത്ത അച്ഛനും അമ്മയും, പിന്തുണക്കാതെ പിന്മാറുന്ന സഹോദരങ്ങളും, മനസ്സിലാക്കാൻ താല്പര്യമില്ലാത്ത സുഹൃത്തുക്കളും സമൂഹവും കൂടിയാണ്. 

പലർക്കും പരിഹാരമായിരിക്കില്ല വേണ്ടത്,  അവർക്കു വേണ്ടത് ഒരുപക്ഷേ ആ സമയത്ത് അവരുടെ വേദന കേൾക്കാൻ ഒരാൾ മാത്രം ആയിരിക്കം! 

ഒരു പെൺകുട്ടി ആത്മഹത്യക്ക് മുൻപ് ഒരു നിമിഷം ഇങ്ങനെയൊന്ന് ചിന്തിച്ചിരുന്നെങ്കിൽ: എനിക്ക് വിദ്യാഭ്യാസമുണ്ട്, ആരോഗ്യമുണ്ട്, വൈകിപ്പോയിട്ടില്ല, എനിക്ക് ചെയ്യാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്, എന്നെ ഒറ്റപ്പെടുത്തിയവർക്കുമുന്നിൽ ഞാൻ ജീവിച്ച് കാണിക്കും, എന്നെ പോലെ വിഷമിക്കുന്നവർക്കു ഞാൻ ഒരു മാതൃകയാകാൻ ഞാൻ ഇനിയും ജീവിക്കും.... എങ്കിൽ അവൾ ആത്മഹത്യ ചെയ്യുമായിരുന്നില്ല.

പുതിയ തലമുറയ്ക്ക് അവരെ കേൾക്കാൻ കഴിയുന്നവരെ ആവശ്യമുണ്ട്. പ്രശ്നപരിഹാരങ്ങളേക്കാൾ, സഹാനുഭൂതിയുള്ള സമീപനങ്ങൾ ആവശ്യമുണ്ട്.

ഒരു പെൺകുട്ടിയുടെ ജീവിതം തളരാതെ നിലനിർത്താൻ നമ്മളുടെ വാക്കുകൾക്കും ചിന്തകൾക്കും പ്രവർത്തികൾക്കും കഴിയുമെങ്കിൽ ,അതാവാം അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ കരുതലും സ്നേഹവും പരിഗണനയും.

ഓർമ്മത്തുരുത്ത്

 










എല്ലാ  മനുഷ്യരുടേയും മനസ്സിന്റെ നിഗൂഢതയിൽ അവനവന് മാത്രം സ്വന്തമായ, ഏകാന്തതയുടെ മനോഹരമായ ഒരു തുരുത്തുണ്ട്. പലപ്പോഴും രൗദ്രഭാവത്തിലുള്ള തിരമാലകളെപ്പോലെ ശക്തമായ ഓർമ്മകൾ തിരയടിച്ചു കയറിവന്ന്, കരയിൽ ചേർത്ത് വച്ച സന്തോഷങ്ങളെല്ലാം കവർന്നെടുത്താ തുരുത്തിലേക്കു മടങ്ങി പോവാൻ പ്രലോഭിപ്പിക്കാറുണ്ട്. അത്രമേൽ പ്രിയപെട്ടവ ആയതിനാലാവാം! അരുതെന്നു പറയാതെ, അപ്പോഴൊക്കെ അനുസരണയോടെ കൂടെപ്പോയി ആ തുരുത്തിൽ അണയാറാണ് പതിവ്.



ഒഴിഞ്ഞ ഇടം


 


ഞാൻ സ്വയം ഒഴിഞ്ഞ ഇടങ്ങൾക്കു പകരമാവാൻ നിനക്ക് കഴിയും എന്ന് തോന്നുന്നുണ്ടോ ?

"കഴിയും എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കാം,അതുമല്ലെങ്കിൽ അഭിനയിക്കാം "
നിന്നെ അത് സന്തോഷിപ്പിക്കുന്നു എങ്കിൽ എന്നെയും....
എന്റെ ഇടത്തിലേക്ക് കയറാനുള്ള  നിന്റെ തുടർച്ചയായ ശ്രമം കാണുമ്പോൾ   സഹതാപം തോന്നുന്നെനിക്കു.

അവിടേയ്ക്ക് സ്വയം അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോൾ തോന്നുന്ന മനോവ്യഥയെ നീയെങ്ങനെ  സഹിക്കുന്നു?

സഹതാപമാണ് എനിക്ക്  നിന്നോട്.
സ്നേഹം ഇപ്പോഴുമെന്നിൽ അവശേഷിക്കുന്നതിനാൽ ആവാം .

ഇടിച്ചു കയറി മടുപ്പു തോന്നി തുടങ്ങുമ്പോൾ വരൂ.
അന്നുമുണ്ടാകും അളവുകോലുകൾക്കു ഇടം നൽകാത്തൊരിടം എന്റെ മനസ്സിൽ.

നിനക്ക് തന്ന ഇടത്തിനു പകരം വേറെയൊരാളിനെ എനിക്ക് വേണ്ടാത്തതിനാൽ ഒഴിഞ്ഞു കിടക്കുമതെന്നും.
ആരും ആർക്കും പകരമാകാതെ
ചില ഒഴിഞ്ഞ ഇടങ്ങളുമായ്,
മനസ്സുകൾ കോട്ട കെട്ടി സൂക്ഷിച്ച് ഇങ്ങനെ എത്രയോ മനുഷ്യർ....

മടുത്തു ഈ മടുപ്പ്

 

ഏതാണ്ട് മടുത്ത മട്ടാണ്. മനസിന് ബലം ഇല്ല,  എഴുത്തിനൊന്നും പഴയ മൂർച്ചയില്ല, ചിന്തകൾ ബാലിശമായി മാറിയിരിക്കുന്നു, ശ്രമങ്ങളൊക്കെ തിരിഞ്ഞു നിന്നു പല്ലിളിക്കുന്ന പോലെ. ആകെ ഒരു ഇരുട്ട് മാത്രം. ജീവിതം യാന്ത്രികമായി മാറുക എന്നത് ഇപ്പോൾ നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ബന്ധങ്ങൾ കേവലം ഔപചാരികത മാത്രം, അല്ലെങ്കിൽ അവരവരുടെ കാര്യ സാദ്ധ്യത്തിന് വേണ്ടി. ചെയ്യുന്നത് പലതും ബുദ്ധിയിൽ നിന്നാണ് ഹൃദയത്തിൽ നിന്നല്ല എന്നറിയാം. ഇപ്പോൾ അങ്ങനയെ പറ്റൂ എന്ന് ജീവിതം പഠിപ്പിച്ചു. ആർക്കും ആരോടും ആത്മാർത്ഥത ഇല്ലാതായി. തുറന്നിട്ട പടിവാതിലുകൾ പലതും അടഞ്ഞു തുടങ്ങി. കാരണം ഇനി അതെല്ലാം  അവർക്കൊരു ബാദ്ധ്യതയായി മാറാൻ സാധ്യതയുണ്ട്. 

ചിരിക്കുന്നുണ്ട് പലരും പക്ഷെ മുഖത്ത് മാത്രം ഒതുങ്ങി നിൽക്കുന്നു ചിരികൾ. ഇനി വയ്യ! ആരോടും ഒന്നും പറയാൻ തോന്നാറില്ല. പറഞ്ഞാൽ തന്നെ ആവർത്തനവിരസമായ പതിവ് ഉപദേശങ്ങൾ മാത്രം. ഇന്നെലെ വീണു കിട്ടിയവരും അകലം വിട്ടു നടക്കാൻ പഠിച്ചു തുടങ്ങി. 

ദൂരെ എവിടെയോ എന്റെ വിടവ് നികത്താതെ കിടക്കുന്നു എന്ന ചിന്ത ആണ് ഇനി ബാക്കിയുള്ളത്. ചുറ്റിത്തിരിഞ്ഞ് പഴയ ഇടത്ത് തന്നെ വന്നപ്പോൾ ആകെ മനസ് മടുത്തു പോയി. ഇനി ഇവിടെ വിട്ട് ഓടാൻ ആകുമോ എന്നറിയില്ല. പതിവ് വഴികൾ, ആളുകൾ, ആജ്ഞകൾ എല്ലാം നന്നായി മടുപ്പിച്ചു തുടങ്ങി. ക്രിയാത്മകമായത് ഒന്നും ഇല്ല; എല്ലാം യാന്ത്രികം മാത്രം. ആകാശത്തിന്റെ അതിരുകൾ താണ്ടി ലോകം കാണാൻ ആഗ്രഹമുണ്ട്. കടലുകൾ കടന്നു കാലത്തിനു മുന്നേ സഞ്ചരിക്കാൻ കനവിന്റെ കടലാസു വഞ്ചികൾ ഇന്നലെയും ഉണ്ടാക്കി. എല്ലാം നടക്കും എന്നു ദിവ്യമായ ഒരു വാഗ്ദാനമുണ്ട്; അത് ഇപ്പോഴും പ്രതീക്ഷ ഉളവാക്കുന്നു. പകലെല്ലാം തെണ്ടി തിന്ന് രാവ് മുഴുവൻ   ഉറക്കമില്ലാതെ ഓരിയിടുന്ന ഒരു ഭ്രാന്തൻ നായയേ പേലെ ഉറക്കെ ഒന്ന് കരയാൻ കഴിഞ്ഞാൽ നന്നായിരുന്നു. ആരും കാണാതെ ഈ അടഞ്ഞ മുറിയിലിരുന്ന് വീർപ്പുമുട്ടുന്നതിലും എത്രയോ സുന്ദരമാണത്. ഏകാന്ത സുന്ദരിയായ കാമുകിയാണ് പക്ഷേ അവളുടെ മാദകഭംഗി എന്നെ പെട്ടെന്ന് മടുപ്പിക്കുന്നു. ഇവിടം വിട്ട് ഓടണം എങ്ങോട്ടെങ്കിലും, കിതച്ച് തളർന്ന് വിഴുന്നതു വരെ അത്രയും ദൂരത്തേക്ക്.......അങ്ങകലേയ്ക്ക്

കനവിലൊരു നാൾ















ഖൽബിൽ ഇഷ്കിന്റെ ഇശലും മുഖത്ത് മൊഞ്ചിന്റെ നിലാവും ഒരുമിച്ച് പെയ്തിറങ്ങിയ നാളുകൾ, തട്ടമിട്ട് മറയ്ക്കാൻ ഇഷ്ടമില്ലാതിരുന്ന സ്വപ്നങ്ങൾ; വിരിയുന്നതിന് മുൻപേ പറിച്ചെടുത്ത പനിനീർപൂവ് പോലെ  അവയെല്ലാം ആരും കാണാതെ ചുമരുകൾക്കത്ത് അടച്ചു വയ്ക്കപ്പെട്ടു. വളരെ പെട്ടന്നാണ് എല്ലാറ്റിൽ നിന്നും മുറിച്ചുമാറ്റിയത്. നിക്കാകിന്റെ വളക്കിലുക്കവും കല്യാണരാവിലെ ഒപ്പനപാട്ടും മനംകുളിർക്കേ കണ്ടുനിന്നിട്ടുണ്ട്.  എന്നാൽ അതിന്റെയെല്ലാം നടുവിലായി ഇരിക്കേണ്ടി വരിക, മറ്റൊരു ലോകത്തിലേയ്ക്ക് പറിച്ചു നടുക! എല്ലാം വളരെ പെട്ടന്നായിരുന്നു. മനസിന്റെ  യന്ത്രപുരയിൽ കിനാവ് മെനയാൻ വേണ്ടി  മാത്രമായിട്ട് സൃഷ്ടിച്ചവൻ പടച്ചുവെച്ചൊരു  മുറിയുണ്ട്. അതിന്ന് പൂട്ടികിടക്കുന്നു. ഏകാന്തമാണ് അവിടം;  നിരാശയുടെ മറാലയിൽ പതിഞ്ഞ നനുത്ത ദുഃഖങ്ങൾ ആ മുറിയുടെ ഓരോ കോണിലും കാണാം. ചിന്തകൾ പലപ്പോഴും പഴയ കാലത്തിലേയ്ക്ക് വലിച്ചു കൊണ്ടു പോകാറുണ്ട്. ഇഷ്ടമുള്ള വരികൾ വീണ്ടും വീണ്ടും കേട്ട് മയങ്ങുന്നതു പോലെ  കുട്ടിക്കാലവും ആവർത്തിച്ചിരുന്നെങ്കിൽ! കൂട്ടുകൂടി നടന്നുപോയ വഴികൾ മടക്കിക്കിട്ടിയിരുന്നെങ്കിൽ!   മാറിൽ മയങ്ങിക്കിടക്കുന്ന മഞ്ഞുതുള്ളിയെ സൂര്യതാപം   വകഞ്ഞുമാറ്റുമ്പോൾ  കുഞ്ഞണിപ്പൂക്കൾ   ഇക്കിളിപ്പെട്ട് കുണുങ്ങിച്ചിരിക്കുന്നപോലെയുള്ള; കള്ളനോട്ടം കാണുമ്പോൾ  ഏറ്റവും നാണിച്ചിരുന്ന യൗവനം മടങ്ങി വന്നെങ്കിൽ! ഇന്നീ ചുവരുകൾക്കപ്പുറം എന്റെ യവ്വനം പറന്നിറങ്ങാൻ വെമ്പുന്നു. നഷ്ടകലകൾ, എഴുതാൻ മറന്ന വരികൾ, കയറാൻ കൊതിച്ച പടികൾ എല്ലാം എനിക്കായ് കാത്തു നില്കുന്ന പോലെ. ആരോടും പറയാതെ ഹൃദയത്തിൽ തുടികൊട്ടുന്നൊരു താളമുണ്ട് ഒരു കിനാവുണ്ട്. തുറന്നിട്ട ജനൽപ്പാളികൾക്കിടയിലൂടെ  അനുവാദം പോലും വാങ്ങാതെ വന്ന കാറ്റ് ആലിംഗനം ചെയ്ത് കാതിൽ പറഞ്ഞതു പോലെ.  ഇനിയും മിണ്ടാതിരുന്നവർ അവയെല്ലാം അകന്നുപോകും. ഒരിക്കലും കൈനീട്ടിപിടിക്കാനാകാത്ത അകലത്തിലേയ്ക്ക്
x

മറുപടി




ചിന്തകളുടെ ലോകത്തു നിന്ന് ഉണർന്നപ്പോഴാണ്  ഒരുകൂട്ടം ചോദ്യചിഹ്നങ്ങൾ കണ്ണിനു മുന്നിൽ നൃത്തം ചെയ്യുന്നു എന്ന ബോധ്യമുണ്ടായത്.ചോദ്യങ്ങളുടെ അതിപ്രസരം അവഗണിക്കാനായി ഒന്ന്  തല ഉയർത്തി നോക്കി; മറുപടി നീരസ സ്വരത്തിലുള്ള ഒരു മൂളലിൽ മാത്രം  ഒതുക്കി നടന്നകലാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു, എങ്കിലും ഒന്ന് തിരിഞ്ഞു നോക്കി, അവഗണനയുടെ ചോദ്യ ചിഹ്നമൊരെണ്ണം തിരിച്ചങ്ങോട്ടും എയ്ത്  അഹംഭാവത്തോടെ നടന്നു നീങ്ങി.

ഇടവേള

 




                ഇതിപ്പോൾ നീണ്ട ഒരിടവേള ആയിരിക്കുന്നു എന്തെങ്കിലും കുത്തി കുറിക്കാൻ തോന്നിയിട്ട്. ഇവിടിങ്ങനെ കുറേനേരം ഇരിക്കുമ്പോൾ ചിന്തകൾ ചിത്രശലഭങ്ങളെപോലെ പറക്കാൻ ആണ് ആഗ്രഹിക്കാറ്. അടുത്ത് പിടിച്ചിരുത്തി എനിക്കിഷ്ടമുള്ളതു ചെയ്യണമെന്ന് വാശിപിടിക്കാൻ തോന്നാറില്ല. ഇന്നിപ്പോൾ കുറച്ചു നക്ഷത്രങ്ങളെ കൂട്ടിനു കിട്ടിയിട്ടുണ്ട്; മനസ്സും ചിന്തകളും ഒരിടത്തുള്ളത് പോലെ. പുറത്തെ പ്രകാശം ഉള്ളിലും പ്രതീക്ഷ ഉളവാക്കും എന്നാണല്ലോ. ഇവിടെയിരുന്ന് ആരുമറിയാതെ വിവർത്തനം ചെയ്ത എത്രയോ ചിന്തകകളെ ചിറകു പിടിപ്പിച്ചു പറത്തിവിട്ടിരിക്കുന്നു. എഴുതി പൂർത്തിയാക്കാത്ത എത്രയോ കത്തുകൾ ചവറ്റു കുട്ടയിലുപേക്ഷിച്ചിരിക്കുന്നു. ഒരിക്കൽകൂടി  അതൊക്കെ തുറന്നു വായിക്കാൻ ശ്രമിച്ചാൽ ചിലപ്പോളെനിക്കുതന്നെ സങ്കടമായേക്കാം!... അതിലേറെയും എന്റെ മാത്രം തോന്നലുകളായിരുന്നു. ഇരുട്ടിലേക്ക് നോക്കി ഇരിക്കുമ്പോൾ ഓർമ്മകൾക്കും അരണ്ട വെളിച്ചത്തിലൂടെ സഞ്ചരിക്കാൻ ആഗ്രഹമുണ്ടെന്നു തോന്നാറുണ്ട്. വിജനമായ വഴിയിലൂടെ വിഫലമായ ചിന്തകളുടെ കൈകോർത്തു  നടക്കാൻ പഠിച്ചു തുടങ്ങി അവൾ. കൂടെ ഒരാളുണ്ടെങ്കിൽ നിശബ്ദത നഷ്ടപ്പെടുമെന്ന  ദുരാഗ്രഹത്താൽ കൂടെ കൂട്ടാത്ത എത്രയോ കൂട്ടുകൾ....

അതിഥികൾ.....


ചിലരെ ഇഷ്ടം കൊണ്ട് ക്ഷണിച്ചു വരുത്താറുണ്ട്. അതിഥിയായിട്ടല്ല പ്രിയപ്പെട്ടവർ എന്ന തിരിച്ചറിവിലാണ്. പക്ഷേ അവർക്ക് എന്നും അതിഥികൾ തന്നെ ആയിരിക്കാനാണ് ഇഷ്ടം എങ്കിലോ? ചില അനുഭവങ്ങൾ അങ്ങനെയാണ്.
അവർക്കത് സമയവും കാലവും ഒരുമിച്ചു ഒത്തുവരുന്ന ചില പ്രത്യേക അവസരങ്ങളിൽ ചുമ്മാതൊരു നേരം പോക്കിനും, പഴകി മടുത്ത ചുറ്റുപാടിൽ നിന്നുള്ള വ്യത്യസ്തയ്ക്കും, സ്വയതൃപ്തിക്കും വേണ്ടി മാത്രമുള്ള വിരുന്നുകളാകാം. ചിലപ്പോൾ നമ്മുടെ ചുറ്റുപാടുകളോട് വളരെ വേഗം മടുപ്പു തോന്നിയിട്ടായിരിക്കാം! കൂടെ ഉള്ളപ്പോൾ അവർക്കു നമ്മൾ ആരൊക്കെയോ ആണെന്നുള്ള തോന്നലുകൾ നല്കും. എങ്കിലും അവർക്കു പോകാൻ ഇതിലും നല്ലയിടങ്ങൾ വേറെ ഉണ്ടെന്ന് പറയാതെ പറയുന്ന പല അവസരങ്ങൾ. അതുമല്ലെങ്കിൽ മടുപ്പ് തോന്നിയിട്ടുണ്ടാവാം.
അവർ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നോർക്കുമ്പോൾ ഭ്രാന്ത് പിടിപ്പിക്കുന്ന ഓർമ്മകൾ! അത് ആപേക്ഷികമാണ്, സമ്മതിക്കുന്നു.
പോകട്ടെ എന്ന് യാത്ര പറഞ്ഞിറങ്ങി വാതിൽപ്പടി കടക്കുമ്പോൾ അപരിചിതരെപ്പോലെ തോന്നുന്നവർ; അങ്ങനെ ചിന്തിക്കാൻ ശ്രമിക്കാം. വീണ്ടും
ക്ഷണിക്കാതിരിക്കാം. അല്ലെങ്കിൽ തന്നെ ദൂരെ നിന്നെങ്കിലും നിനക്കു സുഖമല്ലേ എന്ന് ചോദിക്കാനുള്ള അവസരങ്ങളെ മനപ്പൂർവ്വം വേണ്ടെന്നു വയ്ക്കുന്ന ബന്ധങ്ങൾ എന്തിനാണ്? ഇനിയെങ്കിലും വന്നുകണ്ടു മുറിപ്പെടുത്താൻ അവസരം കൊടുക്കാതിരിക്കാം. മനപ്പൂർവ്വം മറന്നുകളയുക എന്നതല്ലാതെ വേറെന്തു ചെയ്യാൻ.
ചില അതിഥികൾ അങ്ങനെയാണ്

അവൾക്കൊപ്പം




മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടൊരു യാത്ര...
അതെ ഈ സ്ഥലത്തോട് പ്രണയം തോന്നിത്തുടങ്ങിയിരിക്കുന്നു.
കൊടും തണുപ്പിന്റെ മൂർധന്യ അവസ്ഥയിൽ, രണ്ടു കണ്ണുകൾ ഒഴികെ മറ്റുള്ളതൊക്കെ മൂടിക്കെട്ടി, പല്ലും താടിയും കൂട്ടിയിടിക്കുന്ന നേരത്തു പതിയെ കൂടാരത്തിനുള്ളിൽ നിന്നിറങ്ങി ഒരു പാറപ്പുറത്തിരുന്നു, മണൽ വാരിയെറിഞ്ഞ പോലെ നക്ഷത്രങ്ങളുള്ള ആകാശത്തേക്ക് നോക്കി ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഒരു പുതപ്പിനുള്ളിൽ ചേർത്തുപിടിച്ചു കൂടെ ഇരുന്നു വാൽ നക്ഷത്രത്തെ കണ്ടുപിടിക്കാനും, ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീങ്ങുന്ന നക്ഷത്രത്തെ നോക്കി കണ്ണടച്ച് ഇഷ്ടമുള്ളത് ചോദിക്കാൻ നിർബന്ധിക്കാനും, നേരം വെളുക്കുവോളം പറഞ്ഞാലും തീരാത്ത കഥകൾ പറഞ്ഞു കൂടിരിക്കാനും ഒരാൾ! എന്തോ എവിടെയൊ ഒരു പന്തികേട് ഉണ്ടോ?
കുറച്ചു ദിവസങ്ങൾക്കു മുൻപുവരെ ഒരു മുൻപരിചയവുമില്ലാത്ത ഒരുവൾക്കൊപ്പം ഇത്രയേറെ സുരക്ഷിതത്വം അനുഭവിക്കാൻ എങ്ങനെയാണ് കഴിയുക?
ഒരു നോട്ടത്തിലൂടെ ബഹുമാനവും ഇഷ്ടവും പറയാതെ പറയാൻ ഒരാൾക്ക് കഴിയും എന്നവൾ മനസിലാക്കിയ ദിവസങ്ങളിൽ അവൾക്ക് അവളോട് തോന്നിയ പ്രണയം. കണ്ണെത്തുന്ന അകലത്തിൽ നിൽക്കാൻ, കാതെത്തുന്ന ദൂരത്തിൽ സംസാരിക്കാൻ, വീഴാതിരിക്കാൻ കൈ താങ്ങുന്ന കരുതലിൽ തൊട്ടു മുന്നിലോ പിന്നിലോ ആകാൻ; നട്ടപാതി രാത്രിക്കു മലമുകലിൽ വരെ പോയി ആകാശം കാണാൻ ധൈര്യം കുറവായിട്ടും നടന്നു തുടങ്ങിയ അവളെ പിന്തിരിപ്പിക്കാതെ മലമുകളിൽ വരെ ഒപ്പം നടന്നു, കൂടെ ഇരുന്നു; ജീവിതത്തിൽ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ചില കഥകൾ പറഞ്ഞു അന്ന് നേരം പോയതറിഞ്ഞില്ല.
അരായിരുന്നു അവൾ ആ ദിവസങ്ങളിൽ? ജീവിതത്തിൽ ഇന്നുവരെ നിങ്ങൾ ആരോടും ഇതൊന്നും പറഞ്ഞിട്ടില്ലേ? ഇടയ്ക്കിടെ ഇടറുന്ന ശബ്ദം കഷ്ടപ്പെട്ട് ശെരിയാക്കുന്നുണ്ടായിരുന്നല്ലോ! ഒക്കെയും മൂളികേട്ടിരുന്നു. പറഞ്ഞു തീർക്കട്ടെ സങ്കടങ്ങൾ എന്ന് തോന്നി. കാരണം അവൾക്കു ആ ദിവസങ്ങളിൽ കിട്ടിയ കരുതൽ അത്രമാത്രം വിലപ്പെട്ടതായിരുന്നു.
ദിവസങ്ങൾ പോയതറിഞ്ഞില്ല. ഒടുവിലാ ദിവസവും വന്നെത്തി. പരസ്പരം യാത്ര പറഞ്ഞു പിരിയാം. ഇനി കാണുമോ എന്നറിയാത്തതുകൊണ്ടാണോ എന്നറിയില്ല ആലിംഗത്തിന്റെ എണ്ണം കൂടിയത്. നീ എനിക്ക് പ്രിയപ്പെട്ടവരിൽ ഒരുവൾ ആയതു എങ്ങനെ എന്നറിയില്ല ഇന്നും. ഒരിക്കലും മറക്കില്ല എന്ന് അവസാന ആലിംഗനത്തിനൊപ്പം കാതിൽ പറഞ്ഞത് ഇന്നും മുഴങ്ങി കേൾക്കുന്നുണ്ടാവും ആ കാതുകളിൽ!

പട്ടം














പതിവിനു വിരോധമായെന്തോ നടക്കുന്നെന്നു തോന്നലുണ്ടായിട്ടു നാളേറെയായവൾക്കു. പ്രകടമാക്കുന്ന സ്നേഹത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലും എവിടെയാണ് എനിക്ക് തെറ്റിയത് എന്നാദ്യമാലോചിക്കുമവൾ. ഇതിപ്പോ നേരെ മറിച്ചാണല്ലോ എന്നോർക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ. കാരണം അന്വഷിക്കാൻ പലവട്ടം തോന്നിയെങ്കിലും "ഇങ്ങോട്ടു വന്നു പറയട്ടെ "എന്നൊരു സ്വാർത്ഥത. അറിഞ്ഞപ്പോൾ അറിയാതിരുന്നെങ്കിൽ എന്നാശിച്ചു. സംസാരത്തിലും ഭാവത്തിലും ഒക്കെ മറ്റൊരുവൾ നിറഞ്ഞു നിൽക്കുന്നതു കേട്ട ചെവികൾക്കു പോലും അരോചകത. ചോദിക്കാൻ വന്ന ചോദ്യങ്ങൾ ഒക്കെ ഹൃദയത്തിന്റെ വിങ്ങലായി ഒതുക്കാൻ അവൾ പഠിച്ചിരിക്കുന്നു. ഇനിയിപ്പോ ശീലമായിക്കോളും എന്ന് സ്വയം ആശ്വസിപ്പിക്കയല്ലാതെ വേറെന്ത്? ഓർമകളുടെ വർണ്ണ നൂലിനാൽ ബന്ധിച്ച പട്ടം എവിടെ വരെ പൊങ്ങി പറന്നാലും താഴേക്ക് തന്നെ പതിക്കും എന്ന സത്യം മറന്നുപോകാതിരിക്കട്ടെ .. "അതുവരെ പറക്കാൻ വിട്ട പട്ടം തിരികെ വരുന്നതും കാത്തിരിക്കുന്ന കുട്ടിയാവും അവൾ"

മഴത്തുള്ളികളുടെ താപം

മഴ തിമിർത്തു പെയ്യുന്നു. ജാലകപ്പടിയിൽ മുഖം ചേർത്തപ്പോൾ,ഉള്ളിൽ എവിടെയോ ഒരു ഇരമ്പൽ. ആദ്യമായ് ഇരുട്ടിനോട് ഭയം തോന്നുന്നപോലെ. ചിതറിത്തെറിച്ചു എന്നിൽ പതിക്കുന്ന മഴത്തുള്ളികൾക്കു താപം അനുഭവപ്പെടുന്നുണ്ടോ? സ്വയം ഇരുട്ടിലാക്കിയ മുഖത്തേക്ക് മനപ്പൂർവ്വം പ്രകാശം പരത്തുന്ന മിന്നൽ. ഇടിമുഴക്കങ്ങൾ കൊണ്ട് പലതും വൃഥാ എന്നോർമിപ്പിക്കുന്ന ശാസനകൾ. നീ ആർത്തു പെയ്യുമ്പോൾ നിന്നടൊപ്പം നനയാൻ കരുതിയ നിമിഷങ്ങൾ. നമുക്കിടയിലെ നിശബ്ദത പ്രണയം പറയാതെ പറഞ്ഞപ്പോൾ, ഭയം തോന്നി തുടങ്ങിയിരിക്കുന്നു. "ഞാൻ എന്ന ഓർമപോലും നിനക്ക് നിയന്ത്രിക്കാനാവും എന്നറിഞ്ഞിട്ടും,വെറുതെ ഒരു കാത്തിരുപ്പു! "നിനക്ക് ഞാനും എനിക്ക് നീയും മാത്രം" എന്നൊരിക്കലും നടക്കാത്ത സ്വപ്നവുമായ്. താത്കാലിക മനസംതൃപ്തിക്ക് വേണ്ടി അല്ലെങ്കിൽ,അടുത്തുണ്ടാവുമ്പോൾ പരസ്പരം ആവേശം കൊള്ളിക്കുന്ന ഒരു ഉത്തേജന ഔഷധിയായ് മാത്രമൊരു ബന്ധം എന്തിന് മുന്നോട്ടു. സ്നേഹത്തിന്റെ പൊട്ടിയ നൂലിനെ കൂട്ടി യോജിപ്പിച്ചു മടുക്കുമ്പോൾ മാത്രം ആവും മനസ്സിലാവുക, സ്വന്തമല്ലാത്തതൊന്നും പ്രതീക്ഷിച്ചു മുൻപോട്ടു പോകുവാൻ പാടില്ലായിരുന്നു എന്ന്. നീ കൂടെ ഉണ്ടാവണം എന്ന എന്റെ ആശക്കു സ്വാർത്ഥത എന്ന് പേരിട്ടു നീ വിളിക്കുമ്പോൾ മറന്നുപോകൂന്ന ഒന്നുണ്ട് .നിന്റെ ഇഷ്ടങ്ങളിലും ,സമയ പരിധിയിലും ,നിയമങ്ങളിലും മാത്രം മുൻ‌തൂക്കം കൊടുക്കാൻ സ്വയം നിർബന്ധിച്ചു മടുത്തൊരു മറുപുറം ഉണ്ടിവിടെ. ഇടയിലെവിടെയോ തുടങ്ങിയതിനെ ഇടവേളയിൽ ഉപേക്ഷിച്ചതിന്റെ വിശദീകരണം അന്വേഷിക്കാൻ പോലും തോന്നാത്ത വിധം മാറിയിട്ടുണ്ടാകും . ഒരേ ദിശയിൽ ഒഴുകിയിരുന്ന ജീവിതചര്യകൾക്കിടയിൽ അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ അറിഞ്ഞുകൊണ്ട് അനുവദനീയമാക്കാൻ ശ്രമിച്ചു. കാരണങ്ങൾ ചോദിച്ചു ശ്വാസം മുട്ടിച്ചു വിഫലപ്പെടുന്ന ശ്രമങ്ങളെ കൂട്ടിവച്ചൊരു കൂമ്പാരമാക്കി സൂക്ഷിക്കുക എന്നൊരു ശീലമുണ്ടവൾക്കു. പലപ്പോഴും ആ കൂമ്പാരങ്ങൾക്കുള്ളിൽ ചികഞ്ഞു മറ്റു പല ചോദ്യത്തിനും ഉത്തരം കണ്ടെത്താറുണ്ടത്രെ. പരസ്പരം അവകാശ വാദം ഉന്നയിക്കാൻ കഴിയാതെ മൗനം പാലിക്കപ്പെട്ട ചില ഇഷ്ടാനിഷ്ടങ്ങൾ. ചില തീരുമാനങ്ങൾ ധ്രുതഗതിയിൽ എടുക്കുന്നതായതിനാൽ ആവും, നിമിഷനേരത്തേക്കുള്ള മനസുഖം മാത്രമെന്ന് തിരിച്ചറിയുമ്പോളേക്കും, സ്വയം കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്നവ. ഓർമകൾക്ക് പോലും നീ വിലക്ക് കല്പിച്ചൊരു ദിവസം കൂടി മധുരമുള്ളൊരു ഓർമയായി കുറിക്കട്ടെ. നമുക്ക് മാത്രമായ് എഴുതി ചേർത്തൊരു ദിനം. "ഇന്നിനെ ഓർമിപ്പിച്ചു പരസ്പരം ശ്വാസംമുട്ടിക്കാനായി ഇനി ഒരു നാളെ ഉണ്ടാകാതിരിക്കട്ടെ ". ഇനി എനിക്കൊന്നുറങ്ങണം, ആകാശത്തിനു താഴെ, മിന്നാമിന്നിവെട്ടം പോലും കടന്നുവരാൻ മടിക്കുന്നൊരു മൂലയിൽ ചുരുണ്ടുകൂടി ദിവസങ്ങളോളം; രാവും പകലുമറിയാതങ്ങനെ......

പറിച്ചുനടൽ

"തൊട്ടാവാടിയുടെ മുള്ളിനാൽ മുറിപ്പെട്ട നീറ്റൽ. അത് മാറാൻ ആ ചെടിയെ പിഴുതെറിയാൻ ശ്രമിക്കുന്നപോലെ. പിഴുതെറിഞ്ഞു കളയാൻ പലകുറി ശ്രമിച്ചിട്ടും സ്ഥിരമതിൻ സ്ഥാനം. സ്വയം തൊട്ടു മുറിവേറ്റതല്ലേ?പിന്നെന്തിനെന്നെ പിഴുതെറിയുന്നു? ഒരു മാറ്റം അനിവാര്യമാണ് എന്ന് തോന്നി തുടങ്ങിയതിനാലാണ് ഈ ശ്രമങ്ങൾ എങ്കിൽ സ്വയം ഒരു പറിച്ചുനടൽ അല്ലേ വേണ്ടത്? അല്ലാതെ ഞാൻ എല്ലാം തികഞ്ഞവനെന്നു ഭാവിച്ചു മറ്റുള്ളവരെ പുച്ഛത്തോടെ നോക്കുമ്പോൾ, പറിച്ചെറിയുമ്പോൾ അറിയേണ്ട ഒരു കാര്യമുണ്ട്: ഈ ഓട്ടം പൂർത്തിയാക്കി തിരിച്ചു പോകുമ്പോൾ നമ്മൾ നേടിയതും വെട്ടിപ്പിടിച്ചതും ഒന്നും കൊണ്ടുപോകില്ല, മറിച്ച്, നമ്മൾ സ്നേഹത്തോടെ നേടിയതും പങ്കുവെച്ചതുമായ ജിവിതസത്യങ്ങൾ മാത്രമേ കൂട്ടിനുണ്ടാകു. മരണമെന്നുന്നുണ്ട് മർത്യാ മറന്നിടാതിരിക്കട്ടെ. ഇന്നല്ലെങ്കിൽ നാളെ മണ്ണിൽ ചേരേണ്ടവരാണെല്ലാവരും.അടുത്ത തലമുറയ്ക്ക് ഓർത്തു വക്കാൻ വേണ്ടി എങ്കിലും ചില സത്യങ്ങൾ അംഗീകരിച്ചു കൂടേ?

ചില ഇഷ്ടങ്ങൾ-2

അതെ, ഇഷ്ടങ്ങൾ അങ്ങനെയാണ്! ചിലപ്പോൾ ആർത്തിരമ്പിയടുക്കുന്ന തിരമാലകൾ പോലെ. മറ്റു ചിലപ്പോൾ കാഴ്ചകൾക്ക് മങ്ങലേല്പിക്കുന്ന കൊടും കാറ്റായ്. ചില ഇഷ്ടങ്ങളെ രഹസ്യമായി താലോലിക്കുമ്പോൾ മറ്റുചിലതിനെ
സ്വന്തമാക്കുന്നു. ഒരിക്കലും സ്വന്തമാവില്ലെന്നു അറിഞ്ഞിട്ടും മോഹങ്ങളുടെ വെള്ളി നൂലുകളാൽ കെട്ടി വരിഞ്ഞ ചിലതുമുണ്ട്. ഒരിക്കലും തിരിച്ചു കിട്ടാതെ പതിരായ് പോകുന്നവയും അങ്ങനെ പലതും.
അതിൽ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടവയും; മറ്റൊരാളുടേതാണെന്നറിഞ്ഞിട്ടും ഇഷ്ടപെടുന്നവയും, എങ്കിലും പല ഇഷ്ടങ്ങളെയും നമ്മൾ നഷ്ടപെടുത്തുമ്പോൾ. പ്രിയപ്പെട്ട കളിപ്പാവ നഷ്ടപെട്ടുപോയപ്പോൾ ആ ഇഷ്ടം ഏറെനാൾ  മൗനദുഃഖമായുള്ളിലൊളിപ്പിച്ചു പുറമേ ചിരിച്ചതു പോലെ. ഈ വേദനയുള്ള ചിരി ഒരുപക്ഷെ മറ്റൊരാൾക്ക് ഇഷ്ടമാണെങ്കിൽ അതിനെ നമുക്കും കൂടെ ഇഷ്ടപെട്ടുകൂടെ. ചിലപ്പോൾ ഇഷ്ടങ്ങൾ അതിന്റെതായ പരിശുദ്ധിയോടെ മനസ്സിൽ സൂക്ഷിക്കാൻ വിധിക്കപ്പെടുമ്പോൾ, സന്തോഷം പ്രതിഫലിപ്പിക്കുന്നൊരു ഭാവമുണ്ടാകണം മുഖത്ത്:  ഒരു സ്ഥായിഭാവം! “അതെ, ചില ഇഷ്ടങ്ങൾ അങ്ങനെയാണ്. ഒരു ചിരിയിൽ ഒതുങ്ങുന്നവ! സ്വയം എന്തിനെന്ന് ചോദിക്കുമ്പോൾ, ഉത്തരം ഒരു ചിരിയിൽ മാത്രം ഒതുക്കുന്നവ!"             s.v.


In a Desert....

ചുട്ടെരിഞ്ഞുനിന്ന നീണ്ടപകൽ ദൂരേ ചക്രവാളത്തിലേയ്ക്ക് ഒതുങ്ങിനിന്ന് കരിന്തിരി കത്തിത്തുടങ്ങി. പടിഞ്ഞാറൻ ചരിവിലൂടെ ചുവന്നു തുടുത്ത സൂര്യബിംബം ഊർന്നിറങ്ങുന്നു. മുകളിൽ അന്തരീക്ഷവും താഴെ മണൽത്തരികളും ഘനീഭവിച്ചു തുടങ്ങി. പ്രകൃതി ഒരിക്കൽക്കൂടി കാഴ്ച്ചകൾ വാരിക്കൂട്ടി ഇരുളിന്റെ ഭാണ്ഡത്തിലൊളിപ്പിക്കാൻ തിരക്കുകൂട്ടുന്നു. ഒരിക്കലും വിശ്രമിക്കാൻ ഇഷ്ടപ്പെടാത്ത സമയം മാത്രം അതിന്റെ യാത്ര തുടരുന്നു. മനസ്സ് ശാന്തമല്ല; എന്തൊക്കെയോ ഓർത്തെടുക്കാനുളള ശ്രമം ഉള്ളിലെവിടെയോ നടന്നുകൊണ്ടിരിക്കുന്നു. ആരും വിളിക്കാതെ വരുന്ന അതിഥിയാണ് ചിന്തകൾ, അവയ്ക്ക് ഔപചാരികതകൾ തെല്ലുമുണ്ടാകാറില്ല. രാപ്പകലില്ലാതെ മാറിമാറി മനസിനെ മടുപ്പിക്കുന്നു എന്നുള്ള കുറ്റബോധവും ഇല്ല. വരുമ്പോൾ വഴിയിലെവിടെയൊക്കയോ വലിച്ചെറിഞ്ഞ മുറിവുകളും ഉണ്ടാകും കൂട്ടിന്. വഴിയമ്പലത്തിൽ വലിഞ്ഞുകേറി വന്ന് രാത്രി മുഴുവൻ പൊട്ടിച്ചിരിച്ച് യാത്ര പോലും പറയാതെ രാവിലെ നടന്നകലുന്ന ഭ്രാന്തനേപ്പോലെ, ഉറക്കം കെടുത്തുന്ന ത്രികാല ചിന്തകൾ. ഭാരമാകാതിരിക്കാൻ ഇന്നലകളിൽ വലിച്ചെറിഞ്ഞവ ഇന്ന് അതിനേക്കാൾ ഭാരമാകുന്നു. ഈ രാത്രിയിലെങ്കിലും ചിന്തകളെ അതിജീവിക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു.
കൺപോളകൾ ചാഞ്ഞിറങ്ങുന്നു. 
ഈ രാത്രിയിൽ മനസ്സ് സ്വപ്നങ്ങൾക്ക് മാത്രമുള്ളതാണ്.



വേനൽമരം

മാറിൽ പറ്റിച്ചേർന്ന് വളരുന്ന വളളിച്ചെടിക്ക് വേനൽമരമൊരു താങ്ങ് മാത്രമാണ്. അതിന് ഉയർന്ന് നില്ക്കാനൊരു തടിമാത്രം. എല്ലാവരും കൺകുളിർക്കേ കാണുന്ന രസിപ്പിക്കുന്ന കൗതുകം. ഇനിയും ഇങ്ങനെ എത്രനാൾ. ആൾക്കൂട്ടത്തിലും തനിയെ നില്ക്കുന്നത് ഒരു രസമാണ്.  എന്നാലും പരിമിതികൾ ഇല്ലേ?
കൂടെയില്ലെന്ന് അറിഞ്ഞപ്പോൾ, ഒരിക്കൽക്കൂടെ നീ കൂടെയുണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോയി. തിരക്കുകളുടെ ലോകത്താണ് നീ. ഇനിയൊരു മടക്കം അസാദ്ധ്യമാണെന്നറിയാം. നീയും ഞാനും മാത്രമുള്ള ഒരു യാത്ര, അതിരുകൾ ഇല്ലാത്ത ഒരു വഴിയിൽ ഒരുമിച്ചൊരു യാത്ര. സ്വപ്നങ്ങൾക്ക് പരിമിതികൾ ഇല്ലല്ലോ.

തനിയേ..

ഈ വിജനവീഥിയിലൂടിങ്ങനെ ഒറ്റയ്ക്ക് നടക്കാൻ എന്ത് രാസമാണെന്നോ! ഇരുളിന്റെ വശ്യമായ സൗന്ദര്യത്തോടും, ചീവീടിന്റെ ശബ്ദ മുഖരിതമായ ചുറ്റുപാടുകളോടും, ഇടയ്ക്കിടെ എന്നെ തഴുകി മറയുന്ന തെന്നലിനോടും പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു. ലക്ഷ്യമില്ലാത്ത ഈ യാത്രയിൽ നിന്നെയും കൂടെ കൂട്ടാമായിരുന്നെന്ന് പലപ്പോഴും തോന്നാറുണ്ട് , കൂടെ നടന്നു കൊതി തീർന്നിട്ടല്ലെന്നു നിനക്കും എനിക്കും അറിയാം എന്നിട്ടും!! മറ്റുള്ളവർക്ക് വേണ്ടി ഹോമിച്ച സ്വപ്നങ്ങളിൽ ഈ യാത്രയും കൂടി ചേർക്കാം. കൂടെ  നീ  വേണമെന്ന്  തോന്നുമ്പോളൊക്കെ കൂട്ടില്ലാതെയുള്ള യാത്രയും ആസ്വദിക്കാൻ കഴിയുമെന്ന് നീ പറഞ്ഞത് കാതിൽ പ്രതിധ്വനിച്ചു കേൾക്കാറുണ്ട്.

കണ്ണും മനസ്സും നിറച്ചൊരു "900 കണ്ടി" യാത്ര

        ജീവിതം കൊതി തീരാത്ത ഒരു യാത്രയാണ്. ഈ യാത്രയിൽ എത്ര കണ്ടാലും മതിവരാത്ത ചില  വഴികളും  കാഴ്ചകളും ഉണ്ടാകാം! നിനച്ചിരിക്കാത്ത വേളകളിൽ ചില അറിയിപ്പുകൾ നമ്മിൽ ചെറിയ സംഘർഷങ്ങൾ സൃഷ്ടിക്കുകയും അത് മനോഹരമായ അനുഭവങ്ങളായി മാറുകയും ചെയ്യും. അങ്ങനെയൊരു അറിയിപ്പായിരുന്നു അന്ന് വന്നത്; അതും ഏറേ സ്നേഹിക്കുന്ന സഞ്ചാരി ഗ്രൂപ്പിൽ നിന്നും: "മൺസൂൺ ട്രിപ്പ് എങ്ങോട്ട് എന്നുള്ള തീരുമാനം രാത്രി 8 മണിക്ക് അറിയിക്കും". പകച്ചു പോയി ഈ വാർധക്യം!!!! കാരണം ഒരു വയനാട്-കല്യാണയാത്ര കഴിഞ്ഞ് വീട്ടിൽ വന്നുകേറിയത് അന്നായിരുന്നു. ആ യാത്ര മിക്കവാറും
കണ്ണൂരേയ്ക്കായിരിക്കും എന്നൊരു കിംവദന്തി ഉണ്ടായിരുന്നതിനാൽ ആദ്യമൊക്കെ ശരി രാത്രി ആകട്ടെ ചിന്തിക്കാം എന്നൊരു കുണ്ഠിതഭാവത്തോടെ പാട്ടും കേട്ട് അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ. ദാ! വരുന്നു അമ്മുവിന്റെ വിളി, സന്ധ്യേച്ചിയെ അറിയിപ്പ് വന്നു. "തൊള്ളായിരം കണ്ടിക്കാണ് ട്രിപ്പ്", വേഗം ലിസ്റ്റിൽ പേരിട്ടോ." ചപ്പാത്തി പരത്തുന്നത് ഒന്ന് നിർത്തി....വായനാട് പോയി ഇങ്ങോട്ട്  വന്നതേയുള്ളു. പിന്നെയും അങ്ങോട്ട് പോണം എന്ന് പറഞ്ഞാൽ കെട്ടിയോൻ എങ്ങനെ പ്രതികരിക്കുമോ ആവോ? "അമ്മുവേ, ഞാൻ വരുന്ന കാര്യം സംശയമാണ്. ആദ്യം ചോദിച്ചു നോക്കട്ടെ. എന്നിട്ടു പേരിടാം"  അയ്യോ! അത് പറ്റില്ല,  ഇപ്പോൾ തന്നെ ലിസ്റ് ഫുൾ ആവും, നിങ്ങൾ പേരിടു. എനിക്ക് നിങ്ങളെ മിസ്സാവും. കൂടൊരു സെന്റി ഡയലോഗും. രണ്ടും കല്പിച്ചു ടെലഗ്രാമിൽ ഞങ്ങടെ ഫാമിലി ഗ്രൂപ്പിൽ ഒന്ന് എത്തിനോക്കി. ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കണ്ടു കണ്ണ് തള്ളി. 45 പേര് ഓൺലൈനിൽ, അപ്പോളേക്കും ലിസ്റ്റിൽ മുക്കാൽ ഭാഗവും ഫുൾ. ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഗ്രൂപ്പിൽ കാവലിരുന്നു വരെ സ്വന്തം സീറ്റ് ഉറപ്പിച്ചവർ വേറെയും രണ്ടുംകല്പിച്ചു... "yes I am coming" സ്ഥാനം ഉറപ്പിച്ചു. ഈശ്വരാ കാത്തോളണേ, ഇനി എങ്ങനേലും കെട്ടിയോനെ ഒന്ന് സമ്മതിപ്പിക്കണം. വയനാട് എപ്പോളും പോകാൻ താല്പര്യമുള്ളതും, ഏകദേശം ഒരുമാസം സമയമുണ്ട് എന്നതിനാലും ആ കടമ്പയും കടന്നു. കാറിൽ രണ്ടു പേർക്ക് കൂടി സ്ഥലം കൊടുക്കാം എന്നും വാക്ക് കൊടുത്തു.
        പോകാനുള്ള ദിവസം ഇങ്ങു വന്നെത്തി. കൂടെയുള്ളവർ ചിലർ വെള്ളിയാഴ്ച രാത്രി പുറപ്പെട്ടു. ഗുണ്ടൽപേട്ടയിൽ എത്തി കാറിൽ കിടന്നു ഉറങ്ങാം എന്നുറപ്പിച്ചു ഞങ്ങൾ അഞ്ചുപേരും യാത്ര തിരിച്ചു. ഗുണ്ടൽപേട്ട കോഫിഡേക്കു മുന്നിൽ വണ്ടിനിർത്തി ചെറുതായൊന്നുറങ്ങി എല്ലാവരും ഒരുമിച്ച് യാത്ര തുടർന്നു. മറ്റുള്ള വാഹനങ്ങൾക്കൊപ്പം ഞങ്ങളുടെ കാറും പതിയെ നീങ്ങിത്തുടങ്ങി, "തൊള്ളായിരം കണ്ടി" ആണ് ലക്ഷ്യം. വേഗത കൂടുന്നതിനൊപ്പം കണ്ണുകളും അടയാൻ ആരംഭിച്ചു. ഇപ്പോൾ അല്പം ഉറങ്ങിയില്ലെങ്കിൽ പിന്നീട് അത് വലിയ ക്ഷിണമാകുമെന്നറിയാം. ഇടക്ക്  ഉണരുമ്പോളൊക്കെ എവിടെയെത്തിയെന്ന് ആകാംഷയോടെ നോക്കികൊണ്ടിരുന്നു.  അല്പനേരത്തേ യാത്രയ്ക്ക് ശേഷം പാതയോരത്ത് നിർത്തി പ്രഭാതഭക്ഷണം കഴിച്ചു. അവിടെ നിന്ന് യാത്ര പുനരാരംഭിക്കുന്നതിന് മുൻപ് ഒരു ഗ്രൂപ്പ്ഫോട്ടോ എടുക്കാനും മറന്നില്ല. ചില മണിക്കൂറുകൾ നീണ്ട യാത്ര ഞങ്ങൾ ലക്ഷ്യസ്ഥാനത്തു എത്തിച്ചേർന്നു.
        പതിനേഴു വണ്ടികളുടെ നീണ്ട റാലി കണ്ടിട്ടാവണം നാട്ടുകാരിൽ ചിലർ ഞങ്ങളുടെ വഴി തടഞ്ഞു. കാരണം അവർ പറയുന്നത് ഇവിടെ വരുന്നവർ കാടും പുഴയും മലിനമാക്കുന്നു എന്നതാണ്.   ഞങ്ങൾ അവരെ പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിച്ചു. ഞങ്ങൾ സഞ്ചാരി കുടുംബം ആണ് , ഞങ്ങൾ  കാടിനേയും പുഴയെയും സ്നേഹിക്കുന്നവരാണ്, ഒരിക്കലും നിങ്ങൾക്കു ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.  അവസാനം ഞങ്ങളുടെ റിസോർട് ഉടമസ്ഥൻ വന്നു സംസാരിച്ചപ്പോൾ മാത്രമാണ് അവർ സമ്മതിച്ചത് അങ്ങനെ ആ തടസവും മാറിക്കിട്ടി.
    എന്നാൽ അതിലും വലിയ വെല്ലുവിളിയായിരുന്നു മുമ്പോട്ടുള്ള യാത്ര. കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെ മുകളിലോട്ട് പോകുക എന്നത് അല്പം പ്രയാസമാണ്. ആരോഗ്യമുള്ള വണ്ടികൾ തന്നെയും അല്ലാത്തവ ആരോഗ്യമുള്ള ആൺ പിള്ളേരുടെ ശക്തി കൊണ്ടും  പെൺപിള്ളാരുടെ "തള്ളൽ" കൊണ്ടും  മുകളിലെത്തി. മുൻകൂട്ടി ഏർപ്പാടാക്കിയ താമസസ്ഥലത്ത് ചെന്നെത്തി ലിസ്റ്റു പ്രകാരം ഒരോരുത്തരും  അവരവരുടെ മുറികൾ കൈയടക്കി കെട്ടും പാണ്ടവും അവിടെ വച്ച് പെട്ടന്നുതന്നെ അടുത്തുള്ള  വെള്ളചാട്ടത്തിലേക്കു യാത്ര തിരിച്ചു. ഏകദേശം അഞ്ചു കിലോമീറ്ററോളം നടന്നു വേണം വെള്ള ചാട്ടത്തിലെത്താൻ. ആ യാത്ര വളരെ ആസ്വദിച്ചു, അട്ടയുടെ ശല്യം ഉണ്ടായിരുന്നെങ്കിലും അതും രസകരമായി തോന്നി. ഓരോരോ കഥകൾ പറഞ്ഞും വശ്യ മനോഹരമായ പ്രകൃതിയെ ക്യാമറക്കുള്ളിൽ ഒപ്പിയെടുത്തും കല്ലടി പുഴയുടെ ചെറു ഒഴുക്കുകൾ കണ്ടും ഒടുവിൽ ഞങ്ങൾ വെള്ളച്ചാട്ടത്തിൽ എത്തിച്ചേർന്നു. മനസിന് കുളിർമ പകരുന്ന സുന്ദരമായ പ്രകൃതി,  തണുത്തുറഞ്ഞുപതഞ്ഞു സുന്ദരിയായി മോഹിപ്പിച്ചും ആകർഷിപ്പിച്ചും ഒഴുകുന്ന പുഴ. എല്ലാവരും മനസുനിറയേ  കുളിച്ചു, വെള്ളത്തിൽ സ്വയം മറന്ന ഞങ്ങളെ വിശപ്പിന്റെ വിളി വിളിച്ചുണർത്തി. മനസില്ലാ മനസ്സോടെ അവിടെ നിന്ന് തിരികെ നടന്നു. അത് വരെ അനുസരണയോടെ നടന്ന കാലുകൾ അപ്പോൾ അനുസരണക്കേടു കാട്ടുന്നതുപോലെ തോന്നി. എങ്കിലും സ്വയം പ്രാത്സാഹിപ്പിച്ചു കാടിനെ ആസ്വദിച്ചും താമസ സ്ഥലത്തെത്തി. ജീവിതത്തിലാദ്യമായി ചോറ് കണ്ടതുപോലെ അത്യാവശ്യം  ആക്രാന്തത്തോടെ , മീൻ വറുത്തതും കൂട്ടി അത് വാരി കഴിക്കുമ്പോൾ കണ്ണ് നിറഞ്ഞു(ശ്വാസംകിട്ടാതെ) ഒപ്പം വയറും.
                 ഇത്തിരി നേരം വിശ്രമിച്ചശേഷം ഞങ്ങൾ  മറ്റൊരു വ്യൂ പോയിന്റ് കാണാൻ പുറപ്പെട്ടു. പച്ചപ്പട്ട് പുതച്ച മനോഹരിയായ മലനിര. വിശപ്പും ദാഹവും ഈ കൊടും തണുപ്പും ഇല്ലായിരുന്നെങ്കിൽ എല്ലാം മറന്നു അവിടങ്ങനെ ദിവസങ്ങളോളം വെറുതെയിരിക്കാൻ മനസ്സുകൊതിച്ചു. കാടിനുള്ളിൽ ധാരാളം വന്യ ജീവികൾ ഉണ്ട്.   ഇരുട്ടുമ്പോൾ അവ ഓരോന്നായി പുറത്തിറങ്ങും അതിനാൽ  ഇരുൾ വീഴും മുമ്പേ ഞങ്ങൾ  തിരികെ താമസ സ്ഥലത്തെത്തി. അപ്പോഴേക്കും കട്ടൻ ചായയും ഉള്ളിവടയും എത്തി. കുറച്ചു പേർ ടെലിവിഷനിൽ ഫുട്ബാൾ കണ്ടും കുറച്ചുപേർ അന്താക്ഷരി കളിയുമായി കുറച്ച് സമയം ചിലവിട്ടു.രാത്രി ഭക്ഷണം റെഡിയാണെന്ന അറിയിപ്പു വന്നു. അടുത്ത യുദ്ധം അവിടെയായിരുന്നു. കിടക്കുന്നതിന് മുന്പ് ഒരു ചോദ്യോത്തര മത്സരം നടത്തി. എല്ലാവരും അതിൽ പങ്കുചേർന്നു.
       ഇനി ഒന്നുറങ്ങിയാൽ മതി. കിടന്നതു മാത്രമേ ഓർമ്മയുള്ളു. രാവിലെ ഉണർന്നപ്പോഴേക്കും മിക്കവാറും എല്ലാവരും  യാത്ര തിരിക്കാൻ റെഡി ആയിരുന്നു. നല്ല തലവേദനയും ജലദോഷവും ഉണ്ടായിരുന്നതിനാൽ ഒന്ന് ആവി പിടിച്ചു,കഴിഞ്ഞു കിടുക്കാൻ പ്രഭാത ഭക്ഷണവും കഴിച്ചു. ഇനി തൊട്ടടുത്തുള്ള വ്യൂ പോയിന്റിലേയ്ക്ക്. അവിടെ കണ്ട കാഴ്ചയും ആ കസേരകളും സ്വയമൊന്ന് പ്രണയിക്കാൻ ഓർമിപ്പിച്ചു. ആ ഒരു ദിവസം ഞങ്ങളെ സഹിച്ചവരോടും ഭക്ഷണം ഉണ്ടാക്കി തന്നവരോടും നന്ദി പറഞ്ഞു ഇറങ്ങി. കയറിവന്നതുപോലേ കഷ്ടപ്പാടില്ലാതെ എല്ലാവണ്ടികളും താഴെ എത്തി. മുകളിലേക്ക് നോക്കുമ്പോൾ വഴിതടഞ്ഞ നാട്ടുകാരെ ഓർമ വന്നു. ഈ നാട് അവരുടെ സ്വകാര്യ അഹങ്കാരം ആണല്ലോ എന്നോർത്തപ്പോൾ അവരോട് അല്പം കുശുമ്പും തോന്നി. മാനന്തവാടിയിലെത്തി ഉച്ചയൂണും കഴിഞ്ഞു ഞങ്ങൾ രണ്ടു ഗ്രൂപ്പുകളായി പിരിഞ്ഞു .ഒരു ഗ്രൂപ്പ് കബനി വഴിയും, മറ്റുള്ളവർ നഗർഹൊളെ വഴിയും തിരിഞ്ഞു. ഇടയ്ക്കു എസ്‌.ഐ നയിക്കുന്ന വണ്ടി കുട്ടേട്ടന്റെ ഉണ്ണിയപ്പക്കട വരെ പോവാൻ ക്ഷമ കാണിച്ചതിലാൽ ചൂടുണ്ണിയപ്പം കഴിച്ചു. കബനിവഴി ആദ്യമായി പോകുന്നതിനാൽ ആണോ എന്നറിയില്ല  ആ വഴിയിലെ കാഴ്ചകൾ എന്നെ ചേർത്തുപിടിച്ചു. എന്താണെന്നറിയില്ല ആ യാത്രയോട് വല്ലാത്തൊരു പ്രണയം തോന്നി. വന്ന വഴിയെക്കാൾ മനോഹരമായിരുന്നു കബനി വഴിയുള്ള യാത്ര. മഴയിൽ നനഞ്ഞു കുറെ ഫോട്ടോ പിടിച്ചു. "വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം" കൂട്ടം വിട്ട്  ബാംഗ്ലുരിനെ ലക്ഷ്യമാക്കി തിരിച്ചു. തലശ്ശേരിയിൽ നിന്നൊരു ചായയും കുടിച്ചു. എത്രയും വേഗം ഇനി വീടെത്തണം. കൂടെ ഉണ്ടായിരുന്നവരെ തിരികെ എത്തിച്ച് അവസാനം ഞങ്ങളും വീട്ടിലെത്തിചേർന്നു.
      വീണ്ടും  ജീവിതത്തിന്റെ ആവർത്തനവിരസതകളിലേയ്ക്ക്. യാത്രയുടെ ആലസ്യത്തിൽ ഉറക്കത്തിലേയ്ക്ക്......  സ്വപ്നങ്ങളിൽ "തൊള്ളായിരം കണ്ടി" നിറഞ്ഞു നിന്നു.....

പോകാനുള്ള വഴി.
കോഴിക്കോട് നിന്ന് വയനാട് /താമരശ്ശേരി ചുരം വഴി വന്നാൽ

ചുണ്ടേൽ-മേപ്പാടി- സൂചിപ്പാറ വഴിയിൽ മകാം>പാലം> വലത്തോട്ട്‌...
Google map...
https://goo.gl/maps/7igBoYwXEvM2
From Bangalore
https://goo.gl/maps/UmBUxPiCMYo

നല്ല പ്ളാനിംഗ് ഉണ്ടെങ്കിൽ മാത്രമേ ഈ മനോഹരമായ സ്ഥലത്തേക്കുള്ള യാത്ര വിജയകരമാക്കാൻ കഴിയു. 900 കണ്ടി പോകാനും അവിടെ താമസിക്കാനും താത്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക.

http://greenmountainresorts.in/
https://www.facebook.com/GreenMountainResorts/
Sunny - 094470 43889
Charles - +91 97444 82007

Breakfast Buffet @
================
Hotel vazhiyoram, Kakkavayal.
#090610 50250

Sunday Meals @
============
Wynn Berry Family Restaurant, Mananthavady
#070343 18177

ഒഴുക്കിനെതിരെ

ഒരു ജനതയുടെ വേദന മുഴുവൻ സ്വന്തം വേദനായി കാണാൻ കഴിയുക എന്നതായിരിക്കും ഒരു നേതാവിന്റെ ശ്രേഷ്ഠത. അതിനായി സ്വന്തസുഖങ്ങൾ കൂടി വേണ്ടെന്നു വെച്ചാലോ? ഇങ്ങനെയുള്ളവർ ചരിത്രത്തിൽ വളരെ വിരളമായിരിക്കും. അങ്ങനെ ഒരാൾ എബ്രായ ജനതയുടെ വിമോചകനും ചരിത്രനായകനുമായപ്പോൾ  ലോകത്തിൽ ഏറ്റവും അതികം സന്തോഷിച്ചത് തന്റെ മാതാവായിരുന്നിരിക്കാം. ലോകം  ഇന്നു വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ വംശീയ-രാഷ്ട്രീയ പീഢനമേറ്റ ഒരു ജനവിഭാഗത്തിന്റെ വിടുതലിൻ ചരിത്രത്തിലെ സംഭവബഹുലമായ ഒരു ഏട്. 
കാത്തിരുന്ന് കിട്ടിയ സ്വന്തകുഞ്ഞുങ്ങളെ വളർത്തുവാൻ പോലും അനുവാദമില്ലാതിരുന്ന ഒരു നാട്ടിൽ അതീവസൗന്തര്യം ഉണ്ടായിരുന്ന തന്റെ ആൺകുഞ്ഞിനെ സ്വന്തമാറിൽ നിന്നും പറിച്ചുമാറ്റേണ്ടി വന്ന ഒരു മാതാവിന്റെ ഹൃദയതകർച്ച; അത് ഏത് ക്രൂരഭരണാധികാരിയേയും ശാപംപോലെ പിൻതുടർന്നു നശിപ്പിക്കാൻ പോന്നതായിരിക്കും. ചരിത്രം അതിനും സാക്ഷി. ഒരു കുഞ്ഞ് ഉദരത്തിൽ ഉരുവായെന്നറിഞ്ഞ നാൾമുതൽ കണ്ട സ്വപ്നങ്ങൾ  വേദനയായ് തിരിഞ്ഞുകൊത്തുമെന്ന്  ആ മാതാവ്  അറിഞ്ഞിരുന്നില്ല. അവൻ ചൂടുപറ്റിക്കിടന്നുറങ്ങിയ നേർത്ത കമ്പിളിപുതപ്പോടുകൂടി കോരിയെടുത്ത് ഒരു ഞാങ്ങണപെട്ടിയിൽ കിടത്തുമ്പോൾ അവൾക്ക് വലിയ വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നു. ആരും കാണാതെ നീലനദിയിലൊഴുക്കണം; എബ്രായകൂടാരങ്ങളിൽ ഉയർന്നുകേട്ട വിലാപം സ്വന്തം വീട്ടിൽ ഉണ്ടാകരുതേ എന്ന ഒരു മാതാവിന്റെ കേവലസ്വപ്നം മാത്രം. തകര്‍ന്നഹൃദയവും ഇടറുന്ന ചുവടുകളുമായി നടന്നുനീങ്ങിയത് സ്വജനതയുടെ വിമോചകനാകാൻ പിതാക്കൻമാരുടെ ദൈവം കണ്ടിരുന്ന ഒരുവനുമായിട്ടാണെന്ന് അന്നാ മാതാവ് അറിഞ്ഞിരുന്നില്ല. അന്യനാട്ടിലേ കഠിനപ്രവാസത്തിലുടനീളം ചൂട്കാറ്റിലാടിയുലഞ്ഞ കറുത്ത കൂടാരത്തിൽ നിന്നും പിരമിഡെന്ന ലോകാത്ഭുതങ്ങിലൊന്ന പടച്ച ഭരണാധികാരിയുടെ കൊട്ടാരത്തിലേയ്ക്കാണ് പ്രിയമകന്റെ ആ യാത്രയെന്ന് ചിന്തിക്കത്തക്ക അപൂർവ്വകഴിവുകളൊന്നും സിദ്ധിക്കാത്ത ഒരു സാധാരണ സ്ത്രീ.  എങ്കിലും അവസാന നിമിഷംവരെ പ്രതീക്ഷ കൈവിടാതെ തന്നാലാവോളം സുരക്ഷിതമായ് അവനെ ആ നദിയിൽ ഒഴുക്കി. പരിജ്ഞാനത്തിലും ദൈവാശ്രയത്തിലും  രാജനിയമങ്ങളെ അവൾ അതിജീവിച്ചു.  ആർക്കും മാതൃകയാക്കാവുന്ന ഒരു സ്തീരത്നം. പരിമിതമായ സാഹചര്യങ്ങളല്ല അതിനേക്കാൾ ഉന്നതമായ വിവേകമാണ് ആ സ്ത്രീയെ  നയിച്ചത്. ഇന്ന് മനുഷ്യൻ സാഹചര്യങ്ങളേ ആശ്രയിച്ചാണ് ദൈവത്തിൽ വിശ്വസിക്കുന്നത്. ചെറിയ സ്വപ്നങ്ങളെ വലിയ പ്രവൃത്തികൾക്കായ് സമർപ്പിക്കുന്ന യോഖേബേദുമാരേ ഇന്നും ദൈവം തിരയുന്നു. അവിടവിടെ ഉയർന്നുകേൾക്കുന്ന നിലവിളികൾക്കൊപ്പം ചേരുകയല്ല അതിനുപകരം ഉള്ളിലേ തേങ്ങൽ കടിച്ചമർത്തി നൽകപെട്ട സാധ്യതകളെ ചേർത്തുപിടിച്ച് വിശ്വാസത്തിന്റെ ചില പണികൾ അവിടെ ആരംഭിക്കുകയായിരുന്നു. മോശ എന്ന ദൈവമനുഷ്യന്റെ നായകനിലേയ്ക്കുള്ള ആരംഭം ഇരുണ്ട ആ മുറികൾക്കുള്ളിൽ നിന്നായിരുന്നു എന്ന് നിസംശയം പറയാൻ ആർക്കും കഴിയും. വിശ്വാസത്തിന്റെ ചെറിയ പ്രവൃത്തികൾ വലിയ വിടുതലുകൾക്കായുള്ള നികഷേപങ്ങളാണ്. ഒരു ആൺകുഞ്ഞിനെ മാത്രമല്ല ഒരു പീഡിതവർഗ്ഗത്തിന്റെ വിലാപത്തിൽ കുതിർന്ന സ്വപ്നങ്ങൾ കൂടിയായിരുന്നു ഒരു ഞാങ്ങണപെട്ടകത്തിൽ  അവൾ ഒഴുക്കിവിട്ടത്. എന്നാൽ അല്പദൂരം കഴിഞ്ഞപ്പോൾ  അതൊരു അനുഗ്രഹവും വിടുതലിലേയ്ക്കുള്ള വഴിയുമാക്കി മാറ്റി  രാജകീയകരങ്ങളിലേയ്ക് എത്തിക്കുവാൻ ദൈവം വിശസ്തനായിരുന്നു.  നമ്മുടെ ചെറിയ സ്വപ്നങ്ങൾ പോലും യാഥാർത്ഥ്യമാക്കുവാൻ ദൈവം ഇന്നും ശക്തനാണ്.... വിശസ്തനുമാണ്.

എവിടേയ്ക്കെന്നറിയാതെ ലക്ഷ്യത്തിലേയ്ക്ക്!!!

ആശയ്ക്ക് വിരോധമായി ആശയോടെ
ഒരു വിശ്വാസയാത്ര. ചിന്തിക്കാൻ അത്ര എളുപ്പമൊന്നുമല്ലാത്ത ഒരു കാലഘട്ടവും ചുറ്റുപാടും. പിൻതുടർന്നു വന്നിരുന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും തികച്ചും വ്യത്യസ്തമായിരുന്നു;  ജാതീയമായിരുന്നു. ചിന്തകളും പ്രവർത്തനങ്ങളും യാന്ത്രികമായ് മാറിയ ജീവിതസായാഹ്‌നം. ഹൃദയത്തിന്റെ  നെരിപ്പോടിൽ തിളച്ചുമറിയുന്ന നിരാശയുണ്ട്. അവകാശങ്ങൾ പങ്കുവക്കാൻ ഒരു സന്തതിയില്ല. എങ്കിലും ദൈവഹൃദയത്തിൽ ഉരുവായ ആ  യാത്ര ആരംഭിക്കുവാൻ തന്നിൽ ഊർജ്ജമായി ഭവിച്ചത് തന്റെ പേരെടുത്ത് വിളിച്ച് വ്യക്തിപരമായി സംസാരിച്ച ദൈവത്തിലുള്ള വലിയ വിശ്വാസമായിരുന്ന്. എല്ലാ തകർച്ചകൾക്കും പിന്നിൽ നിരാശപ്പെടുത്തുന്ന ചില വലിയചെറിയ കാരണങ്ങളുണ്ടാകാം. എന്നാൽ വിശാസത്താൽ അതിനെ മറികടക്കുമ്പോളാണ് ഉയർച്ച ആരംഭിക്കുന്നത്. പിതൃഭവനത്തേയും ചാർച്ചക്കാരേയും വിട്ട് കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോകുക എന്നതുകൊണ്ട് സകലരേയും മറന്ന് പുറകിൽ തള്ളുക എന്നതായിരുന്നില്ല നേരേ മറിച്ച് ആ യാത്രയിൽ തടസമായ് വരാൻ സാധ്യതയുള്ള സകലവും മറികടക്കുക എന്നതായിരുന്നു അരുളപ്പാടിന്റെ ഉദ്ദേശം. സത്യദൈവത്തിലുള്ള യഥാർത്ഥ വിശ്വാസത്തിന് വിരുദ്ധമായ അന്ധമായ ആചാരാനുഷ്ഠാനങ്ങളെ വേരോടെ പിഴുതെറിയുക എന്ന വിശുദ്ധിയുടെ പുതിയൊരു നിർവ്വചനവും അതിൽ ഇഴചേർന്നിരുന്നു. വിശ്വാസത്തിലും അനുസരണയിലും കൂടി ജീവിതത്തിൽ ഉളവായ് വന്ന സഹിഷ്ണുത കാത്തിരിപ്പിന്റ വിരസത കുറച്ചുകൊണ്ടുവന്നു. ഹൃദയത്തിൽ ക്ഷീണിച്ചപ്പോളെല്ലാം വാഗദത്തങ്ങൾ ഓർമ്മിപ്പിച്ചുറപ്പിച്ചു. പരാജയങ്ങൾ ഉണ്ടായിരുന്നില്ല എന്നല്ല ഉണ്ടായ പരാജയങ്ങളിൽ  തുടർന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. ഒരു വിശുദ്ധതലമുറയ്ക്ക്  തുടക്കമാകാൻ ഒരുവൻ; അതായിരുന്നു താൻ.  തന്റെ  അനുസരണത്തിലൂടെ ഒരു  ജനതയായിരുന്നു അവിടെ ഉരുവാക്കപ്പെട്ടത്. ദൈവതേജസിൽ നിന്നും അകന്നുപോയ മനഷ്യനുവേണ്ടിയുള്ള ഒരു രക്ഷാപദ്ധതിയും അവിടെ പുനരാരംഭിക്കുകയായിരുന്നു.
എവിടേയ്ക്കെന്നറിയാതിരുന്നത് യാത്ര ആരംഭിച്ചവന് മാത്രമായിരുന്നു. കാണിപ്പാനിരിക്കുന്ന ഒരു ദേശം ഉണ്ട് എന്ന വിളിച്ച ദൈവത്തിന്റെ  വാഗ്ദത്തം സകല മാനുഷീക അനിശ്ചിതത്വത്തേയും മറികടക്കാൻ പോന്നതായിരുന്നു. ചിലപ്പോഴൊക്കെ നമ്മേക്കുറിച്ചുള്ള  ദൈവീകഉദ്ദേശങ്ങൾ പടിപടിയായിട്ടുള്ള വെളിപ്പാടുകളായിരിക്കാം. അതിൽ പരിതപിക്കാതെ  ഈ വിശുദ്ധയാത്രയക്കായി നമ്മെ വിളിച്ച ദൈവത്തോട് അനുസരണമുള്ളവരായി നില്ക്കുമ്പോളാണ് അനുഗ്രഹത്തോടൊപ്പം ആ ലക്ഷ്യവും നമ്മിൽ പകരുവാൻ ദൈവത്തിന് പ്രസാധം തോന്നുക. അതുതന്നെയായിരുന്നു ആ മെസോപൊട്ടോമ്യക്കാരന്റെ ജീവിതവും.

പെയ്തൊഴിയാതെ💦

താളംതെറ്റിയ ഹൃദയത്തുടിപ്പുകളിൽ ഒന്നു കാതോർത്താൽ പരസ്പരം കേൾക്കാൻ കഴിയുമെന്നിരുവരും മനസിലാക്കിയ നാൾ,
എന്റെ ഹൃദയഭിത്തിയിൽ നീ എഴുതിച്ചേർത്ത നിറമില്ലാത്ത അക്ഷരക്കൂട്ടുകൾ.
മാറാല പിടിച്ച ഓർമകളിലേക്ക് ഞാൻ തിരിഞ്ഞു നോക്കിയ ഓരോ നിമിഷങ്ങളും ഓർത്തെടുക്കുമ്പോൾ, ഇന്നും നിന്നെ കുറിച്ചുള്ള വേദനകൾ മാത്രം. പെയ്തൊഴിയാതെപോയ മഴകാലമേ! നിന്നെ ഞാൻ എത്ര സ്നേഹിച്ചിരുന്നു എന്ന് എന്തിനെന്നെയിങ്ങനെ ഓർമിപ്പിക്കുന്നു?