വാശിപിടിക്കുന്ന കുഞ്ഞിനോട് മോൻ മാമുണ്ടോ, ഇല്ലേൽ പാക്കാൻ വരും, വേഗം ഉറങ്ങിക്കൊ ഇല്ലേൽ ഉമ്പായി വരും, കരഞ്ഞാൽ പട്ടാളംവരും എന്നൊക്കെ മാതാപിതാക്കൾ പറയാറുണ്ട്. ലക്ഷ്യങ്ങൾ തല്ക്കാലികം ആയിരിക്കാം, എന്നാൽ അവയൊക്കേ തള്ളിക്കളയാവുന്ന നിസാരമായ നുണകള്‍ അല്ല ; നേരേ മറിച്ച്, അസത്യം പറയാൻ തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് പകർന്നു കിട്ടിയ കഴിവിനെ അവരറിയാതെതന്നേ വീണ്ടും മറ്റൊരു തലമുറയിലേയ്ക്ക് കൂടി വിദഗ്ധമായി കുത്തിവയ്ക്കുകയാണ്. വലിയ കള്ളങ്ങള്‍ ചെയ്യാനുളള ആദ്യത്തെ പരിശീലനം............ഒരു വ്യക്തിയുടെ ഭൂമിയിലേ ആദ്യ പാഠശാല ഭവനം തന്നേ......ഗുരുക്കന്മാർ മാതാപിതാക്കളും.
ആത്മീയൻ
നഷ്ടകല
മഴതന്ന മണ്ണിലുമിടവഴിയിലെ ചുമരിലും,
ഞാൻ കോറിയിട്ട വരികൾ...നാമുതിർത്ത നിശ്വാസങ്ങൾ...
അവർ തുല്ലീകരിച്ച ചൂർണ്ണികകൾ,
മടക്കമില്ലെന്നറിയാമെങ്കിലും അതായിരുന്നു
ഇന്നിന്റെ കവിതകൾ........
മഴ
അപ്പുറത്തെതൊടിയില്‍ മഴപെയ്തുകഴിഞ്ഞ് മരവും പെയ്യുന്നു.
ചെമ്പരത്തിവേലിക്കിപ്പുറം പുൽക്കൊടി ദാഹിച്ചും തന്നെ...
ബാല്യം
കടിഞ്ഞാണില്ലാത്ത ചിന്താശ്വത്തിന് കോപ്പിട്ടു,
മധ്യപൗരസ്ത്യത്തിൽ നിന്നും യാത്ര തുടങ്ങി.
അബ്ധിവ്യാപ്തിക്കപ്പുറം പൂർവ്വത്തിലെത്തി
അവിടെയാണ് സപ്തവർണ്ണനയനജലമിശ്രിത-
ബാല്യത്തിൻ വെണ്ണീർ ഒളിപ്പിച്ചുവച്ച
ചുടലപ്പറമ്പ്.
പ്രകൃതി, സംസ്കാരം, ദൈവം
പ്രകൃതിയിലേയ്ക്കുളള മനുഷ്യന്റെ കടന്നുകയറ്റത്തെ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്നത് ദൈവത്തേക്കുറിച്ചുളള ചിന്തകളായിരുന്നു. ആ ചിന്തകൾ ജീവിതശൈലിയായി, പിന്നീട് സംസ്കാരങ്ങളുടെ ഭാഗമായി. ഓരോരോ കാലഘട്ടങ്ങൾ ജനിപ്പിച്ച മതങ്ങൾ പിന്നീട് സംസ്കാരങ്ങളെ കൂട്ടുപിടിച്ചു. സംസ്കാരവും മതവും ഒന്നല്ലാ എന്നുളള തിരിച്ചറിവ് നഷ്ടപ്പെടുമ്പോൾ ആണ് സാമൂഹിക വ്യവസ്ഥിതികൾക്ക് കോട്ടം സംഭവിക്കുന്നത്.......ഇന്ന് ദൈവീകചിന്തയും നല്ല സംസ്കാരങ്ങളും മതങ്ങൾക്ക് പിന്നിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു, മറുഭാഗത്ത് പ്രകൃതിയും...........(വാൽകഷണം: നിരീശ്വരവാദമാണ് സാഹിത്യത്തിന്റെ ആക്കം എന്നത് ബാലിശം തന്നെ)
ഒൻപതാം ക്ലാസ്സ്
ഏകദേശം ഒരു നൂറ് മൈൽ വേഗത, എന്നെ കൂടാതെ രണ്ട് യാത്രക്കാരും ഉണ്ട്. ഒമാനി ഡ്രൈവർ ടാക്സി വളരെ കൃത്യതയോടാണ് ചലിപ്പിക്കുന്നത്. മണലാരണ്യമല്ലെങ്കിലും അതിനോടു സമാനമായ മെട്ടക്കുന്നുകൾ; അവ കാറിനേക്കാൾ വേഗത്തിൽ പുറകിലോട്ട് കുതിക്കുന്നു. വളരെ പതിഞ്ഞ ശബ്ദത്തിൽ സ്റ്റീരിയോയിൽ നിന്നും പശ്ചാത്തലസംഗീതം ഒഴകിവരുന്നു, ഷാബീർ കുമാര്‍ ആലപിച്ച ..........മുജേ പീനേ കാ ഷോക്ക് നഹീ....പീത്താ ഹൂൻ ഗം ബുലാനേ കോ.....എന്ന വളരെ പഴയ ഒരു ഹിന്ദി ഗാനമാണ് പാടികൊണ്ടിക്കുന്നത്, വളരെ പഴയതെന്ന് പറയാന്‍ പറ്റില്ല! പാട്ടും ഞാനും ഒരേ വർഷത്തിലാണ് ജനിച്ചത്, ചിത്രത്തിൻറെ പേരും എൻറെ ജോലിയും തമ്മിൽ വളരെ പൊരുത്തവും; ആകെ ഒരു ഗൃഹാതുരത്വം. അതിനേക്കാൾ ആശ്ചര്യം തോന്നിയത് ഹിന്ദിഭാഷയെ ഇഷ്ടപ്പെടുന്നവർ ലോകത്തിൽ എല്ലായിടത്തും ഉണ്ടല്ലോ എന്നോർത്തപ്പോഴാണ്. എന്നിട്ടും എന്താണ് ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ആളുകളും ഈ ദേശീയഭാഷയോട് അല്പമല്ലാത്ത വിരസത ഇന്നും കാണിക്കുന്നത്? ചിലപ്പോൾ അവരുടെ ഭാഷകൾ തുടക്കത്തിലെ സാരൂപ്യം പ്രാപിച്ചതിനാൽ ആയിരിക്കാം. ഈ അടുത്ത കാലം വരെ എനിക്കും ഉണ്ടായിരുന്നു ഹിന്ദിയോട് ഒരകൽച്ച. അതിന് എനിക്ക് എൻറെതായ കാരണം ഉണ്ട്. എന്നെ ഇന്നും പുറകോട്ട് വലിക്കുന്ന ഒന്ന്..............
ചിന്തകൾ ശരവേഗത്തിൽ ഭൂതകാലത്തിലേക്കുളിയിട്ട് പതിനാറു വര്‍ഷങ്ങൾക്ക് പിന്നിൽ തറച്ചുനിന്നു. അന്ന് ഈയുള്ളവൻ ഒൻപതാം തരത്തിൽ, രൂപഭാവങ്ങളിൽ അല്പം കരി-ഘോരതയുള്ള ക്ലാസ്സ് ടീച്ചർ, വിഷയം ഹിന്ദി തന്നെ. പതിവുപോലെ ക്ലാസ്സ് ആരംഭിച്ചു, വർഷാവസാനമായതിനാൽ പ്രസാധകരാരെന്നറിയാത്ത , എന്തിന് ആദ്യാവസാനമില്ലാത്ത പാഠപുസ്തകം മലക്കെത്തുറന്നുവച്ച് ഇരിപ്പ് തുടങ്ങി. ഞാൻ ശുദ്ധ മലയാളഭുക്ക് ആയിരുന്നതിനാൽ ഹിന്ദിയിലെ ഒരു വാക്കും ദഹിക്കുന്നില്ല. പതിവുപേലെ സ്റ്റിക്കിൻറെ പേനയുമായി വിദ്യാഭ്യാസവകുപ്പ് വിട്ട്പേയ കലാ-ശാസ്ത്ര വിവരങ്ങള്‍ കുത്തുവിട്ട ചട്ടകളിൽ കുത്തിക്കുറിക്കാൻ ആരംഭിച്ചു. പെട്ടെന്ന് ടീച്ചര്‍ ആറ് എന്നതുമായി ബന്ധപെട്ട് "ചക്കാ" എന്ന വാക്ക് ഉച്ഛരിച്ചു, കേട്ടപടി കേൾക്കാത്തപടി ഞാനുൾപ്പെട്ട ആൺവർഗ്ഗം ഒരു കൂട്ടച്ചിരി, കൂടെ ചില പെൺതരികളും. കാരണം ആ പറഞ്ഞ വാക്ക് ടിച്ചറുടെ ഇരട്ടേപര് ആയിരുന്നു. കാര്യം പിടികിട്ടിയ പുള്ളിക്കാരി മേശമേൽ പളളിയുറങ്ങിയിരുന്ന വടിയെടുത്ത് മുൻപിലെ ഡെസ്കിൽ ആഞ്ഞടിച്ചു. ചിരി പിടിച്ചുകെട്ടിയപോ ലെ നിന്നു, ചിലർ ബാക്കി വന്ന ചിരി കൈയ്യിലൊളിപ്പിച്ചു. പിന്നെ അടക്കം പറച്ചിലുകളുടെ ഊഴം. ഏത് വിപ്ളവങ്ങളിലും ഉണ്ടാവണമല്ലോ ഒരു രക്തസാക്ഷി, ആ അപ്രതീക്ഷിത ചിരിയെ അടക്കാൻ പാടുപ്പെട്ട ഞാന്‍ തന്നെ അവിടെ ക്രൂശിക്കപ്പെട്ടു. പിന്നെ ശിക്ഷാമുറകൾ: ആദ്യം അടി, പുറകെ ചോദ്യം, അതായിരുന്നു ശിക്ഷയുടെ അന്നത്തെ ഒരു മോഡസ് ഓപ്റാണ്ടി. അവസാനം പരസ്യമായി ഒരു നിന്ദയും???? ഇത്രയും വർഷങ്ങൾ പിന്നിടുമ്പോഴും കണ്ണു നനയിക്കുന്ന ഒരു പരിഹാസം, മറക്കാനാവാത്ത ഒരു വേദന, അത് ഞാൻ പിന്നീട് ഒരു പോസ്റ്റിൽ പറയാം. അന്നു വെറുത്തു ആ വ്യക്തിയെ കൂടെ തന്റെ ഭാഷയേയും. പിന്നീട് ഉത്തരേന്ത്യയിൽ ചെന്നപ്പോൾ ജീവിക്കാൻ വേണ്ടിയാണ് ഞാന്‍ ഹിന്ദിഭാഷയെ സ്നേഹിച്ചു തുടങ്ങിയത്. ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നു. ടാക്സി പെട്ടെന്ന് ചവിട്ടി നിർത്തി; കൂടെ എന്റെ ചിന്തയും.....ഇറങ്ങാനുള്ള സ്ഥലം എത്തി, പിന്നെ കാണാം......പറയാനുണ്ട്.
