തണലിഴപാകിയ ആ നിലത്തിൽ, അധികമാരും ശ്രദ്ധിക്കാത്ത ഒരു കോണിൽ, തിരക്കുകളിൽ നിന്നും മാറി, പേരറിയാത്ത ഏതോ ഒരു മരത്തിന്റെ താണ ശിഖരത്തിൽ ഒരിക്കൽ ആ തൂക്കണാം കുരുവി ഒരു കൂട് കൂട്ടി. അർഹതയില്ലാഞ്ഞിട്ടും അലഞ്ഞു കിട്ടിയ കുറേ പുൽനാമ്പുകൾ കൊത്തിപ്പെറുക്കി ചകിരിനാരു കോർത്തുവലിച്ച് ആ കൂടിഴപാകിയപ്പോൾ മനസിൽ ഒരുപാട് സ്വപ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വലിയ ചിറകിട്ടടിച്ച് മൂളിപറന്ന് പാഞ്ഞു പോകുന്നവരുടെ ജീവിത വേഗതയില്ലയിരുന്നു. ദേശാടനം കഴിഞ്ഞ് വരുന്നവരുടെ താല്കാലിക 'സെറ്റിൽമെന്റ് പോളിസി'കളും അല്ലായിരുന്നു. മധുരസംഗീതം പാടുന്ന വാനംപാടികളുടെ ആകർക്ഷണവും കൈമുതലായിരുന്നില്ല, ഉന്നതികളിൽ മാത്രം കൂട് കൂട്ടുന്നവരുടെ മനോധൈര്യവും, എന്തിലുമേതിലും കൂട് കൊത്തി കടയുന്ന ചങ്കുറപ്പും, എന്തിന് നല്ല ഒരു പൈതൃകം പോലും അവനവകാശപ്പെടാൻ ഇല്ലായിരുന്നു. എന്നിട്ടും അവൻ ഒരു കൂട് കൂട്ടി. വലിയ കാറ്റിലതാടിയുലഞ്ഞപ്പോൾ സാഹസികതയായി സമൂഹം വിധിച്ചു. ഇളം തെന്നലിൽ തെന്നിക്കളിച്ചപ്പോൾ 'അമ്യൂസ്മെന്റ്' ആണോ എന്ന പരിഹാസവും. ഗോത്തിക്ക് ചാരുതയോ, മെറ്റാലിക് ഫിനിഷിങ്ങോ, പൗരാണിക വാസ്തു ശാസ്ത്രമോ ഇല്ലെന്നറിഞ്ഞിട്ടും അവനതിനെ സ്നേഹിച്ചു. കാരണം: ഇടമുറിയാത്ത ഇടവപാതികളിൽ അമ്മക്കിളിയോട് ചേർന്നിരുന്ന് നനഞ്ഞൊലിച്ച രാത്രികളുടെ നടുക്കവും, കറുത്തിരുണ്ട കർക്കിടകക്കോളിൽ നനഞ്ഞ കവിളിൽ വേറിട്ടൊഴുകിയ നീർച്ചാലിന്റെ ലവണരുചിയും, മീനച്ചൂടിനെ അവഗണിക്കാനാവാതെ വാടിത്തളർന്നുറങ്ങിയ ബാല്യത്തിന്റെ താപക്ഷതങ്ങളും......എല്ലാം മറക്കാൻ അവന് കൂട്ടായത് ആ കൂടിന്റെ പതിഞ്ഞ മറവും അതിലേ ചേക്കേറലുമായിരുന്നു ..... ഇന്നും അതിലണയുമ്പോൾ ലഭിക്കുന്ന ശാന്തത മറ്റെവിടെയും അവന് ലഭിക്കാറില്ല.
തനിച്ചൊരു യാത്ര
ഇമകൾ ചിമ്മാത്ത മിഴികളുറപ്പിച്ചു നീ പകർന്ന ഓരോ നിമിഷവും നിന്നിലലിഞ്ഞ് ചേരുകയായിരുന്നു ഞാൻ. നിന്നോട് ചേർന്നിരുന്നോരോ നിമിഷവും പ്രിയപ്പെട്ടതവാൻ നിനച്ചിരുന്നു. ഒടുവിൽ ഒരു യാത്ര പോലും പറയാതെ നിന്നെ ഒറ്റക്കാക്കി നടന്നകന്നപ്പോൾ ബാക്കിയായത്, ആരും കാണാതെ കേൾക്കാതെ നിന്നെയോർത്തു തേങ്ങിക്കരഞ്ഞുറക്കത്തിലേക്കെന്നെ നയിച്ച പല രാത്രികളത്രേ. അവിടെയെനിക്ക് നഷ്ടപ്പെട്ടതെന്നൊർമ്മകൾ. പ്രതീക്ഷകളില്ലാത്ത, എനിക്ക് മാത്രം സ്വന്തമായ, ഇനി നിനക്കൊരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത ഓർമ്മകൾ..
ഒരുപിടി ഓർമ്മകൾ നിന്റെ മാറിൽ തന്ന് ഞാൻ നടന്നകന്നത് വേദനയുടെ ഏകന്തതയിലേയ്ക്കായിരുന്നു. അവിടെയും നിന്നെ കൂടെയണക്കാൻ ആഗ്രഹിക്കാഞ്ഞിട്ടല്ല, നടക്കാൻ പറ്റാത്ത വേദനയുടെ കൂർത്ത കൽപാതയിലൂടെ എന്റെ കൂടെ നടന്ന് നിന്റെ കാൽ വേദനിക്കുന്നത് ഞാൻ ആഗ്രഹിച്ചിരുന്നില്ല. അത്രമേൽ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു. നിന്റെ ഇളംചൂട് എന്നിൽ പടർത്തുന്ന രതിസുഖത്തേക്കാൾ......ഹൃദയത്തിൽ പടരുന്ന നിന്റെ സ്നേഹത്തിന്റെ കുളിരിനെ ഞാൻ ആഗ്രഹിച്ചു ..എന്നും നിന്റെ ഓർമ്മകളിൽ പറ്റിപ്പിടിച്ചിരിക്കാൻ മാത്രം ഇന്നും കൊതിക്കുന്നു.