അരുതെന്ന് പറയാൻ..........



ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യ ഒരു പരാജയം മാത്രമല്ല! നമുക്ക് മുന്നിൽ വലിച്ചെറിയുന്ന ഒരുപിടി ചോദ്യങ്ങൾ കൂടിയാണ്. ജീവിതം അവസാനിപ്പിക്കുക മാത്രമാണ് ഏക പോംവഴി എന്ന് തീരുമാനിക്കാൻ അവളെ പ്രേരിപ്പിക്കുന്നത് എന്താണ്? അതിനു ആരാണ് ഉത്തരവാദി? 

ഒരിക്കൽ താൻ സ്നേഹിച്ചതോ തന്നെ സ്നേഹിച്ചിരുന്നതോ ആയ ഒരാളിൽ നിന്ന് അല്ലെങ്കിൽ ആ ബന്ധത്തിൽ നിന്ന് അകന്നു പോകാൻ തീരുമാനിക്കുന്നത് അത്ര എളുപ്പമല്ല.   ഇനി വയ്യ; ജീവൻ അവസാനിപ്പിക്കുക അല്ലാതെ ഇനി വേറെ വഴിയില്ല എന്ന തീരുമാനത്തിലേക്ക് എത്തുന്നത് ഒരുപക്ഷേ പെട്ടന്നായിരിക്കില്ല: ഒരുപാട് ചിന്തിച്ചു കൂട്ടി, സ്വയം ഒറ്റപ്പെടുത്തി, മനസ്സ് മരവിച്ച്, ജീവിക്കാം എന്ന ആത്മവിശ്വാസം പൂർണമായും അവളിൽ നിന്ന് ദൂരെ പോകുമ്പോൾ ആയിരിക്കാം.

മാതാപിതക്കൾ ഒരു പെൺകുട്ടിയെ സ്നേഹത്തോടെ വളർത്തി, പഠിപ്പിച്ച്, പിന്നീട് മറ്റൊരു വീട്ടിലേക്ക്– മറ്റൊരു പുരുഷനെ ഏല്പിക്കുമ്പോൾ വീട്ടുകാരുടെ ഒരു “ബാധ്യത വിട്ടുമാറിയെന്നോ, ഒരു “ചുമതല തീർത്തു” എന്നോ ചിന്തിക്കുന്നവരുണ്ട്. പുതിയ ജീവിതത്തിൽ അനുഭവിക്കുന്ന വിഷമങ്ങൾ പങ്കുവെക്കാൻ അവൾ ശ്രമിക്കുമ്പോൾ പലപ്പോഴും കിട്ടുന്ന മറുപടികൾ ഇങ്ങനെയൊക്കെ ആവാം: "ജീവിതം അങ്ങനെയൊക്കെ തന്നെയാണ്, പലപ്പോഴും പലതും കേട്ടില്ല കണ്ടില്ലെന്ന് നടിച്ച് സഹിച്ചും ക്ഷമിച്ചും ഒക്കെ ജീവിച്ചാലെ ഒന്നിച്ചു പോവാൻ പറ്റുള്ളൂ, എല്ലാവരും അങ്ങനെയൊക്കെ തന്നെ...."

കേൾക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ? ഒരിക്കൽ എങ്കിലും ഇങ്ങനെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ: “മോളെ, നിനക്ക് അവിടെ പറ്റുന്നില്ലെങ്കിൽ തിരിച്ചിവിടെ വരാമല്ലോ? ഇതും നിന്റെയും കൂടെ വീടല്ലേ?” “നിനക്ക് ജീവിക്കാൻ ഞങ്ങൾ കൂടെയൂണ്ട്…..നിന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഞങ്ങൾ ഒപ്പം ഉണ്ട്.” 

വെറുതെ എങ്കിലും അങ്ങനെ ഒന്നു പറഞ്ഞിരുന്നെങ്കിൽ അവൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചേനെ! ആത്മഹത്യയുടെ വക്കിൽ അവളെ എത്തിക്കുന്നത്- അവളെ കേൾക്കാൻ തയ്യാറാകാത്ത അച്ഛനും അമ്മയും, പിന്തുണക്കാതെ പിന്മാറുന്ന സഹോദരങ്ങളും, മനസ്സിലാക്കാൻ താല്പര്യമില്ലാത്ത സുഹൃത്തുക്കളും സമൂഹവും കൂടിയാണ്. 

പലർക്കും പരിഹാരമായിരിക്കില്ല വേണ്ടത്,  അവർക്കു വേണ്ടത് ഒരുപക്ഷേ ആ സമയത്ത് അവരുടെ വേദന കേൾക്കാൻ ഒരാൾ മാത്രം ആയിരിക്കം! 

ഒരു പെൺകുട്ടി ആത്മഹത്യക്ക് മുൻപ് ഒരു നിമിഷം ഇങ്ങനെയൊന്ന് ചിന്തിച്ചിരുന്നെങ്കിൽ: എനിക്ക് വിദ്യാഭ്യാസമുണ്ട്, ആരോഗ്യമുണ്ട്, വൈകിപ്പോയിട്ടില്ല, എനിക്ക് ചെയ്യാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്, എന്നെ ഒറ്റപ്പെടുത്തിയവർക്കുമുന്നിൽ ഞാൻ ജീവിച്ച് കാണിക്കും, എന്നെ പോലെ വിഷമിക്കുന്നവർക്കു ഞാൻ ഒരു മാതൃകയാകാൻ ഞാൻ ഇനിയും ജീവിക്കും.... എങ്കിൽ അവൾ ആത്മഹത്യ ചെയ്യുമായിരുന്നില്ല.

പുതിയ തലമുറയ്ക്ക് അവരെ കേൾക്കാൻ കഴിയുന്നവരെ ആവശ്യമുണ്ട്. പ്രശ്നപരിഹാരങ്ങളേക്കാൾ, സഹാനുഭൂതിയുള്ള സമീപനങ്ങൾ ആവശ്യമുണ്ട്.

ഒരു പെൺകുട്ടിയുടെ ജീവിതം തളരാതെ നിലനിർത്താൻ നമ്മളുടെ വാക്കുകൾക്കും ചിന്തകൾക്കും പ്രവർത്തികൾക്കും കഴിയുമെങ്കിൽ ,അതാവാം അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ കരുതലും സ്നേഹവും പരിഗണനയും.

ഓർമ്മത്തുരുത്ത്

 










എല്ലാ  മനുഷ്യരുടേയും മനസ്സിന്റെ നിഗൂഢതയിൽ അവനവന് മാത്രം സ്വന്തമായ, ഏകാന്തതയുടെ മനോഹരമായ ഒരു തുരുത്തുണ്ട്. പലപ്പോഴും രൗദ്രഭാവത്തിലുള്ള തിരമാലകളെപ്പോലെ ശക്തമായ ഓർമ്മകൾ തിരയടിച്ചു കയറിവന്ന്, കരയിൽ ചേർത്ത് വച്ച സന്തോഷങ്ങളെല്ലാം കവർന്നെടുത്താ തുരുത്തിലേക്കു മടങ്ങി പോവാൻ പ്രലോഭിപ്പിക്കാറുണ്ട്. അത്രമേൽ പ്രിയപെട്ടവ ആയതിനാലാവാം! അരുതെന്നു പറയാതെ, അപ്പോഴൊക്കെ അനുസരണയോടെ കൂടെപ്പോയി ആ തുരുത്തിൽ അണയാറാണ് പതിവ്.



ഒഴിഞ്ഞ ഇടം


 


ഞാൻ സ്വയം ഒഴിഞ്ഞ ഇടങ്ങൾക്കു പകരമാവാൻ നിനക്ക് കഴിയും എന്ന് തോന്നുന്നുണ്ടോ ?

"കഴിയും എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കാം,അതുമല്ലെങ്കിൽ അഭിനയിക്കാം "
നിന്നെ അത് സന്തോഷിപ്പിക്കുന്നു എങ്കിൽ എന്നെയും....
എന്റെ ഇടത്തിലേക്ക് കയറാനുള്ള  നിന്റെ തുടർച്ചയായ ശ്രമം കാണുമ്പോൾ   സഹതാപം തോന്നുന്നെനിക്കു.

അവിടേയ്ക്ക് സ്വയം അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോൾ തോന്നുന്ന മനോവ്യഥയെ നീയെങ്ങനെ  സഹിക്കുന്നു?

സഹതാപമാണ് എനിക്ക്  നിന്നോട്.
സ്നേഹം ഇപ്പോഴുമെന്നിൽ അവശേഷിക്കുന്നതിനാൽ ആവാം .

ഇടിച്ചു കയറി മടുപ്പു തോന്നി തുടങ്ങുമ്പോൾ വരൂ.
അന്നുമുണ്ടാകും അളവുകോലുകൾക്കു ഇടം നൽകാത്തൊരിടം എന്റെ മനസ്സിൽ.

നിനക്ക് തന്ന ഇടത്തിനു പകരം വേറെയൊരാളിനെ എനിക്ക് വേണ്ടാത്തതിനാൽ ഒഴിഞ്ഞു കിടക്കുമതെന്നും.
ആരും ആർക്കും പകരമാകാതെ
ചില ഒഴിഞ്ഞ ഇടങ്ങളുമായ്,
മനസ്സുകൾ കോട്ട കെട്ടി സൂക്ഷിച്ച് ഇങ്ങനെ എത്രയോ മനുഷ്യർ....

മടുത്തു ഈ മടുപ്പ്

 

ഏതാണ്ട് മടുത്ത മട്ടാണ്. മനസിന് ബലം ഇല്ല,  എഴുത്തിനൊന്നും പഴയ മൂർച്ചയില്ല, ചിന്തകൾ ബാലിശമായി മാറിയിരിക്കുന്നു, ശ്രമങ്ങളൊക്കെ തിരിഞ്ഞു നിന്നു പല്ലിളിക്കുന്ന പോലെ. ആകെ ഒരു ഇരുട്ട് മാത്രം. ജീവിതം യാന്ത്രികമായി മാറുക എന്നത് ഇപ്പോൾ നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ബന്ധങ്ങൾ കേവലം ഔപചാരികത മാത്രം, അല്ലെങ്കിൽ അവരവരുടെ കാര്യ സാദ്ധ്യത്തിന് വേണ്ടി. ചെയ്യുന്നത് പലതും ബുദ്ധിയിൽ നിന്നാണ് ഹൃദയത്തിൽ നിന്നല്ല എന്നറിയാം. ഇപ്പോൾ അങ്ങനയെ പറ്റൂ എന്ന് ജീവിതം പഠിപ്പിച്ചു. ആർക്കും ആരോടും ആത്മാർത്ഥത ഇല്ലാതായി. തുറന്നിട്ട പടിവാതിലുകൾ പലതും അടഞ്ഞു തുടങ്ങി. കാരണം ഇനി അതെല്ലാം  അവർക്കൊരു ബാദ്ധ്യതയായി മാറാൻ സാധ്യതയുണ്ട്. 

ചിരിക്കുന്നുണ്ട് പലരും പക്ഷെ മുഖത്ത് മാത്രം ഒതുങ്ങി നിൽക്കുന്നു ചിരികൾ. ഇനി വയ്യ! ആരോടും ഒന്നും പറയാൻ തോന്നാറില്ല. പറഞ്ഞാൽ തന്നെ ആവർത്തനവിരസമായ പതിവ് ഉപദേശങ്ങൾ മാത്രം. ഇന്നെലെ വീണു കിട്ടിയവരും അകലം വിട്ടു നടക്കാൻ പഠിച്ചു തുടങ്ങി. 

ദൂരെ എവിടെയോ എന്റെ വിടവ് നികത്താതെ കിടക്കുന്നു എന്ന ചിന്ത ആണ് ഇനി ബാക്കിയുള്ളത്. ചുറ്റിത്തിരിഞ്ഞ് പഴയ ഇടത്ത് തന്നെ വന്നപ്പോൾ ആകെ മനസ് മടുത്തു പോയി. ഇനി ഇവിടെ വിട്ട് ഓടാൻ ആകുമോ എന്നറിയില്ല. പതിവ് വഴികൾ, ആളുകൾ, ആജ്ഞകൾ എല്ലാം നന്നായി മടുപ്പിച്ചു തുടങ്ങി. ക്രിയാത്മകമായത് ഒന്നും ഇല്ല; എല്ലാം യാന്ത്രികം മാത്രം. ആകാശത്തിന്റെ അതിരുകൾ താണ്ടി ലോകം കാണാൻ ആഗ്രഹമുണ്ട്. കടലുകൾ കടന്നു കാലത്തിനു മുന്നേ സഞ്ചരിക്കാൻ കനവിന്റെ കടലാസു വഞ്ചികൾ ഇന്നലെയും ഉണ്ടാക്കി. എല്ലാം നടക്കും എന്നു ദിവ്യമായ ഒരു വാഗ്ദാനമുണ്ട്; അത് ഇപ്പോഴും പ്രതീക്ഷ ഉളവാക്കുന്നു. പകലെല്ലാം തെണ്ടി തിന്ന് രാവ് മുഴുവൻ   ഉറക്കമില്ലാതെ ഓരിയിടുന്ന ഒരു ഭ്രാന്തൻ നായയേ പേലെ ഉറക്കെ ഒന്ന് കരയാൻ കഴിഞ്ഞാൽ നന്നായിരുന്നു. ആരും കാണാതെ ഈ അടഞ്ഞ മുറിയിലിരുന്ന് വീർപ്പുമുട്ടുന്നതിലും എത്രയോ സുന്ദരമാണത്. ഏകാന്ത സുന്ദരിയായ കാമുകിയാണ് പക്ഷേ അവളുടെ മാദകഭംഗി എന്നെ പെട്ടെന്ന് മടുപ്പിക്കുന്നു. ഇവിടം വിട്ട് ഓടണം എങ്ങോട്ടെങ്കിലും, കിതച്ച് തളർന്ന് വിഴുന്നതു വരെ അത്രയും ദൂരത്തേക്ക്.......അങ്ങകലേയ്ക്ക്

കനവിലൊരു നാൾ















ഖൽബിൽ ഇഷ്കിന്റെ ഇശലും മുഖത്ത് മൊഞ്ചിന്റെ നിലാവും ഒരുമിച്ച് പെയ്തിറങ്ങിയ നാളുകൾ, തട്ടമിട്ട് മറയ്ക്കാൻ ഇഷ്ടമില്ലാതിരുന്ന സ്വപ്നങ്ങൾ; വിരിയുന്നതിന് മുൻപേ പറിച്ചെടുത്ത പനിനീർപൂവ് പോലെ  അവയെല്ലാം ആരും കാണാതെ ചുമരുകൾക്കത്ത് അടച്ചു വയ്ക്കപ്പെട്ടു. വളരെ പെട്ടന്നാണ് എല്ലാറ്റിൽ നിന്നും മുറിച്ചുമാറ്റിയത്. നിക്കാകിന്റെ വളക്കിലുക്കവും കല്യാണരാവിലെ ഒപ്പനപാട്ടും മനംകുളിർക്കേ കണ്ടുനിന്നിട്ടുണ്ട്.  എന്നാൽ അതിന്റെയെല്ലാം നടുവിലായി ഇരിക്കേണ്ടി വരിക, മറ്റൊരു ലോകത്തിലേയ്ക്ക് പറിച്ചു നടുക! എല്ലാം വളരെ പെട്ടന്നായിരുന്നു. മനസിന്റെ  യന്ത്രപുരയിൽ കിനാവ് മെനയാൻ വേണ്ടി  മാത്രമായിട്ട് സൃഷ്ടിച്ചവൻ പടച്ചുവെച്ചൊരു  മുറിയുണ്ട്. അതിന്ന് പൂട്ടികിടക്കുന്നു. ഏകാന്തമാണ് അവിടം;  നിരാശയുടെ മറാലയിൽ പതിഞ്ഞ നനുത്ത ദുഃഖങ്ങൾ ആ മുറിയുടെ ഓരോ കോണിലും കാണാം. ചിന്തകൾ പലപ്പോഴും പഴയ കാലത്തിലേയ്ക്ക് വലിച്ചു കൊണ്ടു പോകാറുണ്ട്. ഇഷ്ടമുള്ള വരികൾ വീണ്ടും വീണ്ടും കേട്ട് മയങ്ങുന്നതു പോലെ  കുട്ടിക്കാലവും ആവർത്തിച്ചിരുന്നെങ്കിൽ! കൂട്ടുകൂടി നടന്നുപോയ വഴികൾ മടക്കിക്കിട്ടിയിരുന്നെങ്കിൽ!   മാറിൽ മയങ്ങിക്കിടക്കുന്ന മഞ്ഞുതുള്ളിയെ സൂര്യതാപം   വകഞ്ഞുമാറ്റുമ്പോൾ  കുഞ്ഞണിപ്പൂക്കൾ   ഇക്കിളിപ്പെട്ട് കുണുങ്ങിച്ചിരിക്കുന്നപോലെയുള്ള; കള്ളനോട്ടം കാണുമ്പോൾ  ഏറ്റവും നാണിച്ചിരുന്ന യൗവനം മടങ്ങി വന്നെങ്കിൽ! ഇന്നീ ചുവരുകൾക്കപ്പുറം എന്റെ യവ്വനം പറന്നിറങ്ങാൻ വെമ്പുന്നു. നഷ്ടകലകൾ, എഴുതാൻ മറന്ന വരികൾ, കയറാൻ കൊതിച്ച പടികൾ എല്ലാം എനിക്കായ് കാത്തു നില്കുന്ന പോലെ. ആരോടും പറയാതെ ഹൃദയത്തിൽ തുടികൊട്ടുന്നൊരു താളമുണ്ട് ഒരു കിനാവുണ്ട്. തുറന്നിട്ട ജനൽപ്പാളികൾക്കിടയിലൂടെ  അനുവാദം പോലും വാങ്ങാതെ വന്ന കാറ്റ് ആലിംഗനം ചെയ്ത് കാതിൽ പറഞ്ഞതു പോലെ.  ഇനിയും മിണ്ടാതിരുന്നവർ അവയെല്ലാം അകന്നുപോകും. ഒരിക്കലും കൈനീട്ടിപിടിക്കാനാകാത്ത അകലത്തിലേയ്ക്ക്
x

മറുപടി




ചിന്തകളുടെ ലോകത്തു നിന്ന് ഉണർന്നപ്പോഴാണ്  ഒരുകൂട്ടം ചോദ്യചിഹ്നങ്ങൾ കണ്ണിനു മുന്നിൽ നൃത്തം ചെയ്യുന്നു എന്ന ബോധ്യമുണ്ടായത്.ചോദ്യങ്ങളുടെ അതിപ്രസരം അവഗണിക്കാനായി ഒന്ന്  തല ഉയർത്തി നോക്കി; മറുപടി നീരസ സ്വരത്തിലുള്ള ഒരു മൂളലിൽ മാത്രം  ഒതുക്കി നടന്നകലാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു, എങ്കിലും ഒന്ന് തിരിഞ്ഞു നോക്കി, അവഗണനയുടെ ചോദ്യ ചിഹ്നമൊരെണ്ണം തിരിച്ചങ്ങോട്ടും എയ്ത്  അഹംഭാവത്തോടെ നടന്നു നീങ്ങി.

ഇടവേള

 




                ഇതിപ്പോൾ നീണ്ട ഒരിടവേള ആയിരിക്കുന്നു എന്തെങ്കിലും കുത്തി കുറിക്കാൻ തോന്നിയിട്ട്. ഇവിടിങ്ങനെ കുറേനേരം ഇരിക്കുമ്പോൾ ചിന്തകൾ ചിത്രശലഭങ്ങളെപോലെ പറക്കാൻ ആണ് ആഗ്രഹിക്കാറ്. അടുത്ത് പിടിച്ചിരുത്തി എനിക്കിഷ്ടമുള്ളതു ചെയ്യണമെന്ന് വാശിപിടിക്കാൻ തോന്നാറില്ല. ഇന്നിപ്പോൾ കുറച്ചു നക്ഷത്രങ്ങളെ കൂട്ടിനു കിട്ടിയിട്ടുണ്ട്; മനസ്സും ചിന്തകളും ഒരിടത്തുള്ളത് പോലെ. പുറത്തെ പ്രകാശം ഉള്ളിലും പ്രതീക്ഷ ഉളവാക്കും എന്നാണല്ലോ. ഇവിടെയിരുന്ന് ആരുമറിയാതെ വിവർത്തനം ചെയ്ത എത്രയോ ചിന്തകകളെ ചിറകു പിടിപ്പിച്ചു പറത്തിവിട്ടിരിക്കുന്നു. എഴുതി പൂർത്തിയാക്കാത്ത എത്രയോ കത്തുകൾ ചവറ്റു കുട്ടയിലുപേക്ഷിച്ചിരിക്കുന്നു. ഒരിക്കൽകൂടി  അതൊക്കെ തുറന്നു വായിക്കാൻ ശ്രമിച്ചാൽ ചിലപ്പോളെനിക്കുതന്നെ സങ്കടമായേക്കാം!... അതിലേറെയും എന്റെ മാത്രം തോന്നലുകളായിരുന്നു. ഇരുട്ടിലേക്ക് നോക്കി ഇരിക്കുമ്പോൾ ഓർമ്മകൾക്കും അരണ്ട വെളിച്ചത്തിലൂടെ സഞ്ചരിക്കാൻ ആഗ്രഹമുണ്ടെന്നു തോന്നാറുണ്ട്. വിജനമായ വഴിയിലൂടെ വിഫലമായ ചിന്തകളുടെ കൈകോർത്തു  നടക്കാൻ പഠിച്ചു തുടങ്ങി അവൾ. കൂടെ ഒരാളുണ്ടെങ്കിൽ നിശബ്ദത നഷ്ടപ്പെടുമെന്ന  ദുരാഗ്രഹത്താൽ കൂടെ കൂട്ടാത്ത എത്രയോ കൂട്ടുകൾ....

അതിഥികൾ.....


ചിലരെ ഇഷ്ടം കൊണ്ട് ക്ഷണിച്ചു വരുത്താറുണ്ട്. അതിഥിയായിട്ടല്ല പ്രിയപ്പെട്ടവർ എന്ന തിരിച്ചറിവിലാണ്. പക്ഷേ അവർക്ക് എന്നും അതിഥികൾ തന്നെ ആയിരിക്കാനാണ് ഇഷ്ടം എങ്കിലോ? ചില അനുഭവങ്ങൾ അങ്ങനെയാണ്.
അവർക്കത് സമയവും കാലവും ഒരുമിച്ചു ഒത്തുവരുന്ന ചില പ്രത്യേക അവസരങ്ങളിൽ ചുമ്മാതൊരു നേരം പോക്കിനും, പഴകി മടുത്ത ചുറ്റുപാടിൽ നിന്നുള്ള വ്യത്യസ്തയ്ക്കും, സ്വയതൃപ്തിക്കും വേണ്ടി മാത്രമുള്ള വിരുന്നുകളാകാം. ചിലപ്പോൾ നമ്മുടെ ചുറ്റുപാടുകളോട് വളരെ വേഗം മടുപ്പു തോന്നിയിട്ടായിരിക്കാം! കൂടെ ഉള്ളപ്പോൾ അവർക്കു നമ്മൾ ആരൊക്കെയോ ആണെന്നുള്ള തോന്നലുകൾ നല്കും. എങ്കിലും അവർക്കു പോകാൻ ഇതിലും നല്ലയിടങ്ങൾ വേറെ ഉണ്ടെന്ന് പറയാതെ പറയുന്ന പല അവസരങ്ങൾ. അതുമല്ലെങ്കിൽ മടുപ്പ് തോന്നിയിട്ടുണ്ടാവാം.
അവർ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നോർക്കുമ്പോൾ ഭ്രാന്ത് പിടിപ്പിക്കുന്ന ഓർമ്മകൾ! അത് ആപേക്ഷികമാണ്, സമ്മതിക്കുന്നു.
പോകട്ടെ എന്ന് യാത്ര പറഞ്ഞിറങ്ങി വാതിൽപ്പടി കടക്കുമ്പോൾ അപരിചിതരെപ്പോലെ തോന്നുന്നവർ; അങ്ങനെ ചിന്തിക്കാൻ ശ്രമിക്കാം. വീണ്ടും
ക്ഷണിക്കാതിരിക്കാം. അല്ലെങ്കിൽ തന്നെ ദൂരെ നിന്നെങ്കിലും നിനക്കു സുഖമല്ലേ എന്ന് ചോദിക്കാനുള്ള അവസരങ്ങളെ മനപ്പൂർവ്വം വേണ്ടെന്നു വയ്ക്കുന്ന ബന്ധങ്ങൾ എന്തിനാണ്? ഇനിയെങ്കിലും വന്നുകണ്ടു മുറിപ്പെടുത്താൻ അവസരം കൊടുക്കാതിരിക്കാം. മനപ്പൂർവ്വം മറന്നുകളയുക എന്നതല്ലാതെ വേറെന്തു ചെയ്യാൻ.
ചില അതിഥികൾ അങ്ങനെയാണ്

അവൾക്കൊപ്പം




മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടൊരു യാത്ര...
അതെ ഈ സ്ഥലത്തോട് പ്രണയം തോന്നിത്തുടങ്ങിയിരിക്കുന്നു.
കൊടും തണുപ്പിന്റെ മൂർധന്യ അവസ്ഥയിൽ, രണ്ടു കണ്ണുകൾ ഒഴികെ മറ്റുള്ളതൊക്കെ മൂടിക്കെട്ടി, പല്ലും താടിയും കൂട്ടിയിടിക്കുന്ന നേരത്തു പതിയെ കൂടാരത്തിനുള്ളിൽ നിന്നിറങ്ങി ഒരു പാറപ്പുറത്തിരുന്നു, മണൽ വാരിയെറിഞ്ഞ പോലെ നക്ഷത്രങ്ങളുള്ള ആകാശത്തേക്ക് നോക്കി ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഒരു പുതപ്പിനുള്ളിൽ ചേർത്തുപിടിച്ചു കൂടെ ഇരുന്നു വാൽ നക്ഷത്രത്തെ കണ്ടുപിടിക്കാനും, ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീങ്ങുന്ന നക്ഷത്രത്തെ നോക്കി കണ്ണടച്ച് ഇഷ്ടമുള്ളത് ചോദിക്കാൻ നിർബന്ധിക്കാനും, നേരം വെളുക്കുവോളം പറഞ്ഞാലും തീരാത്ത കഥകൾ പറഞ്ഞു കൂടിരിക്കാനും ഒരാൾ! എന്തോ എവിടെയൊ ഒരു പന്തികേട് ഉണ്ടോ?
കുറച്ചു ദിവസങ്ങൾക്കു മുൻപുവരെ ഒരു മുൻപരിചയവുമില്ലാത്ത ഒരുവൾക്കൊപ്പം ഇത്രയേറെ സുരക്ഷിതത്വം അനുഭവിക്കാൻ എങ്ങനെയാണ് കഴിയുക?
ഒരു നോട്ടത്തിലൂടെ ബഹുമാനവും ഇഷ്ടവും പറയാതെ പറയാൻ ഒരാൾക്ക് കഴിയും എന്നവൾ മനസിലാക്കിയ ദിവസങ്ങളിൽ അവൾക്ക് അവളോട് തോന്നിയ പ്രണയം. കണ്ണെത്തുന്ന അകലത്തിൽ നിൽക്കാൻ, കാതെത്തുന്ന ദൂരത്തിൽ സംസാരിക്കാൻ, വീഴാതിരിക്കാൻ കൈ താങ്ങുന്ന കരുതലിൽ തൊട്ടു മുന്നിലോ പിന്നിലോ ആകാൻ; നട്ടപാതി രാത്രിക്കു മലമുകലിൽ വരെ പോയി ആകാശം കാണാൻ ധൈര്യം കുറവായിട്ടും നടന്നു തുടങ്ങിയ അവളെ പിന്തിരിപ്പിക്കാതെ മലമുകളിൽ വരെ ഒപ്പം നടന്നു, കൂടെ ഇരുന്നു; ജീവിതത്തിൽ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ചില കഥകൾ പറഞ്ഞു അന്ന് നേരം പോയതറിഞ്ഞില്ല.
അരായിരുന്നു അവൾ ആ ദിവസങ്ങളിൽ? ജീവിതത്തിൽ ഇന്നുവരെ നിങ്ങൾ ആരോടും ഇതൊന്നും പറഞ്ഞിട്ടില്ലേ? ഇടയ്ക്കിടെ ഇടറുന്ന ശബ്ദം കഷ്ടപ്പെട്ട് ശെരിയാക്കുന്നുണ്ടായിരുന്നല്ലോ! ഒക്കെയും മൂളികേട്ടിരുന്നു. പറഞ്ഞു തീർക്കട്ടെ സങ്കടങ്ങൾ എന്ന് തോന്നി. കാരണം അവൾക്കു ആ ദിവസങ്ങളിൽ കിട്ടിയ കരുതൽ അത്രമാത്രം വിലപ്പെട്ടതായിരുന്നു.
ദിവസങ്ങൾ പോയതറിഞ്ഞില്ല. ഒടുവിലാ ദിവസവും വന്നെത്തി. പരസ്പരം യാത്ര പറഞ്ഞു പിരിയാം. ഇനി കാണുമോ എന്നറിയാത്തതുകൊണ്ടാണോ എന്നറിയില്ല ആലിംഗത്തിന്റെ എണ്ണം കൂടിയത്. നീ എനിക്ക് പ്രിയപ്പെട്ടവരിൽ ഒരുവൾ ആയതു എങ്ങനെ എന്നറിയില്ല ഇന്നും. ഒരിക്കലും മറക്കില്ല എന്ന് അവസാന ആലിംഗനത്തിനൊപ്പം കാതിൽ പറഞ്ഞത് ഇന്നും മുഴങ്ങി കേൾക്കുന്നുണ്ടാവും ആ കാതുകളിൽ!

പട്ടം














പതിവിനു വിരോധമായെന്തോ നടക്കുന്നെന്നു തോന്നലുണ്ടായിട്ടു നാളേറെയായവൾക്കു. പ്രകടമാക്കുന്ന സ്നേഹത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലും എവിടെയാണ് എനിക്ക് തെറ്റിയത് എന്നാദ്യമാലോചിക്കുമവൾ. ഇതിപ്പോ നേരെ മറിച്ചാണല്ലോ എന്നോർക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ. കാരണം അന്വഷിക്കാൻ പലവട്ടം തോന്നിയെങ്കിലും "ഇങ്ങോട്ടു വന്നു പറയട്ടെ "എന്നൊരു സ്വാർത്ഥത. അറിഞ്ഞപ്പോൾ അറിയാതിരുന്നെങ്കിൽ എന്നാശിച്ചു. സംസാരത്തിലും ഭാവത്തിലും ഒക്കെ മറ്റൊരുവൾ നിറഞ്ഞു നിൽക്കുന്നതു കേട്ട ചെവികൾക്കു പോലും അരോചകത. ചോദിക്കാൻ വന്ന ചോദ്യങ്ങൾ ഒക്കെ ഹൃദയത്തിന്റെ വിങ്ങലായി ഒതുക്കാൻ അവൾ പഠിച്ചിരിക്കുന്നു. ഇനിയിപ്പോ ശീലമായിക്കോളും എന്ന് സ്വയം ആശ്വസിപ്പിക്കയല്ലാതെ വേറെന്ത്? ഓർമകളുടെ വർണ്ണ നൂലിനാൽ ബന്ധിച്ച പട്ടം എവിടെ വരെ പൊങ്ങി പറന്നാലും താഴേക്ക് തന്നെ പതിക്കും എന്ന സത്യം മറന്നുപോകാതിരിക്കട്ടെ .. "അതുവരെ പറക്കാൻ വിട്ട പട്ടം തിരികെ വരുന്നതും കാത്തിരിക്കുന്ന കുട്ടിയാവും അവൾ"

മഴത്തുള്ളികളുടെ താപം

മഴ തിമിർത്തു പെയ്യുന്നു. ജാലകപ്പടിയിൽ മുഖം ചേർത്തപ്പോൾ,ഉള്ളിൽ എവിടെയോ ഒരു ഇരമ്പൽ. ആദ്യമായ് ഇരുട്ടിനോട് ഭയം തോന്നുന്നപോലെ. ചിതറിത്തെറിച്ചു എന്നിൽ പതിക്കുന്ന മഴത്തുള്ളികൾക്കു താപം അനുഭവപ്പെടുന്നുണ്ടോ? സ്വയം ഇരുട്ടിലാക്കിയ മുഖത്തേക്ക് മനപ്പൂർവ്വം പ്രകാശം പരത്തുന്ന മിന്നൽ. ഇടിമുഴക്കങ്ങൾ കൊണ്ട് പലതും വൃഥാ എന്നോർമിപ്പിക്കുന്ന ശാസനകൾ. നീ ആർത്തു പെയ്യുമ്പോൾ നിന്നടൊപ്പം നനയാൻ കരുതിയ നിമിഷങ്ങൾ. നമുക്കിടയിലെ നിശബ്ദത പ്രണയം പറയാതെ പറഞ്ഞപ്പോൾ, ഭയം തോന്നി തുടങ്ങിയിരിക്കുന്നു. "ഞാൻ എന്ന ഓർമപോലും നിനക്ക് നിയന്ത്രിക്കാനാവും എന്നറിഞ്ഞിട്ടും,വെറുതെ ഒരു കാത്തിരുപ്പു! "നിനക്ക് ഞാനും എനിക്ക് നീയും മാത്രം" എന്നൊരിക്കലും നടക്കാത്ത സ്വപ്നവുമായ്. താത്കാലിക മനസംതൃപ്തിക്ക് വേണ്ടി അല്ലെങ്കിൽ,അടുത്തുണ്ടാവുമ്പോൾ പരസ്പരം ആവേശം കൊള്ളിക്കുന്ന ഒരു ഉത്തേജന ഔഷധിയായ് മാത്രമൊരു ബന്ധം എന്തിന് മുന്നോട്ടു. സ്നേഹത്തിന്റെ പൊട്ടിയ നൂലിനെ കൂട്ടി യോജിപ്പിച്ചു മടുക്കുമ്പോൾ മാത്രം ആവും മനസ്സിലാവുക, സ്വന്തമല്ലാത്തതൊന്നും പ്രതീക്ഷിച്ചു മുൻപോട്ടു പോകുവാൻ പാടില്ലായിരുന്നു എന്ന്. നീ കൂടെ ഉണ്ടാവണം എന്ന എന്റെ ആശക്കു സ്വാർത്ഥത എന്ന് പേരിട്ടു നീ വിളിക്കുമ്പോൾ മറന്നുപോകൂന്ന ഒന്നുണ്ട് .നിന്റെ ഇഷ്ടങ്ങളിലും ,സമയ പരിധിയിലും ,നിയമങ്ങളിലും മാത്രം മുൻ‌തൂക്കം കൊടുക്കാൻ സ്വയം നിർബന്ധിച്ചു മടുത്തൊരു മറുപുറം ഉണ്ടിവിടെ. ഇടയിലെവിടെയോ തുടങ്ങിയതിനെ ഇടവേളയിൽ ഉപേക്ഷിച്ചതിന്റെ വിശദീകരണം അന്വേഷിക്കാൻ പോലും തോന്നാത്ത വിധം മാറിയിട്ടുണ്ടാകും . ഒരേ ദിശയിൽ ഒഴുകിയിരുന്ന ജീവിതചര്യകൾക്കിടയിൽ അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ അറിഞ്ഞുകൊണ്ട് അനുവദനീയമാക്കാൻ ശ്രമിച്ചു. കാരണങ്ങൾ ചോദിച്ചു ശ്വാസം മുട്ടിച്ചു വിഫലപ്പെടുന്ന ശ്രമങ്ങളെ കൂട്ടിവച്ചൊരു കൂമ്പാരമാക്കി സൂക്ഷിക്കുക എന്നൊരു ശീലമുണ്ടവൾക്കു. പലപ്പോഴും ആ കൂമ്പാരങ്ങൾക്കുള്ളിൽ ചികഞ്ഞു മറ്റു പല ചോദ്യത്തിനും ഉത്തരം കണ്ടെത്താറുണ്ടത്രെ. പരസ്പരം അവകാശ വാദം ഉന്നയിക്കാൻ കഴിയാതെ മൗനം പാലിക്കപ്പെട്ട ചില ഇഷ്ടാനിഷ്ടങ്ങൾ. ചില തീരുമാനങ്ങൾ ധ്രുതഗതിയിൽ എടുക്കുന്നതായതിനാൽ ആവും, നിമിഷനേരത്തേക്കുള്ള മനസുഖം മാത്രമെന്ന് തിരിച്ചറിയുമ്പോളേക്കും, സ്വയം കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്നവ. ഓർമകൾക്ക് പോലും നീ വിലക്ക് കല്പിച്ചൊരു ദിവസം കൂടി മധുരമുള്ളൊരു ഓർമയായി കുറിക്കട്ടെ. നമുക്ക് മാത്രമായ് എഴുതി ചേർത്തൊരു ദിനം. "ഇന്നിനെ ഓർമിപ്പിച്ചു പരസ്പരം ശ്വാസംമുട്ടിക്കാനായി ഇനി ഒരു നാളെ ഉണ്ടാകാതിരിക്കട്ടെ ". ഇനി എനിക്കൊന്നുറങ്ങണം, ആകാശത്തിനു താഴെ, മിന്നാമിന്നിവെട്ടം പോലും കടന്നുവരാൻ മടിക്കുന്നൊരു മൂലയിൽ ചുരുണ്ടുകൂടി ദിവസങ്ങളോളം; രാവും പകലുമറിയാതങ്ങനെ......

പറിച്ചുനടൽ

"തൊട്ടാവാടിയുടെ മുള്ളിനാൽ മുറിപ്പെട്ട നീറ്റൽ. അത് മാറാൻ ആ ചെടിയെ പിഴുതെറിയാൻ ശ്രമിക്കുന്നപോലെ. പിഴുതെറിഞ്ഞു കളയാൻ പലകുറി ശ്രമിച്ചിട്ടും സ്ഥിരമതിൻ സ്ഥാനം. സ്വയം തൊട്ടു മുറിവേറ്റതല്ലേ?പിന്നെന്തിനെന്നെ പിഴുതെറിയുന്നു? ഒരു മാറ്റം അനിവാര്യമാണ് എന്ന് തോന്നി തുടങ്ങിയതിനാലാണ് ഈ ശ്രമങ്ങൾ എങ്കിൽ സ്വയം ഒരു പറിച്ചുനടൽ അല്ലേ വേണ്ടത്? അല്ലാതെ ഞാൻ എല്ലാം തികഞ്ഞവനെന്നു ഭാവിച്ചു മറ്റുള്ളവരെ പുച്ഛത്തോടെ നോക്കുമ്പോൾ, പറിച്ചെറിയുമ്പോൾ അറിയേണ്ട ഒരു കാര്യമുണ്ട്: ഈ ഓട്ടം പൂർത്തിയാക്കി തിരിച്ചു പോകുമ്പോൾ നമ്മൾ നേടിയതും വെട്ടിപ്പിടിച്ചതും ഒന്നും കൊണ്ടുപോകില്ല, മറിച്ച്, നമ്മൾ സ്നേഹത്തോടെ നേടിയതും പങ്കുവെച്ചതുമായ ജിവിതസത്യങ്ങൾ മാത്രമേ കൂട്ടിനുണ്ടാകു. മരണമെന്നുന്നുണ്ട് മർത്യാ മറന്നിടാതിരിക്കട്ടെ. ഇന്നല്ലെങ്കിൽ നാളെ മണ്ണിൽ ചേരേണ്ടവരാണെല്ലാവരും.അടുത്ത തലമുറയ്ക്ക് ഓർത്തു വക്കാൻ വേണ്ടി എങ്കിലും ചില സത്യങ്ങൾ അംഗീകരിച്ചു കൂടേ?

ചില ഇഷ്ടങ്ങൾ-2

അതെ, ഇഷ്ടങ്ങൾ അങ്ങനെയാണ്! ചിലപ്പോൾ ആർത്തിരമ്പിയടുക്കുന്ന തിരമാലകൾ പോലെ. മറ്റു ചിലപ്പോൾ കാഴ്ചകൾക്ക് മങ്ങലേല്പിക്കുന്ന കൊടും കാറ്റായ്. ചില ഇഷ്ടങ്ങളെ രഹസ്യമായി താലോലിക്കുമ്പോൾ മറ്റുചിലതിനെ
സ്വന്തമാക്കുന്നു. ഒരിക്കലും സ്വന്തമാവില്ലെന്നു അറിഞ്ഞിട്ടും മോഹങ്ങളുടെ വെള്ളി നൂലുകളാൽ കെട്ടി വരിഞ്ഞ ചിലതുമുണ്ട്. ഒരിക്കലും തിരിച്ചു കിട്ടാതെ പതിരായ് പോകുന്നവയും അങ്ങനെ പലതും.
അതിൽ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടവയും; മറ്റൊരാളുടേതാണെന്നറിഞ്ഞിട്ടും ഇഷ്ടപെടുന്നവയും, എങ്കിലും പല ഇഷ്ടങ്ങളെയും നമ്മൾ നഷ്ടപെടുത്തുമ്പോൾ. പ്രിയപ്പെട്ട കളിപ്പാവ നഷ്ടപെട്ടുപോയപ്പോൾ ആ ഇഷ്ടം ഏറെനാൾ  മൗനദുഃഖമായുള്ളിലൊളിപ്പിച്ചു പുറമേ ചിരിച്ചതു പോലെ. ഈ വേദനയുള്ള ചിരി ഒരുപക്ഷെ മറ്റൊരാൾക്ക് ഇഷ്ടമാണെങ്കിൽ അതിനെ നമുക്കും കൂടെ ഇഷ്ടപെട്ടുകൂടെ. ചിലപ്പോൾ ഇഷ്ടങ്ങൾ അതിന്റെതായ പരിശുദ്ധിയോടെ മനസ്സിൽ സൂക്ഷിക്കാൻ വിധിക്കപ്പെടുമ്പോൾ, സന്തോഷം പ്രതിഫലിപ്പിക്കുന്നൊരു ഭാവമുണ്ടാകണം മുഖത്ത്:  ഒരു സ്ഥായിഭാവം! “അതെ, ചില ഇഷ്ടങ്ങൾ അങ്ങനെയാണ്. ഒരു ചിരിയിൽ ഒതുങ്ങുന്നവ! സ്വയം എന്തിനെന്ന് ചോദിക്കുമ്പോൾ, ഉത്തരം ഒരു ചിരിയിൽ മാത്രം ഒതുക്കുന്നവ!"             s.v.