Monday, 3 August 2015

ഉത്തരാധുനീകതയുടെ മോഡസ് വിവൻഡി

ആധുനീകതയിൽ നിന്നും ഉത്തരാധുനീകതയിലേയ്ക്കുള്ള കവിഞ്ഞൊഴുക്കിൽ കലയും, വാസ്തുവിദ്യയും, നിരുപണവും, വിമർശ്ശനരീതികളും  പഴയതിനെ പൂർണ്ണമായി കൈയ്യൊഴിഞ്ഞു. അതിലേറ്റവും ശ്രദ്ധേയം ഉഭഭോക്ത സംസ്കാരവും  മനുഷ്യന്റെ ജീവിതശൈലിയും എത്രമാത്രം മാറിപോയി എന്നുള്ളതാണ്. പ്രകൃതിയോടുള്ള നമ്മുടെ മനോഭാവവും, ആശയവിനിമയ രീതികളും, ആത്മീയതയും കാഴ്ചപ്പാടുകളിൽ അജഗജാന്തരം പ്രാപിച്ചു.
"I coming" എന്ന് തുടങ്ങുന്ന ഉത്തരാധുനിക വ്യാകരണശാസ്ത്രവും;  ചാറ്റും, ലഘു സന്ദേശങ്ങളും കൊണ്ടു നടക്കുന്ന ആശയവിനിമയത്തിലെ ചുരുക്കെഴുത്തുകളും പരമ്പരാഗത ഭാഷാസ്നേഹികളെ അല്പമൊന്നുമല്ല ചൊടിപ്പിക്കുന്നത്. ഭാഷ  ഭാഷയുടെ സ്വയനിലനില്പിനു വേണ്ടിയുള്ളതല്ല ആശയവിനിമയത്തിന് വേണ്ടിയുള്ളതാണെന്നാണ് ഉത്തരാധുനീകഭാഷാശാസ്ത്രം.

ഉത്തരാധുനികതയുടെ "മോഡസ് വിവന്റി " അഥവ മോഡ് ഓഫ് ലിവിംഗ് ബന്ധങ്ങളേക്കാൾ അനുഭൂതികൾക്കും സ്വാർത്ഥമായ ആശയങ്ങൾക്കും വേണ്ടി ചീർത്തിരിക്കുന്നു. ആധുനീകതയുടെ ജീവിതരീതികൾ പോലും പൂച്ഛത്തോടെ കണ്ടിരുന്ന നാം ഇന്ന് ഉത്തരാധുനികതയുടെ മഞ്ചത്തിലെ സുഖസുഷുപ്തിയിലാണ്.

വസ്ത്രധാരണവും ഭക്ഷണരീതികളും എന്തിനേറെ ദാമ്പത്യം വരെ നിയന്ത്രിക്കുന്നത് സോഷ്യൽ സൈറ്റുകളിലേ ബുദ്ധിജീവികളാണ് എന്ന അവസ്ഥയിലേയ്ക്ക് സമൂഹം മാറിയിരിക്കുന്നു. എത്ര മക്കൾ വേണം, എന്ത് പഠിപ്പിക്കണം, അവരെ ആരാക്കിത്തീർക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രം നാം അവസരങ്ങൾക്ക് കൈമാറി. പോണോഗ്രഫീ പോലുള്ള അധമസംസ്കാരത്തിന്റെ വിഷവിത്തുകളെ നിയന്ത്രിക്കുമ്പോൾ മുറവിളി കൂട്ടുന്ന ഉത്തരാധുനികതയുടെ സാമൂഹീക കാവൽക്കാർ തങ്ങളുടെ മക്കളെ എന്താണാവോ പഠിപ്പിക്കുന്നത്? കണ്ടറിയണം !!! പോസ്റ്റ് മോഡേണിസത്തിന്റെ സമൂഹത്തിൻമേലുള്ള സ്വാധീനം അതിന്റെ ഉത്തുംഗശൃംഖങ്ങളിൽ എത്തി നില്ക്കുന്നു. ആത്മീയതയും, ദൈവശാസ്ത്രവും, അച്ചടക്കമുള്ള മനശാസ്ത്ര പഠനങ്ങളും, സാമൂഹിക, ധാർമ്മിക ബോധവൽക്കരണങ്ങളും ഒരു കാലത്ത് നമുക്ക് അഭിഭാജ്യഘടകങ്ങൾ ആയിരുന്നെങ്കിൽ, ഇന്ന് അവയെ അപ്പാടെ തളളികളഞ്ഞ് നാം എങ്ങോട്ടൊ പോയികൊണ്ടിരിക്കുന്നു, എന്തിനോ വേണ്ടിയോ പൊരുതുന്നു. ഇനി വരാൻ പോകുന്ന സാമൂഹിക പരിവർത്തനം നമുടെ ജീവിത രീതിയിൽ വരുത്താൻ പോകുന്ന ഭനായകമായ മാറ്റങ്ങൾ ആയിരിക്കട്ടെ ഇന്നത്തെ നമ്മുടെ ആശങ്ക. !!!..

കാത്തിരുപ്പ്....

കാലം കാത്തിരുപ്പുകളുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ..... കര കടലിനായും, കണ്ണ് കണ്ണുനീരിനായും, കവിൾ ചുംബനത്തിനായും കാത്തിരിക്കുന്നു.  ഒരു കുറുപ്രാവ് ഇണക്കായി കുറുകിഞരങ്ങി കാത്തിരിക്കുന്ന കഥ ഇന്നു കൂടി ഞാൻ കേട്ടു. എന്നാൽ കാത്തിരുപ്പുകളിൽ ഏറ്റവും ആവേശവും അഹ്ളാദവും പകരുന്നത് ഒരു കടിഞ്ഞൂലിനായുള്ള  സ്ത്രീയുടെ കാത്തിരുപ്പാണെന്ന് എനിക്ക് തോന്നുന്നു. സ്വന്തമെന്ന് പറയാനും സ്വന്ത രക്തത്തിൽ പിറന്ന ഒരു കുഞ്ഞിനെ മാറോടണക്കാനുമായുള്ള ഒരുവളുടെ കാത്തിരിപ്പോളം വരില്ല മറ്റൊന്നും. ഓരോ ദിനവും നിറമുള്ള ഓരോ പുതിയ സ്വപ്നങ്ങൾ, ഉദ്ദ്വേഗത്തിന്റെ നാളുകൾ..... ഉദരത്തിലെ ഓരോ തുടിപ്പുകളും, ലഘുവായ മർദ്ദനങ്ങളും സന്തോഷത്തോടെ സഹിച്ച് ആ ഒരു ദിനത്തിനായ് കാത്തിരിക്കുമ്പോൾ മനസ്സിൽ മറ്റൊന്നിനും സ്ഥാനമില്ല !!! തനിക്കു വേണ്ടെങ്കിലും തന്റെ കുഞ്ഞിനു വേണ്ടി ഉണ്ണുന്നവൾ, ഉറക്കമിലെങ്കിലും ഉദരത്തിൽ അവനെ ഉറക്കുന്നവൾ. ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറം വേദന ഒരുനാൾ ഉണ്ടെന്നറിയാവുന്ന അവൾ  അതല്ല അതിനപ്പുറമുള്ള കൺമണിയുടെ നിഷ്കളങ്കമുഖമാണ് കാണുന്നത്, ഭാരം കാലുകളേ ബലഹീനമാക്കം എന്നാൽ അവയേ ശക്തിപ്പെടുത്തുന്നത് ആ പാൽ പുഞ്ചിരിയുടേ ഓർമ്മകളാണ്, ത്വക്കുകൾ വലിഞ്ഞ് മുറുകുമ്പോളും അവകാശിയുടെ സ്പർശ്ശനം മനസിനേ മൃദുവാക്കുന്നു, ശൂന്യത്തിൽ നിന്നും ഉരുത്തിരിയുന്ന തന്റെ പൊന്നോമനയ്ക്ക് ഉലകം വെട്ടിപ്പിടിക്കാൻ പോകും മുമ്പ് ഉദരം പകുത്ത് നല്കി അവൾ കാത്തിരിപ്പ് ആരംഭിക്കുന്നു .....പിന്നീട് ഒരു സമൂഹവും ഒരു ലോകവും അവളുടെ കാത്തിരിപ്പിന് പിന്തുണ പ്രഖ്യാപിക്കുന്നു ...ഒരു കുഞ്ഞിന്റെ ഉറക്കെയുളള കരച്ചിൽ ഉയരും വരെ !!  ഇതിലും മനോഹരമായ മറ്റൊരു കാത്തിരുപ്പുണ്ടോ? ....

Sunday, 2 August 2015

ഏകാന്ത....

ഓര്‍മ്മയില്‍ ഏകാന്തതയുടെ ഒരു വാടക വീട് എനിക്കും ഉണ്ട്.. ശബ്ദകോലാഹങ്ങളില്‍ നിന്ന് അകന്ന് ഏകാന്തതയുടെ മണമുള്ള തടവില്‍ കഴിയാന്‍ ആഗ്രഹിച്ചിരുന്ന നാളുകളില്‍.. അപ്പോഴൊക്കെ മുറിയല്‍ ഏകാന്തതയുടെ പക്ഷികള്‍ ചേക്കേറും, അവയുടെ ചിറകിലേറി പുസ്തകങ്ങളിലേക്ക് നടക്കും, വാക്കുകളില്‍ നിന്ന് വാക്കുകളിലേക്ക് ഒരു ഒഴുക്ക്..!! ചില സമയങ്ങളില്‍ പാട്ടുകളിലേക്ക് ആയിരിക്കും ആ യാത്ര. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്..! ശ്രവണസുന്ദരമായ സംഗീതങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുനേല്‍ക്കുന്ന പ്രണയവും വിരഹവും ഉന്മാദവും ചേര്‍ന്ന് മുറിയുടെ ഏകാന്തനേരങ്ങളെയാകെ മാറ്റി മറിക്കും... ഒരുപക്ഷെ ഒറ്റക്കിരിക്കുന്നവരുടെ മുറിയിലാകെ ഇറങ്ങി പോയവരുടെ ഗന്ധമാവം ഉണ്ടാവുക,, എന്നിരുന്നാലും ഏകാകികളുടെ ഇരുട്ട് അവസാന വാക്കല്ല,, അവിടെ കനം കെട്ടിയ ഇരുട്ടിനെ മുറിച്ച് ഏകാകിയായ മറ്റൊരു അമ്പിളി വരുന്നുണ്ട്...

മനസ്സ് അസ്വസ്ഥമാകുമ്പോള്‍ ഏകാന്തതയുടെ കൂട് തേടി പോകുക സ്വാഭാവികമാണ്. ഒരു പാട്ടിന്റെ ഈണവും കടലിന്റെ സംഗീതവും അറിയാത്ത വഴികളിലൂടെ കൂട്ടില്ലാത്ത യാത്രകളും ആ സങ്കടത്തിന്റെ പാരമ്യത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോകും. പിന്നെ പതിയെ പടിയിറങ്ങി ആ ലോകത്ത് നിന്നും നമ്മുടെ ജീവിതത്തിന്റെ പങ്കപ്പാടുകളിലേക്ക് തിരിച്ചുവരാം അതൊരു ഒളിചോട്ടമല്ല. വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തൊക്കെയോ അതിലുണ്ട്......

Saturday, 1 August 2015

മനസ്.....

എന്റെ മനസ്സ്...

ഇടത്തോട്ട് നടക്കെന്നു മനസ്സ് പറയും.
കാലിലൊരു ചങ്ങലയിട്ട് കാലം
വലത്തോട്ട് വലിക്കും....
എങ്കിൽ ആ വഴി തന്നെ നടക്കാമെന്നു മനസുപറയും.....
അപ്പോൾ ലോകം ബലമായ് പിടിച്ചു ,
ആൾതിരക്കിനിടയിലേക്ക് തള്ളിവിടും...
അവിടെ മടുക്കും വേഗത്തിൽ
പിന്നെ മനസ്സ് മിണ്ടാതിരിക്കും...
എന്നോ ഒരിക്കൽ പ്രവർത്തനരഹിതമവും...
ഒരുപാട് പകലുകൾക്ക് ശേഷം
മഴ തോരാത്ത ഒരു തണുത്ത രാത്രിയിൽ
നേടാതെ പോയ പലതിനെയുംകുറിച്ചുള്ള
ദുർസ്വപ്നങ്ങളുടെചൂടിൽ ഞാൻ
ഞെട്ടിയുണരും...പിന്നെ നിന്റെ
ഒരു വിളിക്ക് കാത്തു നിൽപുണ്ടാവും
അന്നു പുലരുവോളം, എനിക്ക് പറയാനുള്ളത്
മുഴുവൻ അരികിലിരുന്ന് കേൾക്കണം....
ഒരിക്കൽ ഒറ്റപ്പെടുത്തി ഞാൻ തന്നെ മാറ്റി നിരത്തിയ
എന്റെ മനസിനെ നിന്റെ മുന്നിൽ വിസ്തരിച്ചു കേൾപ്പിക്കണം....
അതിനു ഞാൻ താലോലിച്ച കഴിഞ്ഞ ദിനങ്ങളെ...
എന്റെ മനസേ, നിന്റെ മുന്നിൽ
സമർപിക്കുന്നു....
ഒരിക്കൽ നിന്നെ ഒറ്റപ്പെടുത്തിയത്തിനും
അടിച്ചമർത്തിയത്തിനും പകരമായ്....
പൂർണ്ണമായി........

Thursday, 30 July 2015

ഏകാന്തത.....

തനിച്ചുള്ള യാത്രകൾ വിരസമാണ്. മുൻപും തനിച്ചു യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ അത് വളരെ വേദനാജനകമായി തോന്നീ . ഡർനെസിലെ ലോൺലി ബീച്ചുകളിലൂടെ എത്രയോ തവണ തനിച്ച് യാത്ര ചെയ്തിരിക്കുന്നു. അന്ന് കടലും കരയും പരസ്പരം പുണരുന്ന യുവമിഥുനങ്ങളായേ തോന്നിയിരുന്നുള്ളു. എന്നാൽ ഇത്തവണ പരസ്പരം കടിച്ചുകീറാൻ നില്ക്കുന്ന ബദ്ധശത്രുക്കളേപ്പോലേ തോന്നീ . മനസിന്റെ അവസ്ഥകൾക്കനുസരിച്ച് സാഹചര്യങ്ങൾ,  എന്തിന് ബന്ധങ്ങൾപ്പോലും വ്യത്യസ്ഥമായ് തോന്നാം. കടലെന്നെ കാമുകിയെ പുണരാൻ വെമ്പുന്ന സൂര്യന്റെ പതിഞ്ഞ രശ്മികളിൽ തട്ടി ബാൽക്കനെയ്ൽ ബേയിലെ സ്വർണ്ണമണൽത്തരികൾ ചിതറിച്ചിരിക്കുന്നു.  സ്കോട്ട്ലന്റിന്റെ വടക്കുള്ള ഈ ബീച്ചിന്റെ ഓരം ചേർന്ന് വലിയ പുൽമൈതനങ്ങളാണ്, ലോകത്തിലെ തന്നെ ഇപ്രകാരമുള്ള ചുരുക്കം ബീച്ചുകളിലൊന്ന്.  തിരകൾക്കപ്പുറം നൂണ്ടിറക്കുന്ന വരുണൻ, നാണം കൊണ്ട്  കവിൾ ചുമന്ന കടൽ, അങ്ങനെ ചിന്തിക്കാനെ ഏകാന്തത മനസിനെ അനുവദിച്ചുളളു. അത് നോക്കി അല്പനേരം ഇരുന്നു. ചില സമയങ്ങളിൽ ഏകാന്തത മരണത്തേക്കാൾ ഭീതിജനകം ആണ് എന്ന് എനിക്ക് തോന്നി. ഫോട്ടോഗ്രഫേഴ്സിന്റെ പറുദീസ എന്നറിയപ്പെടുന്ന ബാൽക്കനെയ്ലിൽ തനിച്ചായിപ്പോയതിന്റെ നിരാശ അല്പമൊന്നുമല്ല !!! വിരളമായ് മാത്രം കരയിൽ വിശ്രമിക്കാറുള്ള സ്കോട്ടിഷ് സീഗൾ "കീറ്റിവെയ്ക്" അടുത്തുള്ള പാറ കെട്ടിൽ ഇരുന്ന് കൊക്കുരുമ്മി കളിക്കുന്നു: അവ വിരളമായ വിശ്രമത്തിന്റെ ഇടവേളകളിലേ നിമിഷങ്ങളിൽ ഒന്നുപോലും നഷ്ടമാകാതെ പരസ്പരം സ്നേഹിക്കുന്നു എന്ന് തോന്നിപ്പോയി. എന്റെ നോട്ടം അസഹ്യമായിട്ടായിരിക്കും അവ ദൂരേക്ക് ചിറകടിച്ചു പോയി. എന്റെ എകാന്തത എനിക്ക് മാത്രമല്ല പ്രകൃതിക്കും ശല്യമാകുന്നുണ്ടെന്ന് ഇന്നെനിക്ക് തോന്നുന്നു....... ഇനിയെത്ര നാൾ ഇങ്ങനെ തനിച്ച് യാത്ര ചെയ്യണം എന്നറിയില്ല. .......കഴിഞ്ഞ കുറേ ദിവസങ്ങൾ ജീവിതത്തിൽ നിന്ന് കൊഴിഞ്ഞ് പോകാതിരുന്നെങ്കിൽ...... !!!!

Wednesday, 29 July 2015

വൺ ഡേ

......... ന്യൂബാറ്റിൽ ടെറസിൽ ടാക്സി ഇറങ്ങി ഞങ്ങൾ അല്പം മുമ്പോട്ട് നടന്നു. ദൂരത്തു നിന്ന് തന്നെ അവൾ ഡൊമീനിയൻ സിനിമാ ഹാൾ കണിച്ചു തന്നു. അന്നുതന്നെ സിനിമ കാണണം എന്നുള്ളത്  മുൻകൂട്ടി തീരുമാനിച്ച ഒരു കാര്യം അല്ലാതിരുന്നതുകൊണ്ട് ശോഷിച്ചു തുടങ്ങിയ ക്യൂവിൽ പുറകിലായ് ഞാൻ സ്ഥാനം പിടിച്ചു. ഞങ്ങളെ ബോറടിപ്പിച്ചുകൊണ്ട്  കുറച്ച് നിമിഷങ്ങൾ കടന്നു പോയി. രണ്ട് ബാൽക്കണി ടിക്കറ്റുകൾ കൈവശപ്പെടുത്തി അകത്തേ ഹാളിലെ പിൻനിരയിൽ ഒരു ഭാഗത്ത് ഞങ്ങൾ ഇരുന്നു. അവളുടെ വലതുകരം ചേർത്ത് പിടിച്ച് ലോകപ്രശസ്ഥമായ ആ തിയേറ്ററിൽ ചിലവിട്ട നിമിഷങ്ങൾ ജീവിതത്തിൽ മറക്കാനാവാത്ത മറ്റൊരനുഭവം ആയിരുന്നു. എന്റെ തോളിൽ മുഖംചേർത്ത് അവൾ ചോദിച്ചു: "ഹൗ ഡൂയൂ ഫീൽ നൗ?" ചെറിയ ചിരിയോടെ ഞാൻ പറഞ്ഞു: "യാ, ഇറ്റ്സ് കൂൾ " . കഴിഞ്ഞ കുറേ ദിവസങ്ങളായി അവളുടെ വാശിയായിരുന്നു ഈ ഒരു നിമിഷം. അവളുടെ ആഗ്രഹങ്ങൾ നിരസിക്കുന്നതിൽ ഞാൻ പണ്ടേ പിശുക്കനായിരുന്നല്ലോ!!!
ഡേവിഡ് നിക്കോളാസിന്റെ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറായിരുന്ന "One Day" എന്ന നേവലിന്റെ ചലചിത്രാവിഷ്കാരമായിരുന്നു അന്നത്തെ സിനിമ . അന്ന് ഗ്ലാസ്കോ എജ്യക്കേഷൻ ഡയറക്ടർ ആയിരുന്ന ലോൺ ഷാർഫിഗ് ആണ് ആ സിനിമ നിർമ്മിച്ചത്. എന്തായാലും അന്നത്തെ സൂപ്പർ ഹിറ്റ് മൂവി ആയിരുന്നു "One Day " . താരജോഡികളായ "ആനീ ഹീത്തവെയും "  "ജീം സ്റ്റർഗസും" ബിഗ് സ്ക്രീനിൽ നിറഞ്ഞു നിന്നു;  അതിലെ കഥാപാത്രങ്ങളായ എമ്മെയും ഡെക്റ്ററും  കഥയിലെ പ്രണയജോഡികൾ എന്നതിലുപരിയായി ഞങ്ങൾത്തന്നെ ആണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ. പ്രേമവും, ഗൃഹാതുരത്വവും, സൗന്തര്യവും  ഒഴുകിയെത്തുന്ന,  ഗാസ്ക്കോയുടെ മുഴുവൻ ഭംഗിയും ആവാഹിച്ചെടുത്ത "വൺഡേയിൽ " സത്യത്തിൽ ജീവിച്ചത് ഞങ്ങളായിരുന്നില്ലേ? അതോ ഒരു കഥ  ......അനുഭവമായി ഞങ്ങളിൽ പുന:ർജനിക്കുകയായിരുന്നോ?

Tuesday, 28 July 2015

ബ്രോഡിസ് കോഫീ

.......പിറ്റ്ലോക്റിയിലേ ആത്തോൾ റോഡിന് ഓരം പറ്റിയിരുന്ന വിക്ടോറിയ കഫേയിലേ ഇളം മഞ്ഞവെട്ടത്തിൽ ആ ചെറിയ മേശയുടെ വശങ്ങളിൽ ഞങ്ങൾ  മുഖത്തോട് മുഖം നോക്കിയിരുന്നു. മഞ്ഞിൻ തട്ടമിടുന്ന ഏതോ ഏഷ്യൻ രാജ്യത്തിലെ  സിംഗിൽ എസ്‌റ്റേറ്റ് കോഫീ  പരമ്പരാഗത ഡ്രം റോസ്റ്റിൽ പാകപ്പെടുത്തി പ്രാചീന സുഗന്ധ കൂട്ടുകളിൽ മുക്കിയെടുത്ത  ബ്രോഡിസ് കോഫീ ആസ്വാദ്യകരമായിരിക്കുമെന്ന് ചില നാളുകൾക്ക് മുമ്പ് മസ്സിൽബറോയിൽ വച്ച് ഇയാൻ ഹന്നാ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ആ കപ്പുകൾ സാവധാനം സിപ്പു ചെയ്യുമ്പോഴും, പൗരാണിക ആവാസവ്യവസ്ഥ കൊണ്ട് പ്രസിദ്ധമായ അർക്കുഹർട്ട് കാസിലിന്റെ സുതാര്യതയിലെ തലേ രാത്രി മനസ്സിൽ തെളിഞ്ഞു നിന്നു. സ്കോട്ട്ലന്റിലെ പ്രസിദ്ധമായ ലോക്ക്നെസ്സ് ബീച്ചിലെ തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ തലോടിപ്പോയപ്പോൾ ആ മുഖത്ത് കണ്ട ശാലീനതയോളം വരില്ല  ഞാൻ കണ്ട സ്കോട്ട്ലന്റിന്റെ ഭംഗി .......ആകർക്ഷണവും.

Monday, 27 July 2015

പ്രണയം

കാമിഡറി പർവ്വതങ്ങളുടെ ചരിവിനെ ആലിംഗനം  ചെയ്തു കിടക്കുന്ന വിശാലമായ സ്കോട്ടിഷ് പൈൻമരങ്ങളുടെ ഉദ്ദ്യാനവും, അതിനോട് ചേർന്നുള്ള അപ്പർ ലേയ്ക്കും, യൂറോപ്യൻ ലാർച്ച് മരങ്ങൾ കൊണ്ട് പകിട്ടാർന്ന ഗ്ലൻഡ്ലഫ് പാർക്കും, ആ ശീതകാലത്ത് ,  ഞങ്ങളുടെ പ്രണയം കൊണ്ട് നിറഞ്ഞു നിന്നിരുന്നു. ദൂരെ മാറി, സാലി ഗ്യാപ്പ് കൊറോണേഷൻ പ്ലാൻറേഷനിൽ തവിടും മഞ്ഞയും കറുപ്പും നിറങ്ങൾ ഇഴപാകിയ കുപ്പായം ധരിച്ച ജറി കമ്മിൻസ് പക്ഷികൾ അന്നു പാടിയ ഈണം എങ്ങനെ മറക്കും? സ്കോട്ടിഷ്  മെർലിൻ കുരുവികളുടെ കുടിയേറ്റ സംസ്കാരവും കാറ്റിൽ ഇളകുന്ന പൈൻ മരങ്ങളിൽ അവയുടെ ചാഞ്ചാട്ടവും കണ്ടവർ എങ്ങനെ പ്രണയിക്കാതിരിക്കും? ഇന്നും അവിടം ഇങ്ങനെ തന്നെ ആയിരിക്കും അല്ലേ.....? മാറ്റം മനസുകൾക്കല്ലേ .....

Monday, 29 June 2015

വഴക്കാളി

When churning whirl strains..
Allure onto her bossom..
When Cunny Swamp pooh-poohs
A pair of hands ... yenning all the way
An yelling heart ...bawling on the ray
For you For you All the Days....

മഴ..... എന്റെ പ്രിയ മഴ.......


മഴയെ മനസ്സിലാക്കാൻ ഇന്നും എനിക്കാവുന്നില്ല, ഓരോ  ദിവസവും വെവ്വേറെ ഭാവങ്ങൾ .... താളം .... സ്വരം .... രൂപം..
ഇന്നലെ ശാന്തം ഇന്ന് ഭയാനകം നാളെ മറ്റൊന്ന്.
താണിറങ്ങുന്ന അവളുടെ നേർത്ത വെളളിനൂലിഴകൾ മണ്ണിൽ അലിയുമ്പോൾ,
നിറതുള്ളിയായ് ഇലകളെ ഇക്കിളി കൂട്ടുമ്പോൾ,
തണുത്ത നീഹാരമായ് ചിതറിത്തെറിക്കുമ്പോൾ,
കാറ്റിനെ കൂട്ടുപിടിച്ച് കുസൃതി കാണിക്കുമ്പേൾ....
ഇരുട്ടിൽ എന്നെത്തിരയാൻ വെള്ളി വെളിച്ചത്തിൽ വരുമ്പോർ ......
ഇടക്കെന്നെ തൊട്ടു വിളിക്കാൻ മുഴക്കം തൊടുക്കുമ്പേൾ ...

ഓരോ ദിനവും അവൾ സുന്ദരി .....

Monday, 20 April 2015

സ്നേഹം vs ഇഷ്ടം

പണ്ടൊക്കെ: I love him and  I like it ഇന്നാണേൽ: I like him and I love it......പുരോഗമനത്തോടൊപ്പം ആദർശ്ശങ്ങളും മാറി....സ്നേഹം ഇഷ്ടം ഇവയുടെ നിർവ്വചനങ്ങളും മാറി...വസ്തുക്കളെ സ്നേഹിക്കാൻ പഠിച്ചു ആളുകളെ ഇഷ്ടപ്പെടാനും തുടങ്ങി. പരസ്പരം ഉണ്ടായിരുന്ന സ്നേഹം ഇഷ്ടങ്ങളിൽ ഒതുങ്ങി.
But....
പക്ഷേ. ....
Love is eternal. ......like is temporary..... സ്നേഹം അനന്തമാണ്....ഇഷ്ടം കേവലം താല്കാലികമാണ്
Love is divine..........like is human.....സ്നേഹം ദൈവീകമാണ്......ഇഷ്ടം മാനുഷീകമാണ്
Love is unconditional. .....like  is conditional....സ്നേഹം യാതൊരു നിബന്ധനകളും അനുസരിച്ചല്ല.....ഇഷ്ടങ്ങളിൽ നിബന്ധനകളുണ്ട്
Love is spiritual. .....like is carnal....സ്നേഹം സാത്വീകമാണ് ആത്യാത്മീകമാണ്...ഇഷ്ടം കാമ-വികാരപരമാണ്....
Love is deep......like is peripheral...സ്നേഹം ആഴമേറിയതാണ്.....ഇഷ്ടം പുറന്തോടുകളിൽ കേന്ദ്രീകൃതമല്ലാ
Love is mandatory.......like is optional സ്നേഹം ആജ്ഞാകാരിയും നിർബന്ധവുമാണ്....ഇഷ്ടം ആളുകൾക്ക് തിരഞ്ഞെടുക്കാം വേണമെങ്കിൽ
Love is All......but now All is like....സ്നേഹം എല്ലാമാണ്....എന്നാൽ ഇന്ന് എല്ലാം ഇഷ്ടകേന്ദ്രീകൃതമാണ്

Monday, 13 April 2015

താലന്തുകൾ

മനശാസ്ത്രപരമായ ഒരു സമീപനത്തിലൂടെ ഞാൻ  ക്രിസ്തുവിന്റെ പഞ്ച‐ദ്വയ‐ഏക താലന്തുകളുടെ കഥാരൂപോപദേശത്തേ പഠിച്ചപ്പോൾ. ആ മൂന്നു വ്യക്തികളിൽ എനിക്ക്  കൂടുതൽ ഇഷ്ടപെട്ടത്‌ രണ്ടു താലന്തു ലഭിച്ചയാളെയാണ്. അതിനു എനിക്ക്        എന്റെതായ  വാദഗതികൾ ഉണ്ട്. യജമാൻറ പക്കൽ നിന്നും ഒന്നാർജിച്ചിട്ടതിൽ നിന്ന് സമാർജിക്കുവാൻ കഴിയാതെ പോയ ദാസനോട് ഏതോ ചില ആദർശ്ശങ്ങളുടെ പേരിൽ പ്രതിപത്തിയുള്ളവരുണ്ടെന്ന വസ്തുത മനസ്സിൽ ഇരിക്കെ തന്നെ, ഞാൻ കൂടുതൽ ഊന്നൽ കൊടുത്ത് വായിച്ചത് യജമാൻറ പക്കൽ നിന്നും രണ്ടു  താലന്തു കടപ്പെട്ട ആ ദാസന്റെ മനസ്സിലെ ചിന്തകളാണ്. കാരണം പറയാം. അതിനു മുമ്പായി പറയേണ്ടത്; സാധാരണ മനുഷ്യന്റെ കഴിവുകളെ കൃത്യമായി ഉപയോഗപെടുത്തുവാൻ കഴിയാതവണ്ണം തടസ്സമായി വരുവാൻ സാധ്യത ഉള്ള രണ്ടു കാര്യങ്ങളിൽ ഒന്ന് അപകർക്ഷതാബോധം( inferiority complex) മറ്റേതു  ഉപരിഭാവഭ്രമം( superiority complex) ആണ് . ഇത് രണ്ടും ലക്ഷ്യബോധത്തിൽ നിന്നും മനുഷ്യരെ അകറ്റുന്നു. ഇവിടെ ഒരു  താലന്തു  കിട്ടിയവന് ഉന്നതഭാവo ഉണ്ടാകേണ്ട കാര്യം ഇല്ല, കാരണം അവനാണ്  ഏറ്റവും കുറച്ചു കിട്ടിയത്, ഏതുകാരണം കൊണ്ടായിരുന്നാലും താൻ പരാജിതനാണ്, അദ്ദേഹത്തോട് യജമാനന് ഇല്ലാതായ ഇഷ്ടം എനിക്കും തൽക്കാലം വേണ്ട. എന്നാൽ അഞ്ചു താലന്തു കിട്ടിയവനെ നിയന്ത്രിക്കാൻ സാധ്യത ഉള്ളത് ഉന്നതഭാവം മാത്രമാണ് കാരണം. അവനാണ് ഇവിടെ ഏറ്റവും കൂടുതൽ കിട്ടിയത് .അവനെ അപകർക്ഷതാബോധം ഭരിക്കേണ്ട കാര്യവും ഇല്ല. അവനെ ഇഷ്ടപ്പെടുന്നതിൽ എല്ലാവരും മത്സരിക്കുന്നു. എന്നാൽ രണ്ടു കിട്ടിയവനെ ഇൗ രണ്ടു ചിന്തകളും ഭരിക്കാം, കാരണം അവനെക്കാൾ കുറവുള്ളവനെ നോക്കി, എനിക്ക് അവനേക്കാൽ കൂടുതൽ കിട്ടി എന്ന ഉന്നത ചിന്തയും, കൂടുതൽ കിട്ടിയവനെ നോക്കി അത്രയും എനിക്ക് കിട്ടിയില്ലല്ലോ എന്ന അപകർക്ഷതാബോധവും വരാം, എന്നാൽ ഈ രണ്ടു മാനസിക അവസ്ഥയ്ക്കും കീഴ്പ്പെടാതെ,  എനിക്ക് കിട്ടിയത് മതി എന്നാ സംതൃപ്തകരമായ അവസ്ഥയിൽ തന്നെത്തന്നെ നിയന്ത്രിച്ചു നിർത്തി വിജയാളിയായ ആ രണ്ടാമനെ ഞാൻ കൂടുതൽ ഇഷ്ടപെടുന്നതിൽ എന്താണപാകത. ഓരോരുത്തരും ഇതിനെ വ്യത്യസ്ത തലങ്ങളിൽ നിന്നുകൊണ്ട് വീക്ഷിക്കുന്നവരാണ്, അതാണ് "എനിക്കിഷ്ടം" എന്ന് ഞാൻ എടുത്തു പറഞ്ഞത്.

Sunday, 12 April 2015

ശ്രേഷ്ഠം

ശ്രേഷ്ഠമെന്ന് നാം കരുതുന്നത് പലതും അതിൽതന്നെ അവസാനിക്കുന്ന സമയത്താണ് അതിനേക്കാൾ മഹത്വരമായത് ദൈവം നമുക്ക് കാണിച്ചുതരുന്നത്, അതുതന്നെയാണ് യേശുക്രിസ്തുവിന്റെ കാനാവിലെ അടയാളം നമുക്ക് പറഞ്ഞുതരുന്ന കാര്യങ്ങളിൽ പ്രഥമം. അവിടെയാണ് ദൈവമഹത്വത്തിന് അവസരവും ഉണ്ടാകുന്നത്.

Tuesday, 31 March 2015

സംശയമാണ്

പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത  കാര്യങ്ങളെ  സംശയങ്ങളുടെ ആനുകൂല്യം വച്ച് ഇന്നതാണെന്ന്  സമർത്ഥിക്കുവാൻ ശ്രമിക്കുന്നത് വ്യാഖ്യാനശാസ്ത്രപ്രകാരം വളരെ തെറ്റായിട്ടുള്ള സമീപനം ആണ്. നൽകപ്പെട്ടിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവയെ നീരീക്ഷിക്കുവാനും യുക്തമായ സാദ്ധ്യതകളെ പുറത്തുകൊണ്ടുവരുവാനും മാത്രമാണ് വ്യഖ്യാതാവിന് സ്വാതന്ത്രം ഉള്ളത്. അങ്ങനെയാണെങ്കിൽ, എന്തടിസ്ഥാനത്തിലാണ് കാലാകാലങ്ങളായി ശമര്യക്കാരി സ്ത്രീയെ ഒരു വ്യഭിചാരിണിയായി ചിത്രീകരിക്കുന്നത്?  അല്ലാ, യഥാര്‍ത്ഥത്തിൽ അങ്ങനെയാണെങ്കിൽ അതിനെന്തെങ്കിലും തെളിവുകൾ നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ? ഈ ചിന്തകൾ ഒരു പഠിതാവ് എന്ന നിലയിലാണ് ഞാൻ ഇവിടെ ചേർക്കുന്നത്....

കൊക്കിനെയിഷ്ടമാണ്

അന്നും ഇന്നും വെളുത്ത നിറമുള്ള  കെക്കുകളെ എനിക്കിഷ്ടമാണ്. പണ്ട് പതിവായി വീടിന്റെ പരിസരത്ത് വന്നിരുന്ന ഒരു കൊക്കിനെ പിടിച്ചു വളർത്താൻ ആഗ്രഹിച്ചിരുന്നു. ഇത് മനസ്സിലായിട്ടാണോ എന്നറിയില്ല അത് പിന്നേ പരിസരത്തേക്ക് വരാതെയായി, ഇടക്ക് ഒന്നു വന്നു. അടുത്ത് ചെന്നപ്പേഴേക്കും അത് ചിറകടിച്ച് ദൂരത്തേക്ക് പറന്നുപോയി. പോകുന്ന പോക്കിൽ ഇങ്ങനേംകൂടി പറഞ്ഞപേലെ തേന്നി: "കൊക്കെത്ര കുളം കണ്ടതാ". പിന്നെ ആ കൊക്ക് തിരികെ വന്നിട്ടില്ല. വളർത്താൻ പറ്റിയില്ല, എന്നാലും ഇന്നും കൊക്കുകളെ എനിക്കിഷ്ടമാണ്.

വാർദ്ധക്യം

മഞ്ഞിൻ തട്ടമിടുന്ന പച്ചപ്പിൻ താഴ്വരകളുടെ ഈണമല്ലേ നാം കേട്ടിട്ടുള്ളു, ഉന്നതികളിൽ നിന്നും സമൃദ്ധിയിലേക്കൊഴുകുന്ന നീർച്ചാലുകളുടെ ആലിംഗനം, കണ്ണഞ്ചിപ്പിക്കുന്ന മലനിരകളുടെ സംഗീതവും; അത് ശ്രുതിമധുരമാണ്. ഇളംകാറ്റിന്റെ താളത്തിൽ മതിമറന്നാടിക്കളിക്കുന്ന കുഞ്ഞരിപ്പുവുകളുടെ കുണുങ്ങിച്ചിരികൾ മാത്രം കാല്പനീക കവികൾ തേടി നടക്കുന്നു. വേദനകളുടെ  യഥാര്‍ത്ഥ്യങ്ങൾ വീർപ്പുമുട്ടുന്ന ഇരുൾ മുറികളിലേയ്ക്കുള്ള ഇടനാഴികള്‍ മറയ്ക്കാൻ അവരിട്ട - കണ്ണഞ്ചിപ്പിക്കുന്ന ചിത്രയവനിക മെല്ലെയൊന്നു വകഞ്ഞുനോക്കൂ, അവിടെ കാണാം: പുൽകൊടികൾ തളിരിടാൻ മടിക്കുന്ന വൈധവ്യത്തിന്റെ ശാപം പേറുന്ന ലഘുഗിരികളുടെ ജീവിത വിലാപം, കഠിന താപത്തിൽ ഉരുകിയമരുന്ന പാറകെട്ടുകളുടെ പതിഞ്ഞ ഉഷ്ണഗാനം, ആരും സ്നേഹിച്ചിട്ടില്ലാത്ത ശവംനാറി പൂക്കളുടെ ത്രസിപ്പിക്കുന്ന ഗന്ധം, വേരറ്റുപോയ പടുവൃക്ഷങ്ങളുടെ വിറയാർന്ന മർമ്മരം, വരണ്ട മണൽക്കാടിൽ നിന്നുള്ള വിയർപ്പിന്റെ സുഗന്ധം. ഇന്നിനെ ഇവിടംവരെ ഉരുട്ടിയെത്തിച്ച തഴമ്പിച്ച കൈകളുടെ വിറയൽ തീരുന്നില്ല.........

ബാല്യം

Monday, 30 March 2015

നുണ

വാശിപിടിക്കുന്ന കുഞ്ഞിനോട് മോൻ മാമുണ്ടോ, ഇല്ലേൽ പാക്കാൻ വരും, വേഗം ഉറങ്ങിക്കൊ ഇല്ലേൽ  ഉമ്പായി വരും, കരഞ്ഞാൽ പട്ടാളംവരും എന്നൊക്കെ  മാതാപിതാക്കൾ പറയാറുണ്ട്. ലക്ഷ്യങ്ങൾ തല്ക്കാലികം ആയിരിക്കാം, എന്നാൽ അവയൊക്കേ തള്ളിക്കളയാവുന്ന  നിസാരമായ  നുണകള്‍  അല്ല ; നേരേ മറിച്ച്, അസത്യം പറയാൻ തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് പകർന്നു കിട്ടിയ കഴിവിനെ അവരറിയാതെതന്നേ വീണ്ടും മറ്റൊരു തലമുറയിലേയ്ക്ക് കൂടി  വിദഗ്ധമായി   കുത്തിവയ്ക്കുകയാണ്. വലിയ കള്ളങ്ങള്‍  ചെയ്യാനുളള  ആദ്യത്തെ പരിശീലനം............ഒരു വ്യക്തിയുടെ ഭൂമിയിലേ ആദ്യ പാഠശാല ഭവനം തന്നേ......ഗുരുക്കന്മാർ മാതാപിതാക്കളും.

ആത്മീയൻ

എന്താണ് ആത്മീയത എന്നതായിരുന്നു ഇന്നലെകളുടെ ചോദ്യം, അതിന് 'ആത്മീയമൊത്തവ്യാപാരികൾ' ആവോളം വായിട്ടടിച്ചു, കേട്ടവർ കേട്ടവർ കോരിത്തരിച്ചു, അവസാനം അതും ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി. പറഞ്ഞവർക്കും കേട്ടവർക്കും അത് പിന്നീട് ശീലമായി, അവജ്ഞയായി, വിദ്യാഭ്യസമോ മൂലധനമോ വേണ്ടാത്ത വൃപാരമായി പച്ചപിടിച്ചു. ആടയും, മേടയും, സുഖശകടങ്ങളും, "അ-യൂ-ഗ" രാജ്യങ്ങളും അത് വെച്ചുനീട്ടി.  ഇന്നിപ്പോൾ കോർപ്പറേറ്റ്, സെൻ'സെക്സ്'.....!!! സൃഷ്ടിച്ച ദൈവത്തോടുള്ള സൃഷ്ടിയുടെ ക്രിയാത്മക-സകരാത്മകപ്രതികരണമെന്ന ഒരർത്ഥത്തെ വലിച്ചുനീട്ടി മടിശീലയും മനസ്സും നിറച്ചവർക്കുള്ള പ്രതികാരവുമായി "നാളെകൾ" വരുന്നു,  ഉത്തരം  കൊടുക്കാൻ കഴിയാത്ത ഒരുശിരൻ ചോദ്യവുമായി: "ആരാണ് ആത്മീയൻ?" ........നേടിയതെന്തങ്കിലും നഷ്ടമാകാതിരുന്നാൽ ആശ്വസിക്കാമെന്നേയുള്ളു.

നഷ്ടകല

മഴതന്ന മണ്ണിലുമിടവഴിയിലെ ചുമരിലും,
ഞാൻ കോറിയിട്ട വരികൾ...നാമുതിർത്ത നിശ്വാസങ്ങൾ...
അവർ തുല്ലീകരിച്ച ചൂർണ്ണികകൾ,
മടക്കമില്ലെന്നറിയാമെങ്കിലും അതായിരുന്നു
ഇന്നിന്റെ കവിതകൾ........

പാദചിഹ്നം

പിന്ചുവടുകളൊരുപാട് കാതം പിന്നിടുമ്പോളും,
പാദചിഹ്നം ഇന്നും പഴയതുതന്നെ.....

മഴ

ഇന്നാണറിയുന്നത് ഏതു മഴയ്ക്കുമൊരതിരുണ്ടെന്ന്....
അപ്പുറത്തെതൊടിയില്‍ മഴപെയ്തുകഴിഞ്ഞ് മരവും പെയ്യുന്നു.
ചെമ്പരത്തിവേലിക്കിപ്പുറം പുൽക്കൊടി ദാഹിച്ചും തന്നെ...

ബാല്യം

കടിഞ്ഞാണില്ലാത്ത ചിന്താശ്വത്തിന് കോപ്പിട്ടു,
മധ്യപൗരസ്ത്യത്തിൽ നിന്നും യാത്ര തുടങ്ങി.
അബ്ധിവ്യാപ്തിക്കപ്പുറം പൂർവ്വത്തിലെത്തി
അവിടെയാണ് സപ്തവർണ്ണനയനജലമിശ്രിത-
ബാല്യത്തിൻ വെണ്ണീർ ഒളിപ്പിച്ചുവച്ച
ചുടലപ്പറമ്പ്.

പ്രകൃതി, സംസ്കാരം, ദൈവം

പ്രകൃതിയിലേയ്ക്കുളള മനുഷ്യന്റെ കടന്നുകയറ്റത്തെ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്നത് ദൈവത്തേക്കുറിച്ചുളള ചിന്തകളായിരുന്നു. ആ ചിന്തകൾ  ജീവിതശൈലിയായി, പിന്നീട് സംസ്കാരങ്ങളുടെ ഭാഗമായി. ഓരോരോ കാലഘട്ടങ്ങൾ ജനിപ്പിച്ച  മതങ്ങൾ പിന്നീട് സംസ്കാരങ്ങളെ കൂട്ടുപിടിച്ചു. സംസ്കാരവും മതവും ഒന്നല്ലാ എന്നുളള തിരിച്ചറിവ് നഷ്ടപ്പെടുമ്പോൾ ആണ് സാമൂഹിക വ്യവസ്ഥിതികൾക്ക് കോട്ടം സംഭവിക്കുന്നത്.......ഇന്ന് ദൈവീകചിന്തയും നല്ല സംസ്കാരങ്ങളും മതങ്ങൾക്ക് പിന്നിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു, മറുഭാഗത്ത് പ്രകൃതിയും...........(വാൽകഷണം: നിരീശ്വരവാദമാണ് സാഹിത്യത്തിന്റെ ആക്കം എന്നത് ബാലിശം തന്നെ)

ഒൻപതാം ക്ലാസ്സ്

ഏകദേശം ഒരു നൂറ് മൈൽ വേഗത, എന്നെ കൂടാതെ  രണ്ട് യാത്രക്കാരും ഉണ്ട്. ഒമാനി ഡ്രൈവർ ടാക്സി വളരെ കൃത്യതയോടാണ് ചലിപ്പിക്കുന്നത്. മണലാരണ്യമല്ലെങ്കിലും അതിനോടു സമാനമായ മെട്ടക്കുന്നുകൾ; അവ കാറിനേക്കാൾ വേഗത്തിൽ പുറകിലോട്ട് കുതിക്കുന്നു. വളരെ പതിഞ്ഞ ശബ്ദത്തിൽ സ്റ്റീരിയോയിൽ നിന്നും പശ്ചാത്തലസംഗീതം ഒഴകിവരുന്നു, ഷാബീർ കുമാര്‍ ആലപിച്ച ..........മുജേ പീനേ കാ ഷോക്ക് നഹീ....പീത്താ ഹൂൻ ഗം ബുലാനേ കോ.....എന്ന  വളരെ പഴയ ഒരു ഹിന്ദി ഗാനമാണ്  പാടികൊണ്ടിക്കുന്നത്, വളരെ പഴയതെന്ന് പറയാന്‍ പറ്റില്ല!  പാട്ടും ഞാനും ഒരേ വർഷത്തിലാണ് ജനിച്ചത്, ചിത്രത്തിൻറെ പേരും എൻറെ ജോലിയും തമ്മിൽ വളരെ പൊരുത്തവും;  ആകെ ഒരു ഗൃഹാതുരത്വം.  അതിനേക്കാൾ ആശ്ചര്യം തോന്നിയത് ഹിന്ദിഭാഷയെ ഇഷ്ടപ്പെടുന്നവർ ലോകത്തിൽ എല്ലായിടത്തും ഉണ്ടല്ലോ എന്നോർത്തപ്പോഴാണ്.  എന്നിട്ടും എന്താണ് ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ആളുകളും ഈ ദേശീയഭാഷയോട് അല്പമല്ലാത്ത   വിരസത ഇന്നും കാണിക്കുന്നത്? ചിലപ്പോൾ അവരുടെ ഭാഷകൾ തുടക്കത്തിലെ സാരൂപ്യം പ്രാപിച്ചതിനാൽ ആയിരിക്കാം.  ഈ അടുത്ത കാലം വരെ എനിക്കും  ഉണ്ടായിരുന്നു ഹിന്ദിയോട് ഒരകൽച്ച. അതിന് എനിക്ക് എൻറെതായ കാരണം ഉണ്ട്. എന്നെ ഇന്നും പുറകോട്ട് വലിക്കുന്ന ഒന്ന്..............
ചിന്തകൾ ശരവേഗത്തിൽ ഭൂതകാലത്തിലേക്കുളിയിട്ട് പതിനാറു വര്‍ഷങ്ങൾക്ക് പിന്നിൽ തറച്ചുനിന്നു. അന്ന് ഈയുള്ളവൻ ഒൻപതാം തരത്തിൽ, രൂപഭാവങ്ങളിൽ അല്പം കരി-ഘോരതയുള്ള ക്ലാസ്സ് ടീച്ചർ, വിഷയം ഹിന്ദി തന്നെ. പതിവുപോലെ ക്ലാസ്സ് ആരംഭിച്ചു, വർഷാവസാനമായതിനാൽ  പ്രസാധകരാരെന്നറിയാത്ത , എന്തിന് ആദ്യാവസാനമില്ലാത്ത പാഠപുസ്തകം മലക്കെത്തുറന്നുവച്ച് ഇരിപ്പ് തുടങ്ങി. ഞാൻ ശുദ്ധ മലയാളഭുക്ക് ആയിരുന്നതിനാൽ  ഹിന്ദിയിലെ ഒരു വാക്കും ദഹിക്കുന്നില്ല.  പതിവുപേലെ സ്റ്റിക്കിൻറെ പേനയുമായി വിദ്യാഭ്യാസവകുപ്പ് വിട്ട്പേയ കലാ-ശാസ്ത്ര വിവരങ്ങള്‍  കുത്തുവിട്ട ചട്ടകളിൽ കുത്തിക്കുറിക്കാൻ ആരംഭിച്ചു. പെട്ടെന്ന് ടീച്ചര്‍ ആറ് എന്നതുമായി ബന്ധപെട്ട്  "ചക്കാ" എന്ന വാക്ക്  ഉച്ഛരിച്ചു, കേട്ടപടി കേൾക്കാത്തപടി ഞാനുൾപ്പെട്ട ആൺവർഗ്ഗം ഒരു കൂട്ടച്ചിരി, കൂടെ ചില പെൺതരികളും. കാരണം ആ പറഞ്ഞ വാക്ക് ടിച്ചറുടെ ഇരട്ടേപര് ആയിരുന്നു. കാര്യം പിടികിട്ടിയ പുള്ളിക്കാരി മേശമേൽ പളളിയുറങ്ങിയിരുന്ന വടിയെടുത്ത് മുൻപിലെ ഡെസ്കിൽ ആഞ്ഞടിച്ചു. ചിരി പിടിച്ചുകെട്ടിയപോ ലെ നിന്നു, ചിലർ ബാക്കി വന്ന ചിരി കൈയ്യിലൊളിപ്പിച്ചു. പിന്നെ അടക്കം പറച്ചിലുകളുടെ ഊഴം. ഏത് വിപ്ളവങ്ങളിലും ഉണ്ടാവണമല്ലോ ഒരു രക്തസാക്ഷി, ആ അപ്രതീക്ഷിത ചിരിയെ അടക്കാൻ പാടുപ്പെട്ട ഞാന്‍  തന്നെ അവിടെ ക്രൂശിക്കപ്പെട്ടു. പിന്നെ ശിക്ഷാമുറകൾ: ആദ്യം അടി, പുറകെ ചോദ്യം, അതായിരുന്നു ശിക്ഷയുടെ  അന്നത്തെ ഒരു മോഡസ് ഓപ്റാണ്ടി.  അവസാനം പരസ്യമായി ഒരു നിന്ദയും???? ഇത്രയും വർഷങ്ങൾ പിന്നിടുമ്പോഴും കണ്ണു നനയിക്കുന്ന ഒരു പരിഹാസം, മറക്കാനാവാത്ത ഒരു വേദന, അത്  ഞാൻ പിന്നീട് ഒരു പോസ്റ്റിൽ പറയാം. അന്നു വെറുത്തു ആ വ്യക്തിയെ കൂടെ തന്റെ ഭാഷയേയും. പിന്നീട് ഉത്തരേന്ത്യയിൽ ചെന്നപ്പോൾ ജീവിക്കാൻ വേണ്ടിയാണ് ഞാന്‍  ഹിന്ദിഭാഷയെ  സ്നേഹിച്ചു തുടങ്ങിയത്. ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നു. ടാക്സി പെട്ടെന്ന് ചവിട്ടി നിർത്തി; കൂടെ എന്റെ ചിന്തയും.....ഇറങ്ങാനുള്ള സ്ഥലം എത്തി, പിന്നെ കാണാം......പറയാനുണ്ട്.

അരുതെന്ന് പറയാൻ..........

ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യ ഒരു പരാജയം മാത്രമല്ല! നമുക്ക് മുന്നിൽ വലിച്ചെറിയുന്ന ഒരുപിടി ചോദ്യങ്ങൾ കൂടിയാണ്. ജീവിതം അവസാനിപ്...